മണിപ്പൂരിൽ സിആർപിഎഫും കുകി സായുധസംഘവും തമ്മിൽ ഏറ്റുമുട്ടൽ; 11 പേർ കൊല്ലപ്പെട്ടു
സിആർപിഎഫ് ക്യംപിലേക്ക് സായുധസംഘം വെടിയുതിർക്കുകയായിരുന്നു
മണിപ്പൂർ: ജിരിബാമിൽ സിആർപിഎഫും കുക്കി സായുധ സംഘങ്ങളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 11 കുക്കി സായുധ സംഘാംഗങ്ങളെ വെടിവെച്ച് കൊലപ്പെടുത്തി.
ജിരിബാമിലെ സിആർപിഎഫ് ക്യാപിന് നേരെ കുക്കി സായുധ സംഘങ്ങൾ വെടിവെപ്പ് നടത്തുകയായിരുന്നു. തുടർന്ന് സിആർപിഎഫും തിരിച്ച് വെടിവെപ്പ് നടത്തുകയായിരുന്നു. ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു. ജവാനെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി.
സായുധസംഘത്തെ വെടിവെച്ചു കൊന്നതിൽ കുക്കി സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധം മുന്നിൽ കണ്ട് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. കൂടുതൽ പൊലീസിനെയും സൈനികരെയും പ്രദേശത്തേക്കയക്കാനായി ഉത്തരവ് പുറപ്പെടുവിച്ചു.
കഴിഞ്ഞ ദിവസം ബിഷ്ണുപൂർ ജില്ലയിൽ സൈതോൺ ഗ്രാമത്തിൽ യുവതിയെ സായുധസംഘം വെടിവെച്ചുകൊന്നിരുന്നു. വയലിൽ ജോലി ചെയ്യുന്നതിനിടെ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ആക്രമണമുണ്ടായത്. മൂന്ന് ദിവസത്തിനിടെ മണിപ്പൂരിലെ രണ്ടാമത്തെ കൊലപാതകമാണിത്.നവംബർ ഏഴിന് ജിരിബം ജില്ലയിൽ 31 വയസുകാരിയായ അധ്യാപികയെ കാലിന് വെടിവെച്ചുവീഴ്ത്തി ജീവനോടെ തീകൊളുത്തിയിരുന്നു. അക്രമികൾ മറ്റു ഗ്രാമവാസികളെയും ആക്രമിക്കുകയും വീടുകൾക്ക് തീയിടുകയും ചെയ്തിരുന്നു. കൊലപാതകത്തെ തുടർന്ന് ജിരിബാം ജില്ലയിൽ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു.
അക്രമികളെ പിടികൂടുന്നതിനായി സംസ്ഥാന പൊലീസുമായി ചേർന്ന് പ്രത്യേക ഓപ്പറേഷൻ നടത്തുമെന്ന് സൈന്യം പറഞ്ഞിരുന്നു. വിളവെടുപ്പ് കാലത്ത് സാധാരണ ആക്രമണങ്ങൾ കുറയാറുണ്ട്. എന്നാൽ വിവിധ ഗോത്രവിഭാഗങ്ങൾ തമ്മിൽ ആധിപത്യത്തിനായുള്ള പോരാട്ടം തുടരുകയാണെന്നാണ് ഈ രണ്ട് ആക്രമണങ്ങളും വ്യക്തമാക്കുന്നതെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.