'പുറത്തുനിന്നുള്ളവർ പാർട്ടിയെ നിയന്ത്രിക്കുന്നു, നേതാക്കൾക്ക് ജാതി ചിന്ത'; ഉത്തർപ്രദേശിൽ പാർട്ടിയുടെ അടിത്തറ തകരുന്നുവെന്ന് ബിജെപി നേതാക്കൾ

എസ്പി, ബിഎസ്പി, കോൺ​ഗ്രസ് തുടങ്ങിയ പാർട്ടികളിൽനിന്ന് വരുന്നവർക്ക് ഉന്നത സ്ഥാനങ്ങൾ ലഭിക്കുന്നതിൽ പതിറ്റാണ്ടുകളായി പാർട്ടിയിലുള്ള സാധാരണക്കാരായ ബിജെപി പ്രവർത്തകർക്ക് കടുത്ത നിരാശയുണ്ട്.

Update: 2024-11-27 09:42 GMT
Advertising

ലഖ്‌നോ: സെപ്റ്റംബർ ഒന്നിനാണ് ബിജെപി രാജ്യവ്യാപകമായി മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചത്. രണ്ട് മാസത്തിനുള്ളിൽ 10 കോടി പുതിയ മെമ്പർഷിപ്പ് ചേർക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. എന്നാൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രഥമ പരീക്ഷണശാലയായിരുന്ന യുപിയിൽ കാര്യങ്ങൾ അത്ര നല്ലതല്ലെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്. സിദ്ധാർഥ് നഗർ ജില്ലയിലെ നൗഗഢിലാണ് മുതിർന്ന പാർട്ടി പ്രവർത്തകനായ ശ്യാം സുന്ദർ മിത്തലിന്റെ വീട്. പാർട്ടിയുടെ ഇപ്പോഴത്തെ പോക്കിൽ ശ്യാം സുന്ദർ അത്ര തൃപ്തനല്ല.

ഇത്തരം ഒരുപാട് മെമ്പർഷിപ്പ് ക്യാമ്പയിനുകളിൽ താൻ ഭാഗമായിട്ടുണ്ട്. ഓരോ തവണയും നിരവധി ആളുകളെ കാണണം. ഒടുവിൽ വേറെ ഏതെങ്കിലും പാർട്ടിയിൽനിന്ന് ആരെങ്കിലും വന്നാൽ അവർക്ക് ടിക്കറ്റ് കൊടുക്കും. പതിറ്റാണ്ടുകളോളം പാർട്ടിയിൽ പ്രവർത്തിച്ചിട്ട് പിന്നെ എന്താണ് കാര്യമെന്ന് ശ്യാം സുന്ദർ ചോദിക്കുന്നു. ശ്യാമിന്റെ പിതാവ് 1970ൽ ജനസംഘത്തിന്റെ എംഎൽഎ ആയിരുന്നു. 2022 വരെ പാർട്ടിയുടെ പ്രാദേശിക കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു ശ്യാം സുന്ദർ. എന്നാൽ രാഷ്ട്രീയ മേധാവിത്വം നേടാനായി പാർട്ടി നടത്തുന്ന വിട്ടുവീഴ്ചകൾ തന്നെ നിരാശപ്പെടുത്തിയെന്ന് അദ്ദേഹം പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപിക്കുണ്ടായ തിരിച്ചടി താൽക്കാലിക പ്രതിഭാസമല്ലെന്നാണ് യുപി രാഷ്ട്രീയത്തിന്റെ വർത്തമാനം. ആദിത്യനാഥ് സർക്കാരിന്റെ പ്രവർത്തനത്തിൽ പാർട്ടി പ്രവർത്തകർ കടുത്ത നിരാശയിലാണ്. പാർട്ടി പ്രവർത്തകർക്ക് പരിഗണന കുറഞ്ഞെന്നും പൊലീസും ഉദ്യോഗസ്ഥരുമാണ് ഭരണം നിയന്ത്രിക്കുന്നതെന്നും ഇവർ പറയുന്നു. ജാതി വിവേചനം നേരിടേണ്ടിവരുന്നുവെന്നും പിന്നാക്ക വിഭാഗത്തിലെ പ്രവർത്തകർ പറയുന്നു.

