ട്രെയിനുകളില്‍ ഭക്ഷണ വിൽപ്പന പുനരാരംഭിക്കും
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ട്രെയിനുകളില്‍ ഭക്ഷണ വില്‍പ്പന നിര്‍ത്തിവെച്ചത്.
ട്രെയിനുകളില്‍ പാകം ചെയ്ത ഭക്ഷണ വിൽപ്പന പുനരാരംഭിക്കാൻ റെയിൽവേ തീരുമാനിച്ചു. രാജധാനി, ശതാബ്ദി, തുരന്തോ, വന്ദേ ഭാരത്, തേജസ്, ഗതിമാൻ എന്നീ ട്രെയിനുകളിലാണ് ഭക്ഷണം ലഭിക്കുക. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ട്രെയിനുകളില്‍ ഭക്ഷണ വില്‍പ്പന നിര്‍ത്തിവെച്ചത്.
ട്രെയിനുകളില്‍ ഭക്ഷണ വിതരണം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചതായി അറിയിച്ച് റെയില്‍വേ ഐ.ആര്‍.സി.ടിസിക്ക് നേരത്തെ കത്തയച്ചിരുന്നു. യാത്രക്കാര്‍ക്ക് വെബ്സൈറ്റ് വഴി ഭക്ഷണം ബുക്ക് ചെയ്യാം. കാറ്ററിങ് സര്‍വീസ് പുനരാരംഭിക്കുന്നതിനെ കുറിച്ച് യാത്രക്കാരെ എസ്എംഎസ്, ഇ മെയില്‍ വഴി അറിയിക്കാനും ആലോചനയുണ്ട്.
അതോടൊപ്പം അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടൻ സാധാരണ നിലയിലാകുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. നിലവിൽ ഈ മാസം 30 വരെയാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക്. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ചിലാണ് അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചത്.
രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ വിവിധ രാജ്യങ്ങളുമായി എയർ ബബിൾ കരാറുണ്ടാക്കി അന്താരാഷ്‌ട്ര സർവീസുകൾ നടത്തിയിരുന്നു. ഇന്ത്യക്ക് 25 രാജ്യങ്ങളുമായാണ് എയർ ബബിൾ കരാറുള്ളത്. രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ സാധാരണഗതിയിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു.
രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം മേയിലാണ് സർക്കാർ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചത്. പരമാവധി 33 ശതമാനം വരെ സർവീസ് നടത്താൻ എയർലൈനുകൾക്ക് ആദ്യം അനുമതി നൽകിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബറോടെ ആ പരിധി ക്രമേണ 80 ശതമാനമായി ഉയർത്തുകയായിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തെ തുടർന്ന് രാജ്യം ഈ വർഷം ജൂണിൽ നിരക്ക് 50 ശതമാനമായി കുറച്ചു.