ചില്ലറക്കാരനല്ല ഫ്ളാക് സീഡ്; മുടി കരുത്തോടെ വളരാന്‍ ഇങ്ങനെ ഉപയോഗിച്ചാല്‍ മതി
മുടിയുടെ വേര് മുതൽ അറ്റം വരെ പോഷിപ്പിക്കുന്ന ആന്റിഓക്സിഡന്റുകളുടെ കലവറയാണ് ഫ്‌ളാക്‌സ് സീഡ്


നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് ഫ്ളാക് സീഡ് അഥവാ ചണവിത്ത്. ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, മുടിയുടെ വേര് മുതൽ അറ്റം വരെ പോഷിപ്പിക്കുന്ന ആന്റിഓക്സിഡന്റുകൾ എന്നിവയുടെ കലവറയാണ് ഫ്‌ളാക്‌സ് സീഡ്. പ്രകൃതിദത്ത ഫൈബർ ധാരാളമായി അടങ്ങിയ ചണവിത്ത് ശരീരഭാരം കുറയ്ക്കാനും മികച്ചവയാണ്. മുടിയുടെ ആരോഗ്യകരമായ വളർച്ചക്ക് ഏറ്റവും ഫലപ്രദമായ പ്രകൃതിദത്ത മാർഗം കൂടിയാണിത്. ചണവിത്ത് ഈ രീതിയിൽ ഉപയോഗിച്ചു നോക്കൂ..
ഫ്‌ളാക്‌സ് സീഡ് ഹെയർ ജെൽ
ഫ്‌ളാക്‌സ് സീഡുകൾ നന്നായി കഴുകി വെള്ളത്തിലിട്ട് തിളപ്പിച്ചെടുക്കുക. തണുത്തതിന് ശേഷം ഇവ അരിച്ചെടുത്ത് ഒരു കുപ്പിയിലാക്കി സൂക്ഷിക്കാം. കുളിക്കുന്നതിന് അരമണിക്കൂർ മുമ്പ് ഇവ തലയോട്ടിയിലും മുടിയിഴയിലും പുരട്ടാം. ഇങ്ങനെ ചെയ്യുന്നത് വഴി മുടിയുടെ വളർച്ച വർധിപ്പിക്കുകയും മുടികൊഴിച്ചിൽ കുറക്കാനും സഹായിക്കും.

ഓയിൽ മസാജ്
ഫ്‌ളാക്‌സ് സീഡ് ഓയിൽ കൊണ്ട് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് മുടിയുടെ വേരുകളെ ആഴത്തിൽ പോഷിപ്പിക്കുന്നതിനും മുടി പൊട്ടുന്നത് കുറയ്ക്കുന്നതിനും സഹായിക്കും. ഓയിൽ രാത്രി മുഴുവനോ അല്ലെങ്കിൽ ഒന്നോ രണ്ടോ മണിക്കൂറോ തലയോട്ടിയിൽ മസാജ് ചെയ്തതിന് ശേഷം വീര്യം കുറഞ്ഞ നേരിയ ഷാംപൂ ഉപയോഗിച്ച് കഴുകാം.
ഫ്‌ളാക്‌സ് സീഡ് വെള്ളം
ഫ്‌ളാക്‌സ് സീഡ് രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വെക്കുക.രാവിലെ ഇത് അരിച്ചെടുത്ത് മാറ്റിവെക്കുക. ഷാംപൂവിട്ട് കുളിച്ചതിന് ശേഷം അവസാനമായി ഈ വെള്ളം ഉപയോഗിച്ച് മുടി കഴുകാം.ഇങ്ങനെ ചെയ്യുന്നത് വഴി മുടിക്ക് തിളക്കവും ശക്തിയും ലഭിക്കാൻ ഇതുവഴി സാധിക്കുന്നു.
ഹെയർ മാസ്‌ക്
പൊടിച്ചെടുത്ത ഫ്‌ളാക്‌സ് സീഡ് തൈരോ കറ്റാർവാഴ ജെല്ലോ ചേർത്ത് മിക്‌സ് ചെയ്യുക.ഇത് മുടിയിൽ തേച്ച് പിടിപ്പിക്കാം. ആഴ്ചയിലൊരിക്കലെങ്കിലും ഈ മാസ്‌ക് ഉപയോഗിക്കുകയാണെങ്കിൽ മുടി കണ്ടീഷൻ ചെയ്യാനും, വരൾച്ച തടയാനും, താരൻ കുറക്കാനും ഇത് സഹായിക്കും.
ഹെയർ സെറം
ഫ്‌ളാക്‌സ് സീഡ് ഓയിലിൽ ഒന്നോ രണ്ടോ തുള്ളി റോസ്‌മേരി ഓയിലോ ലാവെൻഡർ ഓയിലോ ചേർക്കുക. ഇവ മുടിയിൽ പുരട്ടുന്നതും നല്ലതാണ്. കൂടാതെ ഫ്‌ളാക്‌സ് സീഡ് ജെൽ വെള്ളവും കുറച്ച് തുള്ളി ലാവണ്ടർ ഓയിലും ചേർത്ത് സ്‌പ്രേ ഉണ്ടാക്കുക. ഇത് നനഞ്ഞ മുടിയിൽ സ്പ്രേ ചെയ്യുന്നത് മുടി പൊട്ടിപ്പോകുന്നത് തടയാൻ സഹായിക്കും.
ഫ്‌ളാക്‌സ് സീഡ് സ്മൂത്തി
പഴങ്ങൾക്കും പച്ചക്കറികൾക്കും ഒപ്പം ഫ്‌ളാക്‌സ്് സീഡ് സ്മൂത്തിയാക്കി കുടിക്കാം .ഒമേഗ-3, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ ഈ സ്മൂത്തി മുടിയുടെ വളർച്ചക്ക് ഉള്ളിൽ നിന്നും സഹായിക്കുന്നു.