മൊയ്‌നാബാദിലെ ജാഗിർദാർ മസ്ജിദ് പുനർ നിർമിക്കുന്നതിനെതിരെ ബജ്‌റംഗദൾ പ്രതിഷേധം
സമീപത്തെ ഭൂവുടമയായ പ്രസാദും കൂട്ടാളികളും ചേർന്നാണ് തിങ്കളാഴ്ച മസ്ജിദ് തകർത്തത്.
ഹൈദരാബാദ്: തെലങ്കാനയിൽ രംഗ റെഡ്ഡി ജില്ലയിലെ മൊയ്‌നാബാദിൽ തകർക്കപ്പെട്ട മസ്ജിദ് പുനർനിർമിക്കുന്നതിനെതിരെ ബജ്‌റംഗദൾ. ഭൂമി കയ്യേറ്റക്കാർ തകർത്ത മസ്ജിദ് പുനർനിർമിക്കാനായി തറക്കല്ലിട്ടതിന് പിന്നാലെയാണ് 'ചലോ മൊയ്‌നാബാദ്' എന്ന പേരിൽ ബജ്‌റംഗദൾ പ്രതിഷേധം പ്രഖ്യാപിച്ചത്.
സംഘർഷാവസ്ഥയുള്ളതിനാൽ പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പള്ളി പുനർനിർമിച്ചാൽ പൊളിച്ചുമാറ്റുമെന്നാണ് ബജ്‌റംഗദൾ പ്രവർത്തകരുടെ ഭീഷണി. ചൊവ്വാഴ്ചയും പ്രവർത്തകർ സമീപത്തെ ക്ഷേത്രത്തിൽ സംഘടിച്ച് പള്ളി പുനർനിർമിക്കുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു.
Tension continued for the second straight day at Chilkur village located in Moinabad at Ranga Reddy district when members of the Bajrang Dal staged a protest demanding the newly erected structure, in place of the razed mosque, be pulled down. pic.twitter.com/NN0BgZRVkD
— The Siasat Daily (@TheSiasatDaily) July 24, 2024
സമീപത്തെ ഭൂവുടമയായ പ്രസാദും കൂട്ടാളികളും ചേർന്നാണ് തിങ്കളാഴ്ച മസ്ജിദ് തകർത്തത്. ഇയാളുടെ ഭൂമിക്കൊപ്പം സംസ്ഥാന വഖഫ് ബോർഡിന് കീഴിലുള്ള ഈ ഭൂമി കൂടി വിൽക്കാനായിരുന്നു പദ്ധതി. ചിൽക്കൂർ വില്ലേജിലെ 133, 134 സർവേ നമ്പറുകളിലുള്ള ഭൂമിയിലാണ് തെലങ്കാന സംസ്ഥാന വഖഫ് ബോർഡിന് കീഴിലുള്ള ജാഗിർദാർ മസ്ജിദ് സ്ഥിതി ചെയ്തിരുന്നത്. തിങ്കളാഴ്ച പ്രദേശത്ത് ആരുമില്ലാത്ത സമയത്ത് പ്രസാദും സംഘവുമെത്തി ജെ.സി.ബി ഉപയോഗിച്ച് പള്ളി തകർക്കുകയും ഭൂമി നിരപ്പാക്കുകയുമായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക്, ചിൽക്കൂർ ഗ്രാമത്തിലെ താമസക്കാരനായ മുഹമ്മദ് അഹമ്മദ്, ഇതുവഴി കടന്നുപോകുമ്പോഴാണ് ജാഗിർദാർ മസ്ജിദ് അവിടെ ഇല്ലെന്ന കാര്യം ശ്രദ്ധിച്ചതെന്ന് പ്രദേശവാസിയായ ലയീഖുന്നീസ നൽകിയ പരാതിയിൽ പറയുന്നു. ഇക്കാര്യം അദ്ദേഹം ഗ്രാമവാസികളെ അറിയിക്കുകയും കൂടുതൽ പേർ ഇവിടേക്കെത്തുകയും ചെയ്തു. ആരുമില്ലാതിരുന്ന സമയം നോക്കി ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രസാദും കൂട്ടാളികളും ചേർന്ന് മസ്ജിദ് തകർത്ത ശേഷം നിലം നിരപ്പാക്കുകയായിരുന്നെന്ന് ഗ്രാമവാസികൾക്ക് വ്യക്തമായി.
സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയും പിന്നാലെ മജ്‌ലിസ് ബച്ചാവോ തെഹ്‌രീക് (എം.ബി.ടി) പാർട്ടി നേതാവ് അംജിദുല്ലാ ഖാൻ, എ.ഐ.എം.ഐ.എം എം.എൽ.സി മിർസ റഹ്മത്ത് ബേഗ്, ടെമ്‌റിസ് ചെയർമാൻ ഫഹീം ഖുറേഷി, തെലങ്കാന വഖഫ് ബോർഡ് ചെയർമാൻ അസ്മത്തുല്ലാ ഹുസൈനി, ന്യൂനപക്ഷ ക്ഷേമവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തഫ്സീർ ഇഖ്ബാൽ എന്നിവർ തിങ്കളാഴ്ച രാത്രി സ്ഥലം സന്ദർശിക്കുകയും ചെയ്തു.
തുടർന്ന് രാജേന്ദ്രനഗർ ഡി.സി.പി ശ്രീനിവാസിനെ കണ്ട ഇവർ, കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ഭാരതീയ ന്യായ് സംഹിതയിലെ 329(3), 329, 324(4)(5), 298, 299, 196, 300 ബി.എൻ.എസ് ആർ/ഡബ്ല്യു 3(5) എന്നീ വകുപ്പുകളും പൊതുസ്വത്ത് നശിപ്പിക്കുന്നത് തടയൽ (പി.ഡി.പി.പി) നിയമം സെക്ഷൻ- 3 പ്രകാരവും പൊലീസ് കേസെടുക്കുകയായിരുന്നു.
വഖഫ് ബോർഡ് സർവേ നടത്തി ഈ മസ്ജിദും ഭൂമിയും തങ്ങളുടെ രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇടതൂർന്ന മരങ്ങളാൽ ചുറ്റപ്പെട്ടയിടത്താണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപം കുറച്ച് ഭൂമിയുള്ള പ്രസാദ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയാണെന്നും ഇതിനിടെയാണ് പള്ളി തകർത്തത് നിരപ്പാക്കിയതെന്നും മുസ്‌ലിം പ്രതിനിധി സംഘം വ്യക്തമാക്കി. വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇവർ മസ്ജിദ് തകർത്തതെന്നും സംഘം പറഞ്ഞു.