മറ്റു പാർട്ടികളിൽനിന്ന് വരുന്നവർക്ക് മികച്ച പരിഗണന ലഭിക്കുന്നതിലും ബിജെപിക്കുള്ളിൽ കടുത്ത അമർഷമുണ്ട്. പുതുതായി എത്തുന്നവർക്ക് ഉന്നത പദവികൾ നൽകുന്ന പാർട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുടെ നയം പതിറ്റാണ്ടുകളായി പാർട്ടിക്കൊപ്പം നിൽക്കുന്ന സാധാരണ പ്രവർത്തകരെ നിരാശരാക്കുന്നു. കഴിഞ്ഞ പതിറ്റാണ്ട് ബിജെപിയിൽ കൂറു മാറിയെത്തിയവരുടെ സുവർണകാലമായിരുന്നു. എസ്പി, ബിഎസ്പി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളിൽനിന്ന് സാധ്യമായവരെയെല്ലാം തേടിപ്പിടിച്ച് സ്വന്തം ചേരിയിലെത്തിച്ചു. ഇവർക്ക് പാർട്ടി ഉന്നത പദവികൾ നൽകി. ഇതെല്ലാം പാർട്ടി കേഡറുകളിൽ കടുത്ത നിരാശയാണ് സൃഷ്ടിച്ചത്. നിലവിൽ യുപി ബിജെപിയിൽ 25 ശതമാനത്തിലധികം പേരും ഇങ്ങനെ പാർട്ടി മാറിയെത്തിയവരാണെന്ന് ഗൊരഖ്പൂരിലെ പ്രാദേശിക നേതാവായ ധരംരാജ് ഗോണ്ട് പറയുന്നു.

ദേവ്‌നാരായൺ സിങ് അത്തരത്തിൽ നേട്ടമുണ്ടാക്കിയ ഒരാളാണെന്ന് ഗോണ്ട് പറയുന്നു. 2021ലാണ് അദ്ദേഹം ബിഎസ്പി വിട്ട് ബിജെപിയിലെത്തിയത്. ഉൾപ്പാർട്ടി രഹസ്യങ്ങൾ എതിരാളികൾക്ക് കൈമാറുന്നത് ഇവരാണ്. അവർ അഴിമതിയുടെ സംസ്‌കാരം സൃഷ്ടിക്കുന്നു. എന്തിനും ഏതിനും പണം എന്നതാണ് അവരുടെ നയമെന്നും ഗോണ്ട് പറഞ്ഞു. മൂന്ന് പതിറ്റാണ്ടായി ഗോണ്ട് പാർട്ടിക്കൊപ്പമുണ്ട്. തന്റെ കൗമാര കാലത്ത് രാമ ജൻമഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായ ആളാണ് ഗോണ്ട്. അന്ന് പൊലീസ് കസ്റ്റഡിയിൽ ക്രൂരമർദനത്തിന് ഇരയായെന്ന് ഗോണ്ട് അവകാശപ്പെടുന്നു. എന്നിട്ടും പിപ്രൗലി ബ്ലോക്ക് പ്രസിഡന്റ് പദവി വരെയാണ് അദ്ദേഹത്തിന് എത്താനായത്. പുറത്തുനിന്ന് വന്നവർ ജനങ്ങൾക്ക് സേവനം ചെയ്യുന്നതിന് പണം വാങ്ങുന്നു. പക്ഷെ തങ്ങൾ, യഥാർഥ സംഘികൾ അത് ചെയ്യില്ല. പാർട്ടിയുടെ 75 ശതമാനവും തന്നെപ്പോലുള്ള പ്രവർത്തകരാണെന്നും ഗോണ്ട് പറഞ്ഞു.

2022ൽ പ്രയാഗ്‌രാജിൽ പാർട്ടി മെമ്പർഷിപ്പ് ചേർക്കുന്നതിലെ മികവിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക നേതാക്കൾക്ക് പാർട്ടിയിൽ സ്ഥാനങ്ങൾ നൽകുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. എന്നാൽ അങ്ങനെയൊന്നുമുണ്ടായില്ല. പുറത്തുനിന്ന് വന്നവർ പണം നൽകി സ്ഥാനങ്ങളെല്ലാം കൊണ്ടുപോയി. തങ്ങളെ ഇത്തവണ മെമ്പർഷിപ്പ് ക്യാമ്പയിന് പോലും ക്ഷണിച്ചില്ലെന്ന് പ്രയാഗ്‌രാജിലെ ബിജെപി പ്രവർത്തകനായ മനുജ് കുമാർ ലലോറിയ പറയുന്നു. 1990ൽ വിഎച്ച്പിയിലൂടെ സംഘ്പരിവാറിന്റെ ഭാഗമായ ലലോറിയ 2019 വരെ ബിജെപിയുടെ സെക്ടർ കോർഡിനേറ്ററായിരുന്നു.

