സംഭലിൽ ബുൾഡോസർ രാജ്​​; ഒഴിപ്പിക്കൽ നടപടിയുമായി അധികൃതർ

ശാഹി മസ്ജിദ് പരിസരത്തെ കൈയേറ്റവും അനധികൃത വൈ​ദ്യു​തി കണക്ഷനും കണ്ടത്തുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം

Update: 2024-12-15 09:20 GMT
Advertising

ലഖ്​നൗ: ഉത്തർ പ്രദേശിലെ സംഭലിൽ വെടിവെപ്പിന് പിന്നാലെ ഒഴിപ്പിക്കൽ നടപടിയുമായി അധികൃതർ. കൈയേറ്റം ആരോപിച്ച് വീടുകളുടെ മുൻവശങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് തുടങ്ങി. ശാഹി മസ്ജിദ് പരിസരത്തെ കൈയേറ്റവും അനധികൃത വൈ​ദ്യു​തി കണക്ഷനും കണ്ടത്തുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മസ്‌ജിദുകളിലും മദ്രസകളിലും വൈ​ദ്യു​തി മോഷണം കണ്ടെത്തിയെന്നും അധികൃതർ പറയുന്നു​. മതസ്ഥാപങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം നി​യ​മാ​നു​സൃ​ത​മാ​ണോയെന്നും പരിശോധിക്കുന്നുണ്ട്​.

ഞായറാഴ്​ച രാവിലെയാണ്​ ​പ്രദേശത്തെ കൈയേറ്റങ്ങൾ നീക്കാൻ അധികൃതർ ആരംഭിച്ചത്​. വീടുകൾക്കും കടകൾക്കും മുന്നിലെ അഴുക്കുചാൽ വൃത്തിയാക്കുകയാണ്​ ലക്ഷ്യമിടുന്നതെന്ന്​ എഎസ്​പി ശ്രിഷ്​ ചന്ദ്ര പറഞ്ഞു. സമാജ്​വാദി പാർട്ടി എംപി സിയാഉറഹ്​മാൻ ബർഖി​െൻറ വീടിനോട്​ ചേർന്നാണ്​ ഒഴിപ്പിക്കൽ നടപടി.

വൈദ്യുതി മോഷണം തടയുകയെന്ന ലക്ഷ്യത്തോടെ വൈദ്യുതി വകുപ്പും വലിയരീതിയിലുള്ള പരിശോധന നടത്തുന്നുണ്ട്​. നാല്​ പള്ളികളിലും ഒരു മ​ദ്​റസയിലും അനധികൃത വൈദ്യുതി ഉപയോഗം കണ്ടെത്തിയതായി എക്​സിക്യൂട്ടിവ്​ എൻജിനീയർ നവീൻ ഗൗതം പറഞ്ഞു. 1.25 കോടി രൂപയുടെ ​വൈദ്യുതി മോഷണമാണ് വിവിധയിടങ്ങളിൽനിന്നായി​ കണ്ടെത്തിയിട്ടുള്ളത്​. സംഭവത്തിൽ 49 പേർക്കെതിരെ എഫ്​ഐആർ രജിസ്​റ്റർ ചെയ്​തതായും നവീൻ ഗൗതം പറഞ്ഞു.

അതേസമയം, സംഭലിൽ 1978ലെ വർ​ഗീയ കലാപത്തെ തുടർന്ന് പൂട്ടിയ പുരാതന ക്ഷേത്രം കഴിഞ്ഞദിവസം ജില്ലാ ഭരണകൂടം തുറന്നു. അനധികൃത വൈദ്യുത കണക്ഷൻ പരിശോധിക്കുന്നതിനിടെയാണ്​ ക്ഷേത്രം കണ്ടെത്തിയത്. ക്ഷേത്രത്തിൽനിന്ന് ശിവലിം​ഗവും ഹനുമാൻ പ്രതിമയും കണ്ടെടുത്തു.

ജില്ല മജിസ്ട്രേറ്റ് രാജേന്ദർ പെൻസിയയുടെ നേതൃത്വത്തിൽ ക്ഷേത്ര കവാടങ്ങൾ തുറക്കുകയും വൃത്തിയാക്കുകയും ചെയ്തു. തൊട്ടടുത്തുള്ള കിണറും അധികൃതർ വൃത്തിയാക്കി. 500 വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രം വിശ്വാസികൾക്ക് കൈമാറി. ക്ഷേത്രത്തിനു സമീപത്തെ കൈയേറ്റങ്ങൾ പരിശോധിച്ചു വരുകയാണെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും ജില്ല മജിസ്ട്രേറ്റ് അറിയിച്ചു.

ക്ഷേത്രം വീണ്ടും തുറന്നതിനു പിന്നാലെ നിരവധി ആളുകളാണ് ഇവിടെ എത്തിച്ചേരുന്നത്. ഭസ്മ ശങ്കർ എന്നാണ് ​ക്ഷേത്രത്തിന്റെ പേരെന്നും ഇത് രസ്തോ​ഗി വിഭാ​ഗത്തിന്റേതായിരുന്നുവെന്നും മുമ്പ്​ ആരാധനക്കായി ഒരുപാട് പേർ ഇവിടെ എത്തിയിരുന്നതായും പ്രദേശവാസികൾ പറഞ്ഞു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News