'മറ്റേതെങ്കിലും മതത്തിനെതിരെ ഇങ്ങനെ പറയാന്‍ ധൈര്യമുണ്ടോ?; പിണറായിക്കെതിരെ ബിജെപി

'സനാതന ധര്‍മത്തെ അവര്‍ വീണ്ടും അപമാനിക്കുകയാണ്'

Update: 2025-01-01 08:38 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: സനാതന ധര്‍മത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തെ അപലപിച്ച് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല. തീവ്രവാദ വോട്ടുകള്‍ നേടുന്നതിനായി പിണറായി ഹിന്ദുമതത്തെ അപമാനിച്ചുവെന്ന് ബിജെപി വക്താവ് ആരോപിച്ചു. മറ്റ് മതങ്ങള്‍ക്കെതിരെ സമാനമായ പരാമര്‍ശങ്ങള്‍ നടത്താന്‍ ധൈര്യമുണ്ടോയെന്ന് പൂനെവാല പിണറായിയെ വെല്ലുവിളിച്ചു.

''പുതുവര്‍ഷം ആരംഭിച്ചിരിക്കുന്നു, പക്ഷേ, അവരുടെ മനോഭാവത്തില്‍ ഒരു മാറ്റവുമില്ല. സനാതന ധര്‍മത്തെ അവര്‍ വീണ്ടും അപമാനിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. വോട്ടു ബാങ്ക് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് തങ്ങളെ മറികടന്നുവെന്നാണ് ഇടതുപക്ഷം കരുതുന്നത്. തീവ്രവാദ വോട്ട് നേടാന്‍ അവര്‍ ഹിന്ദുമത വിശ്വാസത്തിനും സനാതന ധര്‍മത്തിനും നേരെ ഇത്തരത്തില്‍ അധിക്ഷേപങ്ങള്‍ നടത്തുന്നു. മറ്റേതെങ്കിലും മതത്തിനെതിരെ പറയാന്‍ ഇവര്‍ക്ക് ധൈര്യമുണ്ടോ? അവര്‍ അങ്ങനെ പറയുന്നില്ലല്ലോയെന്നും'' പൂനെവാല ചോദിച്ചു.

ചൊവ്വാഴ്ച ശിവഗിരി തീര്‍ഥാടനത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. സനാതനധർമത്തിൻ്റെ വക്താവായി ശ്രീനാരായണ ഗുരുവിനെ മാറ്റാൻ സംഘടിത ശ്രമം നടക്കുന്നുണ്ടെന്നാണ് പിണറായി പറഞ്ഞത്. ''ഗുരുവിനെ സനാതന ധർമത്തിന്‍റെ ചട്ടക്കൂട്ടിലാക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അവഹേളനമാണ്. ഗുരുവിനെ ജാതിയുടെ കള്ളിയിൽ ഒതുക്കുകയാണ്. ജാതി വിവേചനത്തിനെതിരെ പോരാടിയ ഗുരുവിനെ സനാതന ധർമത്തിന്‍റെ വക്താവാക്കാനാണ് സംഘപരിവാർ ശ്രമം. സനാതന ഹിന്ദുത്വം എന്നതിലൂടെ രാജാധിപത്യ ഹിന്ദുത്വമാണ് ലക്ഷ്യമിടുന്നതെന്നും'' മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ സനാതന ധർമം ഉൻമൂലനം ചെയ്യാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നായിരുന്നു ബിജെപി നേതാവ് വി.മുരളീധരന്‍റെ പ്രതികരണം. സനാതന ധർമപ്രകാരം ഏതിലും എന്തിലും ദൈവം ഉണ്ടെന്നാണ്, അതിനാൽ ശ്രീനാരായണ ഗുരുവിനെ ദൈവമായി കാണാമെന്ന് വെള്ളാപ്പള്ളി നടേശനും പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News