വഖഫ് ഭേദഗതി ബിൽ ഇനി മുതൽ ഉമീദ് ബിൽ; രാജ്യസഭയിൽ അവതരിപ്പിച്ചു; ഇന്നും മുനമ്പം പ്രശ്നം ഉന്നയിച്ച് കേന്ദ്രമന്ത്രി

'മതവികാരങ്ങളെ വ്രണപ്പെടുത്താൻ ബിൽ ഉദ്ദേശിക്കുന്നില്ല. മുൻ സർക്കാരുകളുടെ പൂർത്തീകരിക്കാത്ത ജോലികൾ നിറവേറ്റുക എന്നതാണ് ബിൽ ലക്ഷ്യമിടുന്നത്'.

Update: 2025-04-03 12:11 GMT
Advertising

ന്യൂഡൽഹി: ലോക്സഭയിൽ പാസാക്കിയ വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിച്ചത്. ബില്ലിൽ നീണ്ട ചർച്ച നടന്നുവെന്നും സംയുക്ത പാർലമെന്ററി കമ്മിറ്റി രൂപീകരിച്ച് എല്ലാവരെയും കേട്ടുവെന്നും മന്ത്രി പറഞ്ഞു. രാജ്യസഭയിലും ബില്ലിന്മേൽ വിശദമായ ചർച്ചകൾ നടക്കും. വഖഫ് ഭേദ​ഗതി ബിൽ ഇനി മുതൽ ഉമീദ് (യൂണിഫൈഡ് വഖഫ് മാനേജ്മെന്റ് എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്റ്) ബിൽ എന്നായിരിക്കും അറിയപ്പെടുക.

വഖഫ് ബോർഡ് വഖഫ് സ്വത്തുക്കളുടെ മേൽനോട്ടം മാത്രമേ നടത്തൂ എന്നും കൈകാര്യം ചെയ്യില്ലെന്നും കിരൺ റിജിജു പറഞ്ഞു. മതവികാരങ്ങളെ വ്രണപ്പെടുത്താൻ ബിൽ ഉദ്ദേശിക്കുന്നില്ല. മുൻ സർക്കാരുകളുടെ പൂർത്തീകരിക്കാത്ത ജോലികൾ നിറവേറ്റുക എന്നതാണ് ബിൽ ലക്ഷ്യമിടുന്നത്. പ്രതിപക്ഷ പാർട്ടികൾ നുണകൾ പ്രചരിപ്പിക്കുകയാണെന്നും വഖഫ് സ്വത്തുക്കളെല്ലാം മുസ്‌ലിംകൾക്ക്‌ മാത്രമുള്ളതാണെന്നും റിജിജു വ്യക്തമാക്കി.

അതേസമയം, രാജ്യസഭയി‌ലും റിജിജു മുനമ്പം ഭൂപ്രശ്‌നം സൂചിപ്പിച്ചു. മുനമ്പത്ത് നിരവധി സാധാരണക്കാർ താമസിക്കുന്ന ഭൂമി വഖഫിന്റേതാണെന്ന് പറയുകയും നിയമപോരാട്ടം നടക്കുകയാണെന്നും പറഞ്ഞ റിജിജു, ആ പ്രശ്‌നങ്ങൾക്കെല്ലാം ഈ ബിൽ പാസാകുന്നതോടെ പരിഹാരമാകുമെന്നും അവകാശപ്പെട്ടു. വഖഫ് നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ ഇന്ത്യയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമായിരുന്നു. ബില്ലിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ പാർട്ടികളോടും ആവശ്യപ്പെടുകയാണെന്നും റിജിജു കൂട്ടിച്ചേർത്തു.

8.72 ലക്ഷം വഖഫ് സ്വത്തുക്കളാണ് നിലവിൽ രാജ്യത്തുള്ളത്. ഇതിന്റെയെല്ലാം സംരക്ഷണം ആവശ്യമാണ്. ആ സാഹചര്യത്തിലാണ് ഇത്തരമൊരു ബില്ലുമായി കേന്ദ്രം പോവുന്നതെന്നും റിജിജു വിശദമാക്കി. ഇന്നലെ 14 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് വഖഫ് നിയമ ഭേദ​ഗതി ബിൽ ലോക്സഭയിൽ പാസാക്കിയത്. ബില്ലിനെ 288 പേർ അനുകൂലിക്കുകയും 232 പേർ എതിർക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതികളും വോട്ടിനിട്ട് തള്ളി. മന്ത്രി കിരണ്‍ റിജിജുവാണ് ബിൽ ലോക്സഭയിലും അവതരിപ്പിച്ചത്. ഇതിനെ എതിർത്ത് പ്രതിപക്ഷ പാർട്ടികൾ രം​ഗത്തെത്തുകയും ചെയ്തിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News