സമൂഹമാധ്യമങ്ങളില്‍ ലൈംഗിക വീഡിയോ പ്രചരിപ്പിച്ച എ.ബി.വി.പി നേതാവ് അറസ്റ്റില്‍
കര്‍ണാടക എ.ബി.വി.പി തൃത്തഹള്ളി താലൂക്ക് സെക്രട്ടറി പ്രതീക് ഗൗഡയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
ബെംഗളൂരു: കോളേജ് വിദ്യാര്‍ത്ഥിനികളോടൊപ്പമുള്ള ലൈംഗിക വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച എ.ബി.വി.പി നേതാവ് അറസ്റ്റില്‍. കര്‍ണാടക എ.ബി.വി.പി തൃത്തഹള്ളി താലൂക്ക് സെക്രട്ടറി പ്രതീക് ഗൗഡയെയാണ് ശിവമോഗ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പെണ്‍കുട്ടികളുടെ വീഡിയോയും ഫോട്ടോയും എടുത്തതിന് ശേഷം പ്രതീക് ഗൗഡ അവരെ ഉപദ്രവിച്ചുവെന്നും പരാതിയിലുണ്ട്.
തൃത്തഹള്ളി താലൂക്ക് എന്‍.എസ്.യു നേതാക്കളുടെ പരാതിയിലാണ് പൊലീസ് പ്രതീക് ഗൗഡയെ അറസ്റ്റ് ചെയ്തത്. ഐ.ടി ആക്ട് പ്രകാരമാണ് പ്രതീകിന് എതിരെ കേസെടുത്തിരിക്കുന്നത്. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നതെന്ന് ശിവമോഗ എസ്.പി മിഥുന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, അറസ്റ്റിലായ പ്രതീക് ഗൗഡക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ.ബി.വി.പി നേതൃത്വവും രംഗത്തെത്തി. പ്രതീകിനെ കഴിഞ്ഞ ജനുവരി മുതല്‍ സംഘടനാ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. സംഘടനയുടെ പേര് ദുരുപയോഗം ചെയ്ത് ആളുകളെ ഉപദ്രവിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ സംഘടനയില്‍ നിന്ന് മാറ്റി നിര്‍ത്തിയതെന്നും എ.ബി.വി.പി നേതൃത്വം പറഞ്ഞു.