'ധൈര്യമുണ്ടെങ്കിൽ രാജിവച്ച് എനിക്കെതിരെ മത്സരിക്കൂ': ഏക്‌നാഥ് ഷിൻഡെയെ വെല്ലുവിളിച്ച് ആദിത്യ താക്കറെ
'പാര്‍ട്ടിവിട്ട എംപിമാരും എംഎൽഎമാരും രാജിവച്ച് വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ എങ്ങനെ വിജയിക്കുമെന്ന് ഞാൻ കാണട്ടെ....''
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ വെല്ലുവിളിച്ച് ശിവസേന നേതാവ് ആദിത്യ താക്കറെ. ധൈര്യമുണ്ടെങ്കിൽ എം.എൽ.എ സ്ഥാനം രാജിവെച്ച് തനിക്കെതിരെ വോർലിയിൽ നിന്ന് മത്സരിക്കണമെന്നും ആദ്യത്യ താക്കറെ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ഒരു പാർട്ടി പരിപാടിയിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ശിവസേനാനേതാവ് രംഗത്തെത്തിയത്. താൻ എം.എൽ.എ സ്ഥാനം രാജിവെക്കാൻ തയ്യാറാണെന്നും അദ്ദേഹവും രാജിവെച്ച് മത്സരിക്കാൻ ഒരുക്കമാണോ എന്നും ആദ്യത്യ താക്കറെ ചോദിച്ചു. നിങ്ങൾ എങ്ങനെ വിജയിക്കുമെന്ന് ഞാൻ കാണട്ടെയെന്നും ആദിത്യ പറഞ്ഞു. വളരെ ജനപ്രിയനും ശക്തനുമാണ്, തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ധൈര്യമുണ്ടെന്ന് വിശ്വസിക്കുന്നുവെങ്കിൽ ഷിൻഡെ രാജിവെക്കാന്‍ തയ്യാറാകണം..' ആദ്യത്യ താക്കറെ എ.എന്‍.ഐയോട് പ്രതികരിച്ചു.
തന്റെ പിതാവ് ഉദ്ധവ് താക്കറെയ്ക്കെതിരെ മത്സരിച്ച മറ്റ് ശിവസേന എംഎൽഎമാരും എംപിമാരും രാജിവെച്ച് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുമോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. 13 എംപിമാരെയും 40 എംഎൽഎമാരെയും രാജിവച്ച് വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ എങ്ങനെ വിജയിക്കുമെന്ന് ഞാൻ കാണട്ടെയെന്നും ആദ്യത്യ താക്കറെ പറഞ്ഞു.
2022 ജൂണിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാരിനെ താഴെയിറക്കിയാണ് ഷിൻഡെ മുഖ്യമന്ത്രിയായത്.