കെജ്‌രിവാളിന്റെ ചോദ്യം ചെയ്യൽ രാഷ്ട്രീയ ആയുധമാക്കാൻ ആം ആദ്മി

ഡൽഹി മദ്യ അഴിമതി കേസുമായി ബന്ധപ്പെട്ട് ഒമ്പതുമണിക്കൂറോളം ആണ് അരവിന്ദ് കെജ്‌രിവാളിനെ സി.ബി.ഐ ചോദ്യം ചെയ്തത്

Update: 2023-04-17 00:47 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: മദ്യനയഅഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ചോദ്യം ചെയ്യൽ രാഷ്ട്രീയ ആയുധമാക്കാൻ ആം ആദ്മി പാർട്ടി. ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിൽ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം ഡൽഹിയിൽ ചേരും. സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന ആരോപണം സഭ ചർച്ച ചെയ്യും.

ഡൽഹി മദ്യ അഴിമതി കേസുമായി ബന്ധപ്പെട്ട് ഒമ്പതുമണിക്കൂറോളം ആണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സി.ബി.ഐ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ രാഷ്ട്രീയ ആയുധമാക്കാൻ ആണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. വരും ദിവസങ്ങളിൽ ഇത് ഉയർത്തി ശക്തമായ പ്രതിഷേധ പരിപാടികൾ ആം ആദ്മി സംഘടിപ്പിച്ചേക്കും.അതേസമയം, അരവിന്ദ് കെജ്‌രിവാളിന്റെ ചോദ്യം ചെയ്യൽ ഇന്ന് നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ചർച്ചാവിഷയമാകും.

ഡൽഹിയിലെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് ചർച്ച ചെയ്യുമെന്നു നിയമസഭ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ഒറ്റ ദിവസത്തേക്ക് പ്രത്യേക സമ്മേളനം ചേരുന്നതിൽ ലഫ്. ഗവർണർ വി.കെ സക്‌സേന വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. നടപടിക്രമങ്ങൾ ലംഘിച്ചാണ് സമ്മേളനം ചേരുന്നത്.നിയമസഭ സമ്മേളിക്കുന്നതിന്റെ ആവശ്യം വ്യക്തമാക്കിയിട്ടില്ലെന്നും ഗവർണറുടെ ഓഫീസ് അറിയിച്ചു. എന്നാൽ കെജ്‌രിവാളിനെ ചോദ്യം ചെയ്തതിനെതിരെയുള്ള പ്രതിഷേധം ഒഴിവാക്കാനാണ് ലെഫ്.ഗവർണറുടെ ലക്ഷ്യമെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News