പത്താം ക്ലാസില്‍ തോറ്റാല്‍ വീട്ടില്‍ നിന്നും പുറത്താക്കുമെന്ന് ഭയന്ന് മകന്‍ പിതാവിനെ വെട്ടിക്കൊന്നു
മധ്യപ്രദേശ്, ഗുണ ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്
മധ്യപ്രദേശ്: പത്താം ക്ലാസില്‍ പരാജയപ്പെട്ടാല്‍ വീട്ടില്‍ നിന്നും തന്നെ പുറത്താക്കുമെന്ന് പേടിച്ച് മകന്‍ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി. മധ്യപ്രദേശ്, ഗുണ ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട് കുടുംബവുമായി നല്ല ബന്ധത്തിലല്ലാത്ത അയൽവാസിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച കുട്ടിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ഏപ്രില്‍ 2ന് അര്‍ധരാത്രി ഉറങ്ങിക്കിടക്കുകയായിരുന്നു പിതാവിനെ മകന്‍ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കുറ്റം മറ്റൊരാളുടെ തലയില്‍ കെട്ടിവയ്ക്കാനാണ് വിദ്യാര്‍ഥി ശ്രിമിച്ചത്. സംഭവത്തിന് ശേഷം തന്‍റെ അയൽക്കാരനും കൂട്ടാളിയും സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നത് കണ്ടതായി മകൻ നല്‍കിയ പരാതിയിൽ പറഞ്ഞിരുന്നു. പരാതിയെ തുടർന്ന് അയൽവാസിയെ പിടികൂടി ചോദ്യം ചെയ്തു. എന്നാല്‍ ഫോറൻസിക് പരിശോധനയിൽ ആരോപണം തെറ്റാണെന്ന് തെളിഞ്ഞതായി പൊലീസ് സൂപ്രണ്ട് രാജീവ് മിശ്ര പറഞ്ഞു. പിന്നീട് കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ പിതാവിനെ കൊലപ്പെടുത്തിയതായി സമ്മതിച്ചു.
പഠിക്കാത്തതിന് പിതാവ് തന്നെ ശകാരിക്കുമായിരുന്നുവെന്നും പത്താം ക്ലാസ് പരീക്ഷയിൽ തോറ്റാൽ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞതായി എസ്.പി പറഞ്ഞു. പരീക്ഷക്ക് പഠിക്കാതിരുന്ന കുട്ടി തോല്‍ക്കുമെന്ന് പേടിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.