ബിഎസ്പിയിൽനിന്ന് ബിജെപിയിലെത്തിയ ആളാണ് അലഹബാദ് നോർത്തിലെ ബിജെപി എംഎൽഎ ഹർഷവർധൻ ബാജ്‌പെയ്. അദ്ദേഹത്തിന്റെ പിതാവ് അറിയപ്പെടുന്ന കോൺഗ്രസ് നേതാവായിരുന്നു. അദ്ദേഹത്തെപ്പോലുള്ള ആളുകൾ ബിജെപിയിലെത്തുന്നത് അധികാരമുള്ളതുകൊണ്ടാണ്. അധികാരം നഷ്ടപ്പെട്ടാൽ ആദ്യ പാർട്ടിയെ തള്ളിപ്പറയുന്നത് അവരായിരിക്കുമെന്നും ലലോറിയ പറഞ്ഞു. 1990 കാലത്ത് യുവനേതാവായിരുന്ന ലലോറിയ കോൺഗ്രസ് നേതാവായിരുന്ന റീത്ത ബഹുഗുണ ജോഷിക്കെതിരെ നിരവധി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. എന്നാൽ 2016ൽ ബിജെപിയിലെത്തിയ അവർ 2019ൽ എംപിയായി. ഇപ്പോൾ യോഗി ആദിത്യനാഥിനൊപ്പമുള്ള സെൽഫികളിട്ട് അവർ പാർട്ടി പ്രവർത്തകരെ പരിഹസിക്കുകയാണെന്ന് ലലോറിയ പറയുന്നു.


റീത്ത ബഹു​ഗുണ ജോഷിയെ അമിത് ഷാ സ്വീകരിക്കുന്നു

ഉയർന്ന ജാതിയിൽപ്പെട്ടവരാണ് ഇത്തരത്തിൽ എളുപ്പത്തിൽ പാർട്ടി മാറുന്നതെന്ന് ബിജെപി പ്രവർത്തകർ പറയുന്നു. പണമാണ് പ്രധാനം. പണമെറിഞ്ഞ് ഇവർ സ്ഥാനങ്ങൾ സ്വന്തമാക്കുന്നു. സാധാരണക്കാരായ പ്രവർത്തകരെ പരിഗണിക്കാൻ നേതൃത്വം തയ്യാറാവുന്നില്ല. മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ പ്രവർത്തനത്തിലും യുപിയിലെ നേതാക്കൾക്ക് അതൃപ്തിയുണ്ട്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കിഴക്കൻ യുപിയിൽ ഡൽഹിയിൽനിന്നുള്ള നേതാക്കൾക്കാണ് സീറ്റ് നൽകിയത്. അവർ വോട്ടർമാർക്ക് ഒട്ടും പരിചിതരായിരുന്നില്ല. ഇവർ പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നു. ജനവികാരം എതിരാണെന്നും സ്ഥാനാർഥികളെ മാറ്റണമെന്നും നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും അവർ അംഗീകരിക്കാൻ തയ്യാറായില്ലെന്നും പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയിൽ ഒരു ജില്ലാ നേതാവ് പറഞ്ഞു. സ്ഥാനാർഥികളെ നിർണയിക്കുന്നതിൽ യോഗി ആദിത്യനാഥിന്റെ അഭിപ്രായം പോലും കേന്ദ്ര നേതൃത്വം പരിഗണിച്ചില്ല. തന്നെ പിന്തുണക്കുന്നവർക്ക് മാത്രമാണ് അമിത് ഷാ ടിക്കറ്റ് നൽകിയതെന്നും പ്രാദേശിക ബിജെപി നേതൃത്വം പറയുന്നു.

യോഗി ആദിത്യനാഥിനെതിരെ ബുത്ത് തലം മുതൽ പ്രധാനമന്ത്രിയുടെ ഓഫീസ് വരെ നീളുന്ന ലോബി പ്രവർത്തിക്കുന്നുണ്ട്. ആദിത്യനാഥ് പ്രധാനമന്ത്രി പദം ആവശ്യപ്പെടുമോ എന്ന് ഭയമുള്ളതിനാൽ അദ്ദേഹത്തെ ദുർബലനാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരത്തിൽ മുന്നോട്ട് പോയാൽ 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ ബിജെപി തുടച്ചുനീക്കപ്പെടുമെന്നും ശ്യാം കുമാർ മിത്തൽ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Byline - അഹമ്മദലി ശര്‍ഷാദ്

contributor

Similar News