ഗോൾവാൾക്കറെ കുറിച്ചുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; ദിഗ്‍വിജയ് സിങ്ങിനെതിരെ കേസെടുത്തു

പോസ്റ്റ് സംഘ് പ്രവർത്തകരുടെയും മുഴുവൻ ഹിന്ദു സമുദായത്തിന്റെയും മതപരമായ വിശ്വാസത്തെയും വ്രണപ്പെടുത്തിയെന്നാണ് പരാതി

Update: 2023-07-09 08:32 GMT
Editor : Lissy P | By : Web Desk
Advertising

ഇന്‍ഡോര്‍: ആർ.എസ്.എസ് മുൻ മേധാവി എം.എസ് ഗോൾവാൾക്കറെ കുറിച്ചുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കോൺഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ്ങിനെതിരെ ഇൻഡോർ പൊലീസ് കേസെടുത്തു. അഭിഭാഷകനും ആർ.എസ്.എസ് പ്രവർത്തകനുമായ രാജേഷ് ജോഷിയുടെ പരാതിയിലാണ് നടപടി.

ഐ.പി.സി 153 എ( മതം,വംശം ജന്മസ്ഥലം,താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക), 469(പ്രശസ്തിക്ക് കോട്ടം വരുത്തുക), 500 (അപകീർത്തിപ്പെടുത്തൽ) ,505(പൊതുവിദ്വേഷം ഉണ്ടാക്കുന്ന പ്രസ്താവനകൾ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ദലിതർ, പിന്നാക്ക വിഭാഗക്കാർ, മുസ്‍ലിങ്ങൾ, ഹിന്ദുക്കൾ, എന്നിവർക്കെതിരെ സംഘർഷം സൃഷ്ടിക്കാൻ പ്രേരിപ്പിക്കുന്ന ഗോൾവാൾക്കറുടെ ചിത്രമുള്ള പോസ്റ്റർ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചെന്നാണ് പരാതിയിലുള്ളത്.

ഗോൾവാക്കറുടെ നിരവധി വിവാദ പരാമർശങ്ങൾ ഉൾക്കൊള്ളുന്ന ഒരു പേജിന്റെ ചിത്രമായിരുന്നു ദിഗ്‍വിജയ് സിങ് ട്വീറ്റ് ചെയ്തത്. ദലിതർക്കും പിന്നാക്കക്കാർക്കും മുസ്ലിങ്ങൾക്കും തുല്യാവകാശം നൽകുന്നതിനേക്കാൾ ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നടക്കമുള്ള വിവാദ പ്രസ്താവനകളും ആ പോസ്റ്റിലുണ്ടായിരുന്നു. എന്നാൽ  പോസ്റ്റ് സംഘ് പ്രവർത്തകരുടെയും മുഴുവൻ ഹിന്ദു സമുദായത്തിന്റെയും മതപരമായ വിശ്വാസത്തെയും വ്രണപ്പെടുത്തിയെന്നും പരാതിയിലുണ്ട്. 1940-73 കാലഘട്ടത്തില്‍ ആര്‍എസ്എസ് തലവനായിരുന്നു ഗോള്‍വാള്‍ക്കര്‍.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News