അയോധ്യയിൽ വിയർത്ത് ബി.ജെ.പി; രാംമന്ദിർ ഉൾക്കൊള്ളുന്ന ഫൈസാബാദിൽ ലല്ലു സിങ് പിന്നിൽ
ഒമ്പതു തവണ എംഎൽഎയായ എസ്.പി സ്ഥാനാർഥി അവദേശ് പ്രസാദാണ് മുന്നിലുളളത്.
അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ ബി.ജെ.പി പിന്നിൽ. എൻഡിഎ സർക്കാർ അഭിമാനമായി നേട്ടമായി കണക്കാക്കുന്ന രാമക്ഷേത്രം പണി തീർത്ത അയോധ്യയിലാണ് ബിജെപി വിയർക്കുന്നത്. രാംമന്ദിർ ഉൾക്കൊള്ളുന്ന ഫൈസാബാദ് മണ്ഡലത്തിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഒമ്പതു തവണ എംഎൽഎയായ എസ്.പി സ്ഥാനാർഥി അവദേശ് പ്രസാദ് 37,000 ലീഡാണ് നിലനിർത്തുന്നത്. ലല്ലു സിങ്ങാണ് ബി.ജെ.പിയുടെ സ്ഥാനാർഥി. വോട്ടെണ്ണൽ മണിക്കൂറോളം പിന്നിടുമ്പോൾ ലല്ലു സിങ് പിന്നിലാണ്.
കഴിഞ്ഞ തവണ മണ്ഡലത്തിൽ ജയിച്ച ലല്ലു സിങ്ങിന്റെ ഭൂരിപക്ഷം 65,477 ആണ്. ആകെ പോൾ ചെയ്ത 10,87,420 വോട്ടിൽ 529,021 വോട്ടും (48.66%) ലല്ലു സിങ് നേടി. എസ്പിയുടെ ആനന്ദ് സെൻ യാദവിന് കിട്ടിയത് 4,63,544 വോട്ട്. 42.64 ശതമാനം. കോൺഗ്രസിന് 53,386 വോട്ടു കിട്ടി. 4.91 ശതമാനം. മുൻ തെരഞ്ഞെടുപ്പിൽ നിന്ന് 7.79 ശതമാനം വോട്ടാണ് കോൺഗ്രസിന് 2019ലുണ്ടായത്.
തൊഴിലില്ലായ്മ പരിഹരിക്കാനാകാത്തതും വിലക്കയറ്റം വിഷയമായതും ബിജെപിക്ക് തിരിച്ചടി നൽകുന്ന ഘടകങ്ങളാണ്.