'കേന്ദ്രത്തിൽ 30 വർഷമെങ്കിലും ബിജെപി അധികാരത്തിലുണ്ടാകും'- അമിത് ഷാ
''ആർട്ടിക്കിൾ 370 റദ്ദാക്കുമെന്നും അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്നും പറഞ്ഞിരുന്നു. രണ്ടും നടപ്പിലാക്കി. ഇനി ബാക്കിയുള്ളത് ഏകീകൃത സിവിൽകോഡാണ്''


ന്യൂഡല്‍ഹി: കേന്ദ്രത്തിൽ കുറഞ്ഞത് 30 വർഷമെങ്കിലും ബിജെപി അധികാരത്തിലുണ്ടാകുമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
'' ബിജെപിയുടെ ദേശീയ അദ്ധ്യക്ഷനായിരുന്നപ്പോള്‍, അടുത്ത 30 വർഷത്തേക്ക് ബിജെപി അധികാരത്തിൽ തുടരുമെന്ന് ഞാൻ പറഞ്ഞിരുന്നു. ഇപ്പോൾ 10 വർഷം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇനിയും വര്‍ഷങ്ങള്‍ ബാക്കിയുണ്ട്''- അദ്ദേഹം വ്യക്തമാക്കി. ടൈംസ് നൗ സംഘടിപ്പിച്ചൊരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
'' ബിജെപി രൂപീകരിച്ചത് മുതല്‍ അതിന്റെ പ്രധാന അജണ്ടകളിലൊന്നായതിനാൽ, ഏകീകൃത സിവിൽ കോഡ്(യുയുസി) നടപ്പിലാക്കും. ആർട്ടിക്കിൾ 370 റദ്ദാക്കുമെന്ന് പറഞ്ഞു. ഞങ്ങളത് ചെയ്തു. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്നും വ്യക്തമാക്കിയിരുന്നു. അതും നടപ്പിലാക്കി. ഇനി ബാക്കിയുള്ളത് ഏകീകൃത സിവില്‍കോഡാണ്. അതും ഞങ്ങള്‍ നടപ്പിലാക്കും''- അമിത് ഷാ വ്യക്തമാക്കി.
''ഉത്തരാഖണ്ഡ് യുയുസി നടപ്പിലാക്കി. ഗുജറാത്ത് അതിനായി ഒരു കമ്മിറ്റി രൂപീകരിച്ചു. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാന സർക്കാരുകളും ഒന്നൊന്നായി ഇത് അവതരിപ്പിക്കും''- അമിത് ഷാ കൂട്ടിച്ചേര്‍ത്തു. അതേസമയം 1991ലെ ആരാധനാലയ നിയമത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് അമിത് ഷാ ഒഴിഞ്ഞുമാറി. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
അതേസമയം കോടതി വിധി എന്തു തന്നെയായാലും അംഗീകരിക്കുമെന്നും അമിത് ഷാ പറയുന്നു. സർക്കാർ ഇതുവരെ കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ, ഉടനുണ്ടാകുമെന്നായിരുന്നു മറുപടി. നിയമത്തെ ചോദ്യം ചെയ്യുന്ന ഒന്നിലധികം ഹർജികൾ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.