20,000 ക്വിന്റൽ നെല്ല് കാണാതായ സംഭവം; ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു
നെല്ല് സംഭരണ ഏജൻസിയുടെ ജില്ലാ മാനേജരെയും ആറ് പർച്ചേസ് സെന്റർ ഭാരവാഹികളെയുമാണ് സസ്‌പെൻഡ് ചെയ്തത്
ലഖനൗ: 20,000 ക്വിന്റൽ നെല്ല് കാണാതായ സംഭവത്തിൽ ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ഡിയോറിയയിലാണ് സംഭവം. നെല്ല് സംഭരണ ഏജൻസിയായ യുപിഎസ്എസ് ജില്ലാ മാനേജരെയും ആറ് പർച്ചേസ് സെന്റർ ഭാരവാഹികളെയുമാണ് സസ്‌പെൻഡ് ചെയ്തത്.
ഡിഎം നടത്തിയ ഓൺലൈൻ അവലോകനത്തിന് ശേഷമാണ് തട്ടിപ്പ് പുറത്തായത്. ഒരു പർച്ചേസ് സെന്ററിലെ നെല്ല് സ്റ്റോക്കിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് 54 പർച്ചേസ് സെന്ററുകൾ പരിശോധന നടത്തുകയായിരുന്നു. അന്വേഷണത്തിൽ 16,000 ക്വിന്റൽ നെല്ല് നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടർന്ന് നാല് പർച്ചേസ് സെന്റർ ഭാരവാഹികൾക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ ലക്നൗവിൽ നിന്നുള്ള ഫുഡ് ആൻഡ് ലോജിസ്റ്റിക്സ് വകുപ്പും അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ടിനെയും തുടർന്നാണ് നടപടിയെടുത്തത്.
ജില്ലയിലെ വിവിധ പർച്ചേസ് സെന്ററുകളിലെ സ്റ്റോക്ക് സംഘം പരിശോധിച്ചപ്പോൾ വൻ തട്ടിപ്പാണ് പുറത്തായത്. ആറ് പർച്ചേസ് സെന്ററുകളിലെ സ്റ്റോക്ക് വെരിഫിക്കേഷനിൽ 20,000 ക്വിന്റൽ നെല്ലാണ് കാണാതായത്. തുടർന്നാണ് സസ്പെൻഡ് ചെയ്യാൻ സർക്കാർ ഉത്തരവിട്ടത്.