ഭാരത് ജോഡോ യാത്ര കൂടുതൽ സംസ്ഥാനങ്ങളിലേക്ക്; നവംബർ ഒന്നിന് അസമിൽ യാത്ര നടത്താന്‍ ഹൈക്കമാൻഡ്

4 മാസത്തിനുള്ളിൽ പശ്ചിമ ബംഗാളിലും സമാനമായ തരത്തിൽ യാത്ര നടത്തും

Update: 2022-09-18 01:11 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര കൂടുതൽ സംസ്ഥാനങ്ങളിൽ നടത്താൻ ഹൈക്കമാൻഡ് തീരുമാനം. പദയാത്ര കടന്ന് പോകാത്ത സംസ്ഥാനങ്ങളിലും യാത്ര സംഘടിപ്പിക്കും. കന്യാകുമാരി മുതൽ കശ്മീർ വരെയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര നടക്കുന്നത്.

രാജ്യത്തെ ഒന്നിപ്പിക്കുക എന്നതിനൊപ്പം സംഘടന ശക്തി വർധിപ്പിക്കുക എന്ന ലക്ഷ്യം കൂടി യാത്രയിലൂടെ കോൺഗ്രസിനുണ്ട്. ഇതിനൊപ്പം തന്നെ 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടുകയും യാത്രയുടെ മറ്റൊരു ലക്ഷ്യങ്ങളിലൊന്നാണ്. നിലവിലെ റൂട്ട് പ്രകാരം പ്രധാനപ്പെട്ട പല സംസ്ഥാനങ്ങളിലും യാത്ര എത്തുന്നില്ല. ഈ സംസ്ഥാനങ്ങളിൽ സമാന്തര യാത്രകൾ സംഘടിപ്പിക്കാനായിരുന്നു ഹൈക്കമാൻഡ് തീരുമാനം. എന്നാൽ ഭാരത് ജോഡോ യാത്ര തന്നെ നടത്തണം എന്ന ആവശ്യമാണ് സംസ്ഥാന നേതൃത്വങ്ങൾ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്നിന് അസമിലെ ധുബ്രിയിൽ നിന്ന് സാദിയയിലേക്ക് ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കും.

4 മാസത്തിനുള്ളിൽ പശ്ചിമ ബംഗാളിലും സമാനമായ തരത്തിൽ യാത്ര നടത്താനും ഹൈക്കമാൻഡ് തീരുമാനിച്ചു. ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും ഹിമാചൽ പ്രദേശിലും എത്രയും വേഗം ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കണം എന്നാണ് സംസ്ഥാന നേതൃത്വങ്ങൾ അവശ്യപ്പെടുന്നത്. വിമർശനങ്ങൾക്ക് പിന്നാലെ രണ്ട് ദിവസം മാത്രമായിരുന്ന ഉത്തർ പ്രദേശിലെ ജോഡോ യാത്ര അഞ്ച് ദിവസമാക്കാൻ തീരുമാനിച്ചിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News