ഗോഹത്യ ആരോപണം: ഉത്തർ പ്രദേശിൽ ബജ്റംഗ് ദൾ പ്രവർത്തകർ യുവാവിനെ തല്ലിക്കൊന്നു
ഗോഹത്യാ ആരോപണത്തിൽ ഷാഹിദ്ദീനെതിരെയും മറ്റു മൂന്നുപേർക്കെതിരെയും പൊലീസ് കേസെടുത്തു
മൊറാദാബാദ്: ഉത്തർ പ്രദേശിൽ ഗോഹത്യ ആരോപിച്ച് യുവാവിനെ ബജ്റംഗ് ദൾ പ്രവർത്തകർ തല്ലിക്കൊന്നു. അസലാത്പുര സ്വദേശി ഷാഹിദ്ദീൻ ഖുറേഷി (37) ആണ് കൊല്ലപ്പെട്ടത്. മൊറാദാബാദ് ജില്ലയിലെ മജോലയിലാണ് സംഭവം.
ഷാഹിദ്ദീെൻറ സഹോദരൻ ഷഹ്ജാദിെൻറ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം. ഗോഹത്യാ ആരോപണത്തിൽ ഷാഹിദ്ദീനെതിരെയും മറ്റു മൂന്നുപേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഗോഹത്യ ആരോപിച്ച് ഹിന്ദുത്വ വാദികൾ വടികൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്ത് മർദിക്കുകയായിരുന്നു. ഇതോടെ ഇയാൾ അബോധാവസ്ഥയിലായി. ഇയാളെ പൊലീസാണ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. പിന്നീട് ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു.
സംഭവത്തിെൻറ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അക്രമി സംഘം ഇയാളെ മർദിക്കാൻ ആഹ്വാനം ചെയ്യുന്നത് ഇതിൽ കാണാം. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വലിയരീതിയിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഷാഹിദ്ദീെൻറ പേരിൽ മുമ്പ് യാതൊരു കേസുകളും ഇല്ലെന്ന് സിറ്റി എസ്പി കുമാർ രഞ്ജീവ് സിങ് പറഞ്ഞു. അതേസമയം, കൊലയാളികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് എഐഎംഐഎം സംസ്ഥാന പ്രസിഡൻറ് ഷൗക്കത്ത് അലി ആരോപിച്ചു. ബോഡി ബിൽഡറായ ഷാഹിദ്ദീൻ നിരവധി മത്സരങ്ങളിൽ പങ്കെടുത്തയാൾ കൂടിയാണ്. റിസ്വാനയാണ് ഭാര്യ. ഇവർക്ക് മൂന്ന് മക്കളുണ്ട്.