പാക് ചാര സംഘടനയ്ക്ക് സൈനിക രഹസ്യവിവരങ്ങൾ കൈമാറി; യുപിയിൽ കേന്ദ്ര ആയുധ ഫാക്ടറി ഉദ്യോഗസ്ഥൻ പിടിയിൽ
നേഹ ശർമയെന്ന പേരിൽ രവീന്ദ്രകുമാറുമായി ഫേസ്ബുക്കിലൂടെ കഴിഞ്ഞവർഷമാണ് ചാരസംഘടനയിലെ യുവതി പരിചയപ്പെട്ടത്.


ലഖ്നൗ: ഉത്തർപ്രദേശിൽ പാക് ചാര സംഘടനയായ ഐഎസ്ഐയ്ക്ക് സൈനിക രഹസ്യവിവരങ്ങൾ കൈമാറിയ കേന്ദ്ര ആയുധ ഫാക്ടറി ഉദ്യോഗസ്ഥൻ പിടിയിൽ. ഫിറോസാബാദിലെ ഹസ്രത്പൂർ ആസ്ഥാനമായുള്ള ആയുധ ഫാക്ടറിയിൽ ജോലി ചെയ്യുന്ന രവീന്ദ്രകുമാറും ആഗ്ര സ്വദേശിയായ ഇയാളുടെ സഹായിയുമാണ് അറസ്റ്റിലായത്. ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡാണ് ഇരുവരേയും പിടികൂടിയത്. ഹണിട്രാപ്പിൽപ്പെട്ട് പാകിസ്താൻ ചാരവനിതയ്ക്ക് രഹസ്യ സൈനിക വിവരങ്ങൾ പങ്കിടുകയായിരുന്നു രവീന്ദ്രകുമാർ.
പല സെൻസിറ്റീവ് രേഖകളും സംബന്ധിച്ച് രവീന്ദ്രകുമാറിന് അറിവുണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ദൈനംദിന പ്രൊഡക്ഷൻ റിപ്പോർട്ടുകൾ, സ്‌ക്രീനിങ് കമ്മിറ്റിയിൽ നിന്നുള്ള രഹസ്യ കത്തുകൾ, തീർപ്പാക്കാത്ത അഭ്യർഥന പട്ടിക, ഡ്രോണുകൾ, ഗഗൻയാൻ പദ്ധതി എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടെയുള്ള അങ്ങേയറ്റം രഹസ്യമായ വിവരങ്ങൾ ഐഎസ്‌ഐയുമായി ബന്ധമുള്ള ഒരു സ്ത്രീയുമായി ഇയാൾ പങ്കിട്ടതായി അന്വേഷണത്തിൽ വ്യക്തമായി.
നേഹ ശർമയെന്ന പേരിൽ രവീന്ദ്രകുമാറുമായി ഫേസ്ബുക്കിലൂടെ കഴിഞ്ഞവർഷമാണ് ചാരസംഘടനയിലെ യുവതി പരിചയപ്പെട്ടത്. ഒടുവിൽ, പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയിൽ ജോലി ചെയ്യുന്നുവെന്ന് വെളിപ്പെടുത്തിയെങ്കിലും രവീന്ദ്രയെ ഹണിട്രാപ്പിൽപെടുത്താൻ യുവതിക്ക് കഴിഞ്ഞു. ചന്ദൻ സ്റ്റോർ കീപ്പർ 2 എന്ന പേരിൽ രവീന്ദ്ര യുവതിയുടെ നമ്പർ സേവ് ചെയ്തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. യുവതിയുടെ വാഗ്ദാനങ്ങളിൽ പ്രേരിതനായി ഇയാൾ വാട്ട്‌സ്ആപ്പ് വഴി രഹസ്യരേഖകൾ അയച്ചുകൊടുത്തതായി ഉദ്യോഗസ്ഥർ പറയുന്നു.
പരിശോധനയിൽ രവീന്ദ്രയുടെ മൊബൈലിൽനിന്ന് പല നിർണായക വിവരങ്ങളും എടിഎസ് ഉദ്യോഗസ്ഥർ കണ്ടെത്തി. ഓർഡനൻസ് ഫാക്ടറിയിലെയും 51 ഗൂർഖ റൈഫിൾസ് റെജിമെന്റിലെയും മുതിർന്ന ഉദ്യോഗസ്ഥർ നടത്തിയ ലോജിസ്റ്റിക്സ് ഡ്രോൺ പരീക്ഷണങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ഉൾപ്പെടെ അതിലുണ്ടായിരുന്നു. ഇന്ത്യയുടെ പ്രതിരോധ പദ്ധതികളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളടക്കം കൈമാറി പാകിസ്താനിലെ ഐഎസ്‌ഐ ഏജന്റുമാരുമായി ഇയാൾ നേരിട്ട് ആശയവിനിമയം നടത്തിയിരുന്നതായി ഉദ്യോഗസ്ഥർ പറയുന്നു.
രവീന്ദ്രയുടെ അറസ്റ്റിനു പിന്നാലെയാണ് ഇയാളുടെ സഹായിയേയും പിടികൂടിയത്. ഇയാളിൽ നിന്ന് കണ്ടെത്തിയ വാട്ട്‌സ്ആപ്പ് ചാറ്റുകളും രഹസ്യരേഖകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ അന്വേഷണത്തിന്റെ ഭാഗമായി എടിഎസ് വിശകലനം ചെയ്തുവരികയാണ്.
കേന്ദ്രസർക്കാരിന് കീഴിലുള്ള ഒരു പ്രതിരോധ പൊതുമേഖലാ സ്ഥാപനമാണ് കാൺപൂരിലെ ട്രൂപ്പ് കംഫർട്ട്സ് ലിമിറ്റഡിന്റെ യൂണിറ്റായ ഹസ്രത്ത്പൂർ ഓർഡനൻസ് ഉപകരണ ഫാക്ടറി. 40 വർഷത്തിലേറെയായി, പ്രതിരോധ സേനകൾക്കുൾപ്പെടെ ലോകത്തിലെ ഏറ്റവും മികച്ച ഉപകരണങ്ങളും മറ്റും വിതരണം ചെയ്യുന്ന സ്ഥാപനമാണിത്.