വാക്കിങ് ന്യൂമോണിയ അറിയേണ്ടതെല്ലാം
മറ്റു ന്യൂമോണിയകളെ അപേക്ഷിച്ച് ഇതിന് ലക്ഷണങ്ങൾ കുറവായിരിക്കും


ആശങ്ക തീർത്തും ആവശ്യമില്ലാത്ത എന്നാൽ ജാഗ്രത അത്യാവശ്യമായ ഒരു ശ്വാസകോശ രോഗമാണ് വാക്കിങ് ന്യൂമോണിയ എന്നത്. കുട്ടികളിലും മുതിർന്നവരിലും ശ്വാസനാളങ്ങളിലൂടെ പകരുന്ന മൈക്കോ പ്ലാസ്മ എന്ന ബാക്ടീരിയയാണ് ഈ രോഗം പടരാൻ കാരണമാകുന്നത്. ഈ രോഗാണു ശ്വാസകോശങ്ങളിൽ നീർക്കെട്ട് ഉണ്ടാക്കുന്ന അവസ്ഥയെയാണ് നമ്മൾ വാക്കിങ് ന്യൂമോണിയ എന്ന പേരിലും, ശാസ്ത്രലോകത്ത് മൈക്കോ പ്ലാസ്മ ന്യൂമോണിയ എന്ന പേരിലും വിളിക്കുന്നത്.
രോഗത്തിന്റെ പേര് തന്നെ രോഗലക്ഷണങ്ങൾക്ക് ഒത്ത വിധത്തിൽ രേഖപ്പെടുത്തിയ ഒന്നാണ്. മറ്റു ന്യൂമോണിയകളെ അപേക്ഷിച്ച് ഇതിന് ലക്ഷണങ്ങൾ പൊതുവേ കുറവായിരിക്കും. അതുകൊണ്ട് ആളുകൾക്ക് നടക്കാനും അവരുടേതായ ജോലികൾ ചെയ്യാനും കഴിയും. അതുകൊണ്ടാണ് ഇതിനെ വാക്കിങ് ന്യുമോണിയ എന്നു വിളിക്കുന്നത്. സാധാരണ ന്യൂമോണിയ ബാധിതരിൽ കണ്ടുവരുന്ന കടുത്ത പനി, ക്ഷീണം, ഭക്ഷണത്തിനോടുള്ള വെറുപ്പ്, കടുത്ത ചുമ, നെഞ്ചുവേദന എന്നിവ വാക്കിങ് ന്യൂമോണിയ രോഗികളിൽ താരതമ്യേന കുറവായിരിക്കും. മറിച്ച് ചെറിയൊരു ക്ഷീണം, വിട്ടുമാറാത്ത ഉൾപ്പനി, വായകയ്പ്പ്, ചെറിയ തലക്കനം അഥവാ തലവേദന, മൂക്കൊലിപ്പ്, കുത്തി കുത്തിയുള്ള വരണ്ട ചുമ എന്നിവയാണ് ലക്ഷണങ്ങളായി പ്രകടമാകാറുളളത്. ചികിത്സകൾക്ക് ശേഷം ഇവ കുറയാതെ വരികയാണെങ്കിൽ വിദഗ്ധ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.ഇത് കുട്ടികളിലാണ് കൂടുതൽ കാണപ്പെടുന്നത്. സാധാരണ ന്യുമോണിയയിൽ നിന്നും വ്യത്യസ്തമായി, വലിയ പ്രശ്നമില്ലാതെ കുഞ്ഞുങ്ങൾ സ്കൂളിൽ പോകുകയും ദിനചര്യകളിൽ വ്യാപൃതരാവുകയും ചെയ്യും. ഇതിനാൽ തന്നെ ഈ രോഗം ആദ്യഘട്ടത്തിൽ തിരിച്ചറിയപ്പെടാതെ പോവുകയും, രോഗം മൂർച്ഛിച്ചതിനു ശേഷം മാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്യാൻ സാധ്യത ഏറെയാണ്.
* വാക്കിങ് ന്യൂമോണിയ രോഗനിർണയം
ഫലപ്രദമായ ചികിത്സയ്ക്ക് ഈ രോഗത്തിന്റെ നിർണയം ഏറെ അത്യാവശ്യമായ ഒന്നാണ്. സമഗ്രമായ ശാരീരിക പരിശോധന, രക്ത പരിശോധന, എക്സറെ, രക്തത്തിൽ മൈകോ പ്ലാസ്മ ആന്റി ബോഡിയുടെ സാന്നിധ്യം എന്നിവ ഒരു വിദഗ്ദോപദേശത്തിലൂടെ അപഗ്രഥിക്കുകയും, അത്യാവശ്യമെങ്കിൽ ബ്രോങ്കോസ്കോപ്പി പോലുള്ള ടെസ്റ്റുകളുടെ സഹായത്തോടെ കഫം വലിച്ചെടുത്ത് പരിശോധിക്കുകയും ചെയ്യേണ്ടി വന്നേക്കാം.
* വാക്കിങ് ന്യുമോണിയ ചികിത്സയുണ്ടോ?
വാക്കിങ് ന്യൂമോണിയ ഒരു ബാക്ടീരിയ കാരണം ഉണ്ടാകുന്ന രോഗമായതിനാൽ തന്നെ ഫലപ്രദമായ ചികിത്സ ഉണ്ടെന്നത് ഏറെ ആശ്വാസകരമായ ഒന്നാണ്. അസിത്രോമൈസിൻ, ഡോക്സിസൈക്ലിൻ, എറിത്രോമൈസിൻ പോലുളള ആന്റിബയോട്ടിക്കുകൾ കൃത്യമായ ഡോസിൽ, നിശ്ചിത കാലാവധിക്ക് കുഞ്ഞുങ്ങൾക്ക് നൽകുന്നത് വഴി രോഗത്തെ പൂർണമായും ചികിത്സിച്ച് ഭേദപ്പെടുത്താം.
•വാക്കിങ് ന്യൂമോണിയ - പ്രതിരോധം
വാക്കിങ് ന്യൂമോണിയക്ക് പ്രതിരോധ കുത്തിവെപ്പുകൾ ഇല്ല എന്നത് ഒരു സത്യാവസ്ഥയാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ കുഞ്ഞുങ്ങളെ ടെസ്റ്റുകൾക്ക് വിധേയരാക്കുകയും, വിദഗ്ധാഭിപ്രായം തേടേണ്ടതും ഈ രോഗത്തെ ചികിത്സിച്ച് ഭേദപ്പെടുത്തുന്നതിനും സമൂഹത്തിൽ പടർന്നു പിടിക്കാതിരിക്കാനും ഏറെ പ്രധാനമാണ്.
വിവരങ്ങൾ : ഡോ. ബേബി ജോൺ, സീനിയർ കൺസൾട്ടൻ്റ് & ഹോട്, പീഡിയാട്രിക്സ് ഡിപ്പാർട്ട്മെൻ്റ്, രാജഗിരി ഹോസ്പിറ്റൽ ആലുവ