പൊലീസ് സംഘത്തെ ആക്രമിച്ച് കൊടുംകുറ്റവാളിയെ മോചിപ്പിച്ച് ഗ്രാമീണർ; എഎസ്ഐ കൊല്ലപ്പെട്ടു
ഒരു വിവാഹ ചടങ്ങിൽ നിന്ന് മയക്കുമരുന്ന് കടത്തുകാരനായ അൻമോൾ യാദവ് എന്ന കുറ്റവാളിയെയും സംഘത്തെയും പിടികൂടാൻ എത്തിയപ്പോഴായിരുന്നു പൊലീസ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്.


പട്ന: ബീഹാറിൽ പൊലീസ് സംഘത്തെ ആക്രമിച്ച് കുപ്രസിദ്ധ കുറ്റവാളിയെ മോചിപ്പിച്ച് ഗ്രാമീണർ. ആക്രമണത്തിൽ എഎസ്ഐ കൊല്ലപ്പെട്ടു. അരാരിയ ജില്ലയിലെ ഫുൽക്കഹ സ്റ്റേഷനിലെ എഎസ്ഐ രാജീവ് രഞ്ജൻ (45) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞദിവസം പുലർച്ചെ ജില്ലയിലെ ലക്ഷ്മിപൂർ ഗ്രാമത്തിൽ ഒരു വിവാഹ ചടങ്ങിൽ നിന്ന് മയക്കുമരുന്ന് കടത്തുകാരനായ അൻമോൾ യാദവ് എന്ന കുറ്റവാളിയെയും സംഘത്തെയും പിടികൂടാൻ എത്തിയപ്പോഴായിരുന്നു രാജീവ് രഞ്ജന്റെ നേതൃതൃത്തിലുള്ള പൊലീസ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിനിടെ പരിക്കേറ്റ എഎസ്ഐ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മയക്കുമരുന്ന് കടത്തുകാരൻ അൻമോൾ യാദവ് ലക്ഷ്മിപൂരിലെ ഒരു വിവാഹ ചടങ്ങിൽ ഉണ്ടെന്ന് പുലർച്ചെ ഒരു മണിയോടെ പൊലീസിന് വിവരം ലഭിച്ചതായി അരാരിയ എസ്പി അഞ്ജനി കുമാർ പറഞ്ഞു. തുടർന്ന് ഇയാളെ പിടികൂടാൻ ഒരു സംഘം പൊലീസുകാർ റെയ്ഡ് നടത്തുകയായിരുന്നു. അൻമോൾ യാദവിനെ പിടികൂടിയപ്പോൾ, ഇയാളുടെ കൂട്ടാളികളായ ഒരു സംഘം പൊലീസ് കസ്റ്റഡിയിൽനിന്ന് ബലമായി മോചിപ്പിക്കുകയായിരുന്നു.
സംഘർഷത്തിനിടെ, എഎസ്ഐയെ കൈയേറ്റം ചെയ്യുകയും തുടർന്ന് അദ്ദേഹം താഴെവീഴുകയുമായിരുന്നു. എഎസ്ഐയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചെന്ന് ഫോർബെസ്ഗഞ്ച് ഡിഎസ്പി മുകേഷ് കുമാർ സാഹ പറഞ്ഞു. സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ആക്രമണത്തിൽ പങ്കുള്ള മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മുൻഗർ ജില്ലയിലെ നയാ രാംനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജാനകിനഗർ സ്വദേശിയായ രഞ്ജൻ 2007ലാണ് പൊലീസ് സേനയിൽ ചേർന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഫുൽക്കഹ പൊലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്.