പ്രതിപക്ഷ പ്രതിഷേധം: ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിലും ഇരു സഭകളും പ്രക്ഷുബ്ധമായിരുന്നു
ന്യൂഡൽഹി: മോദി-അദാനി വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിലും ഇരു സഭകളും പ്രക്ഷുബ്ധമായിരുന്നു.
പ്രതിപക്ഷ സമീപനം രാജ്യഹിതത്തിന് ചേർന്നതല്ലെന്നു സ്പീക്കർ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ ഉച്ചക്ക് രണ്ടുമണിവരെ പിരിഞ്ഞു. കഴിഞ്ഞ മാസം 13ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് അവസാനിച്ചു. അദാനി വിഷയത്തിൽ ചർച്ചയും സംയുക്ത പാർലമെന്ററി സമിതി അന്വേഷണവും വേണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ച് നിൽക്കുകയാണ്. പ്രതിപക്ഷ ആവശ്യങ്ങളോട് സർക്കാർ മുഖം തിരിച്ചതോടെ ഈ സഭാ കാലയളവിൽ ഒരു ദിവസം പോലും നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചിട്ടില്ല.
പാർലമെന്റ് നടപടികൾ സ്തംഭിപ്പിച്ചതിന് പിന്നാലെ എംപിമാർ വിജയ് ചൗക്കിലേക്ക് ദേശീയ പതാകയുമായി മാർച്ച് സംഘടിപ്പിച്ചു. സർക്കാരിന് അദാനി വിഷയത്തിൽ എന്തൊക്കെയോ മറയ്ക്കാൻ ഉള്ളത് കൊണ്ടാണ് ചർച്ചയും അന്വേഷണവും നടത്താൻ തയ്യാറാകാത്തത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.