തമിഴ്നാട്ടിൽ ആശമാരുടെ മിനിമം വേതനം 26,000 രൂപയാക്കണമെന്ന് സിഐടിയു
10 വർഷം സേവനം പൂർത്തിയാക്കിയവരെ ഹെൽത്ത് നഴ്‌സ് കേഡറിൽ നിയമിക്കണമെന്നും ആവശ്യപ്പെടുന്നു


ഡിണ്ടിഗൽ: ശമ്പള വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് തമിഴ്നാട്ടിലും ആശാ വര്‍ക്കര്‍മാരുടെ പ്രതിഷേധം. തിങ്കളാഴ്ച ഡിണ്ടിഗൽ കലക്ടറേറ്റിൽ പ്രതിഷേധ പ്രകടനം നടത്തി.
സിഐടിയുവിന്‍റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ജില്ലാ സെക്രട്ടറി പിച്ചൈമ്മാൾ, കൺവീനർ പി. സെൽവി എന്നിവര്‍ പങ്കെടുത്തു. ആശ പ്രവർത്തകരെ സ്ഥിരപ്പെടുത്തണമെന്നും 26,000 മിനിമം വേതനം നൽകണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. 10 വർഷം സേവനം പൂർത്തിയാക്കിയവരെ ഹെൽത്ത് നഴ്‌സ് കേഡറിൽ നിയമിക്കണമെന്നും അവർ പറഞ്ഞു.
ആശാ വര്‍ക്കര്‍മാരെ ഓവർടൈം ജോലിക്ക് നിർബന്ധിച്ചുവെന്നും ചൂണ്ടിക്കാട്ടി. ഇത് അവസാനിപ്പിച്ച് തൊഴിലാളികളോട് ശരിയായ രീതിയിൽ പെരുമാറണം. തൊഴിലാളികൾക്ക് പ്രോത്സാഹനങ്ങൾ നൽകണം. ഗ്രാറ്റുവിറ്റി, പിഎഫ്, ഇഎസ്ഐ എന്നിവ നടപ്പിലാക്കണം. കൂടാതെ ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഇരുവരും ആവശ്യപ്പെട്ടു.
അതേസമയം കേരളത്തിൽ ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം 44-ാം ദിവസവും തുടരുകയാണ്. ആശമാർക്ക് പിന്തുണയുമായി ഐഎൻടിയുസി ഇന്ന് ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. സമരത്തെ പിന്തുണക്കാത്തതിൽ വിമർശനമുയർന്നതിന് പിന്നാലെയാണ് ഐഎൻടിയുസി മാർച്ച് പ്രഖ്യാപിച്ചത്. ആശമാരുടെയും അങ്കണവാടി ജീവനക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നാളെ തദ്ദേശസ്വയംഭരണ ഓഫീസുകള്‍ക്ക് മുന്നില്‍ ധർണ നടത്തും.