വിമത എം.എൽ.എമാർ ക്യാമ്പ് ചെയ്ത ഹോട്ടലിൽ വ്യാജപേരുകളിൽ താമസിച്ച രണ്ടുപേർ അറസ്റ്റിൽ
എംഎൽഎമാർ എത്തിയതിനെ തുടർന്ന് ഹോട്ടലിലും പരിസരത്തും പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു
ഗോവ: മഹാരാഷ്ട്രയിലെ വിമത എം.എൽ.എമാർ ക്യാമ്പ് ചെയ്തിരുന്ന ഹോട്ടലിൽ വ്യാജ പേരുകളിൽ താമസിച്ച രണ്ടുപേരെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിൽ നിന്നുള്ള സോണിയ ദോഹൻ, ഉത്തരാഖണ്ഡ് സ്വദേശി ശ്രേയ് കോടിയാൽ എന്നിവരാണ് അറസ്റ്റിലായതെന്നും പൊലീസ് അറിയിച്ചു.
വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് ഒരുസത്രീയും പുരുഷനും ഗോവയിലെ താജ് റിസോർട്ടിലും കൺവെൻഷൻ സെന്ററിലും കയറിയത്. ഇരുവരും ഒരു ദിവസം ഹോട്ടലിൽ താമസിച്ചുവെന്നും ആൾമാറാട്ടത്തിന് അറസ്റ്റിലായെന്നും പനാജി പൊലീസ് ഇൻസ്‌പെക്ടർ സൂരജ് ഗവാസ് പറഞ്ഞു.
ജൂൺ 29 ന് വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയെ പിന്തുണയ്ക്കുന്ന 50 ഓളം എം.എൽ.എമാർ എത്തിയതിനെ തുടർന്ന് ഹോട്ടലിലും പരിസരത്തും പൊലീസ് കനത്ത സുരക്ഷാവലയം ഏർപ്പെടുത്തിയിരുന്നു. ഇവിടേക്ക് മാധ്യമപ്രവർത്തകരെപ്പോലും കയറ്റിയിരുന്നില്ല. നാല് ദിവസമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വിമത ശിവസേന എംഎൽഎമാരും ഈ ഹോട്ടലിൽ താമസിച്ചിരുന്നത്.
അറസ്റ്റിലായ ഇരുവർക്കും രാഷ്ട്രീയ ബന്ധമുണ്ടോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അവർ ഹോട്ടലിൽ പ്രവേശിച്ചത് ഏതെങ്കിലും തരത്തിൽ മഹാരാഷ്ട്ര എം.എൽ.എമാരുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിന്റെ പരിധിയിലാണെന്നും പനാജി പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ഇൻസ്പെക്ടർ നിഖിൽ പലേക്കർ പറഞ്ഞു. വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങൾക്ക് ഐപിസി വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് ഗവാസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് ഇരുവരും ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തത്.