രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിരിച്ചടി: 400 പ്രവർത്തകർ പാർട്ടി വിട്ടു

നേതാക്കളുടെ സസ്പെന്‍ഷന്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍ അസ്വാരസ്യത്തിന് ഇടയാക്കി

Update: 2024-04-13 05:45 GMT
Editor : Jaisy Thomas | By : Web Desk
Advertising

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. വെള്ളിയാഴ്ച 400 ഓളം പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രാഥമിക അംഗത്വം രാജിവച്ചു.നാഗൗർ ലോക്‌സഭാ സീറ്റിൽ കോൺഗ്രസ് രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയുമായി (ആർഎൽപി) സഖ്യമുണ്ടാക്കുകയും അത് ആർഎൽപിക്ക് വേണ്ടി ഒഴിയുകയും ചെയ്തിരുന്നു.

നാഗൗർ എംപിയും ആർഎൽപി അധ്യക്ഷനുമായ ഹനുമാൻ ബേനിവാളാണ് ഇവിടുത്തെ ഇന്‍ഡ്യാ മുന്നണി സ്ഥാനാര്‍ഥി. അതേസമയം, ബെനിവാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാഗൗറിലെ ബി.ജെ.പി സ്ഥാനാർഥി ജ്യോതി മിർധയ്ക്ക് അനുകൂലമായി പ്രചാരണം നടത്തിയെന്നാരോപിച്ച് മൂന്ന് കോൺഗ്രസ് പ്രവർത്തകരെ തിങ്കളാഴ്ച ആറ് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.മുൻ എംഎൽഎ ഭരറാം, കുച്ചേര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ തേജ്പാൽ മിർധ, സുഖറാം ദോദ്വാഡിയ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.നേതാക്കളുടെ സസ്പെന്‍ഷന്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍ അസ്വാരസ്യത്തിന് ഇടയാക്കി. സസ്‌പെൻഷനിൽ പ്രതിഷേധിച്ച് മൂന്ന് കോൺഗ്രസ് നേതാക്കളും പാർട്ടി അംഗത്വത്തിൽ നിന്ന് രാജിവെച്ചു.

"നിയമസഭാ തെരഞ്ഞെടുപ്പിൽ നാഗൗറിൽ കോൺഗ്രസ് ശക്തമായ നിലയിലായിരുന്നു. എട്ടിൽ നാല് സീറ്റും നേടി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോലും അതിൻ്റെ നില ഒരുപോലെ ശക്തമായിരുന്നു. എന്നിട്ടും എന്തിനാണ് ആർഎൽപിയുമായി സഖ്യമുണ്ടാക്കിയത്.നാഗൗറിൽ കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്ന ഉപകരണമാണ് ഹനുമാൻ ബേനിവാൾ. ഇത്തരമൊരു വ്യക്തിയുമായി സഖ്യമുണ്ടാക്കിയത് കോൺഗ്രസ് പ്രവർത്തകരെ വല്ലാതെ ഞെട്ടിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ എല്ലാവരും കൂട്ടരാജി കത്ത് നൽകുന്നത്'' തേജ്പാല്‍ മിര്‍ധ പറഞ്ഞു. ''പ്രാദേശിക കോൺഗ്രസ് സംസ്ഥാന ഘടകത്തിൻ്റെ സമ്മതമില്ലാതെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് ആർഎൽപിയുമായി സഖ്യമുണ്ടാക്കിയത്. ഈ സഖ്യം ഞങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ്. ജില്ലയിലാകെ കോൺഗ്രസിനെ പരാജയപ്പെടുത്താൻ ആർഎൽപി പ്രവർത്തിച്ചു. ഞങ്ങൾ ഒരിക്കലും ബിജെപിയുമായി വേദി പങ്കിട്ടില്ല. എന്നിട്ടും ബെനിവാൾ പുറത്താക്കി. ഞങ്ങളെ പാർട്ടിയിൽ നിന്ന്, യാതൊരു വിവരവും കാണിക്കാതെ, നേരിട്ട് തുഗ്ലക്ക് ഉത്തരവിറക്കി, ഞങ്ങളെ പുറത്താക്കി, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇത് കുപ്രചരണ മാത്രമാണെന്നും ആൾക്കൂട്ടത്തിലുള്ളവർ എപ്പോഴും കോൺഗ്രസ് അംഗങ്ങളല്ലെന്നും കോൺഗ്രസ് പ്രവർത്തകനായ വരുൺ പുരോഹിത് പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News