കർഷകസമരം: പി.ടി ജോണും പി.ആർ പാണ്ഡ്യനും ജയിൽമോചിതരായി

അറസ്റ്റിലായ 800-ലധികം കർഷകരെ വിട്ടയച്ചതായി പഞ്ചാബ് പൊലീസ്

Update: 2025-03-24 08:51 GMT
Editor : സനു ഹദീബ | By : Web Desk
കർഷകസമരം: പി.ടി ജോണും പി.ആർ പാണ്ഡ്യനും ജയിൽമോചിതരായി
AddThis Website Tools
Advertising

ചണ്ഡീഗഡ്: പഞ്ചാബ് അതിർത്തിയിൽ നിന്നും അറസ്റ്റിലായ കർഷകനേതാക്കളായ പി.ടി. ജോണും പി.ആർ. പാണ്ഡ്യനും ജയിൽമോചിതരായി. രണ്ട് കർഷക നേതാക്കളെയും വിട്ടയക്കാനുള്ള ഉത്തരവ് ഇന്നലെ രാത്രിയോടെയാണ് പുറപ്പെടുവിപ്പിച്ചത്. പി.ടി. ജോൺ മലയാളിയും പി.ആർ. പാണ്ഡ്യൻ തമിഴ്‌നാട് സ്വദേശിയാണ്. അറസ്റ്റിലായ 800-ലധികം കർഷകരെ വിട്ടയച്ചതായി പഞ്ചാബ് പോലീസ് അറിയിച്ചു. ഇന്ന് ഏകദേശം 450 കർഷകരെ വിട്ടയക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐജി സുഖ്‌ചെയിൻ സിംഗ് ഗിൽ പറഞ്ഞു. 60 വയസ്സിനു മുകളിലുള്ള സ്ത്രീകളെയും ആരോഗ്യപ്രശ്നങ്ങളുള്ളവരെയും വിട്ടയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

പഞ്ചാബ്-ഹരിയാന അതിർത്തിയിൽ കർഷകസമരം തടയാനുള്ള നീക്കത്തിന്റെ ഭാഗമായി 500-ലധികം കർഷകരെ മാർച്ച് 19 ന് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സർവാൻ സിംഗ് പന്ദേർ, ജഗ്ജിത് സിംഗ് ദല്ലേവാൾ , കാക്കാ സിംഗ് കോത്ര തുടങ്ങിയ നിരവധി പ്രമുഖ നേതാക്കൾ ഉൾപ്പടെ പട്യാല സെൻട്രൽ ജയിലിൽ തടവിലായിരുന്നു. ബുധനാഴ്ച ചണ്ഡീഗഡിൽ കർഷക നേതാക്കളും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു കർഷക നേതാക്കളുടെ അറസ്റ്റ്.

പഞ്ചാബ് ജയിലിൽ നിന്ന് പാണ്ഡ്യനെ മോചിപ്പിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനിനോട് ആവശ്യപ്പെട്ടതായി പി.ടി. ജോൺ വ്യക്തമാക്കി. തമിഴ്‌നാട്ടിലെ എല്ലാ കർഷക സംഘടനകളുടെയും ഏകോപന സമിതിയുടെ പ്രസിഡന്റാണ് പാണ്ഡ്യൻ.

അതേസമയം, പഞ്ചാബിലെ പോലീസ് നടപടിക്കെതിരെ മാർച്ച് 28 ന് രാജ്യമെമ്പാടും പ്രകടനങ്ങൾ നടത്താൻ കർഷക സംഘടനയായ സംയുക്ത കിസാൻ മോർച്ചയുടെ ദേശീയ ഏകോപന സമിതി ഇന്ത്യയിലുടനീളമുള്ള കർഷകരോട് ആഹ്വാനം ചെയ്തു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News