മുഗൾ ഭരണാധികാരികളെ വില്ലന്മാരാക്കുന്ന 'ഛാവ' പാർലമെന്റിൽ പ്രദർശിപ്പിക്കും; പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും എത്തും
അടുത്തിടെ നാഗ്പൂരില്‍ അരങ്ങേറിയ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഹേതുവായത് ഛാവയായിരുന്നു. ഇക്കാര്യം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെ വ്യക്തമാക്കിയിരുന്നു


ന്യൂഡല്‍ഹി: മുഗൾ ഭരണാധികാരികളെ വില്ലന്മാരായി ചിത്രീകരിക്കുന്ന ബോളിവുഡ് സിനിമയായ 'ഛാവ' പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിക്കും.
മാര്‍ച്ച് 27ന് ചിത്രം പാര്‍ലമെന്റിലെ ലൈബ്രറി ബില്‍ഡിങ്ങില്‍ പ്രദര്‍ശിപ്പിക്കാനാണ് നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും എംപിമാരും പ്രദര്‍ശനം കാണാനെത്തുമെന്നാണ് വിവരം.
ചിത്രത്തിന്റെ മുഴുവന്‍ അണിയറപ്രവര്‍ത്തകരും പാര്‍ലമെന്റിലെ ഈ പ്രത്യേക സ്‌ക്രീനിങ്ങിന്റെ ഭാഗമായേക്കും. വിക്കി കൗശലും രശ്മിക മന്ദാനയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം അടുത്തിടെ നാഗ്പൂരില്‍ അരങ്ങേറിയ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഹേതുവായത് ഛാവയായിരുന്നു. ഇക്കാര്യം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെ വ്യക്തമാക്കിയതാണ്.
മറാത്ത രാജാവായിരുന്ന ശിവാജിയുടെ മകനായ സംഭാജിയുടെ കഥ പറയുന്നു എന്ന പേരില്‍, മുഗള്‍ സാമ്രാജ്യത്തെയും ഔറംഗസീബിനെയും മോശമായാണ് ചിത്രീകരിക്കുന്നതെന്നാണ് വിമര്‍ശനം. മഹാരാഷ്ട്രയിലെ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ അബു അസ്മിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് നിയമസഭയില്‍ നിന്ന് സസ്പെന്‍ഷന്‍ വരെ ലഭിക്കുകയും ചെയ്തു.
അടുത്തിടെ ഒരു ചടങ്ങില്‍വെച്ച് ചിത്രത്തെ മോദി പുകഴ്ത്തിയിരുന്നു. രാജ്യമെമ്പാടും ഛാവ തരംഗം സൃഷ്ടിക്കുകയാണെന്നാണ് മോദി പറഞ്ഞത്.