കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നിർണായ ചർച്ചകൾ ഇന്ന് കൊച്ചിയിൽ; അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും രാഹുലിനെ കാണും
രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത ഗെഹ്‌ലോട്ടിന്റെ നിലപാടിൽ പ്രതിസന്ധിയിലായി നേതൃത്വം
ഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ചർച്ചകൾ ഇന്ന് കേരളത്തിൽ. അശോക് ഗെഹ്‍ലോട്ട് സച്ചിൻ പൈലറ്റും രാഹുൽ ഗാന്ധിയായി കൂടിക്കാഴ്ച നടത്തും. അധ്യക്ഷനായാലും രാജസ്ഥാൻ മുഖ്യമന്ത്രി പഥം ഒഴിയില്ലെന്ന നിലപാടിലാണ് ഗെഹ്‍ലോട്ട്. അധ്യക്ഷ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറക്കും.
ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനാണ് അശോക് ഗെഹ്‍ലോട്ട് കേരളത്തിൽ എത്തുന്നത് എന്ന് പറയുമ്പോഴും കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ചർച്ചകൾ തന്നെയാണ് ലക്ഷ്യം. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്ന ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തും രാജസ്ഥാൻ മുഖ്യമന്ത്രി പഥത്തിലും തുടരാനുള്ള താല്പര്യം അറിയിക്കും. മത്സരത്തിലൂടെയാണ് താൻ പദവികളിൽ എത്തിയതെന്ന് ഗെഹ്‍ലോട്ട് വ്യക്തമാക്കുന്നു. ഇന്നലെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയിലും ഇതേ കാര്യങ്ങൾ തന്നെയാണ് മുന്നോട്ട് വെച്ചത്. തന്റെ പല താല്പര്യങ്ങളും ത്യജിച്ചു കൊണ്ടാണ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത് എന്ന് സോണിയ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ ഗെഹ്‍ലോട്ട് വ്യക്തമാക്കി.
അധ്യക്ഷനാകണമെന്ന് സോണിയ ഗാന്ധി നേരിട്ട് ആവശ്യപ്പെട്ട സാഹചര്യത്തിൽ ഗെഹ്ലോട്ടിന്റെ വാദങ്ങളെ പൂർണ്ണമായും ഹൈക്കമാൻഡ് തള്ളുന്നില്ല. രാജസ്ഥാനിൽ നടന്ന ചിന്തൻ ശിബിർ തീരുമാനങ്ങൾ ഉയർത്തി, ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് തടയാനാണ്, സച്ചിൻ പൈലറ്റ് പക്ഷത്തിന്റെ നീക്കം. ഒരാൾക്ക് ഒരു പദവി എന്ന തീരുമാനം രാജസ്ഥാനിൽ അട്ടിമറിക്കരുത് എന്ന് സച്ചിൻ അവശ്യപ്പെടുന്നു. പല ഘട്ടത്തിലും തന്നെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാമെന്ന് നേതൃത്വം ഉറപ്പ് നൽകിയിരുന്ന കാര്യം സച്ചിൻ രാഹുലിനെ ഓർമ്മിപ്പിക്കും. അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാൻ കോൺഗ്രസിലെ പൊട്ടിത്തെറിക്ക് പരിഹാരം കാണുകയാണ് ഹൈക്കമാൻഡിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറക്കും.
അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയിൽ പര്യടനം പൂർത്തിയാക്കി തൃശൂർ ജില്ലയിൽ പ്രവേശിക്കും. രാവിലെ ആറരക്ക് ആലുവ ദേശം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര കറുകുറ്റിയിൽ സമാപിക്കും. പൊതുമേഖലാ സ്ഥാപനങ്ങളിലേയും ബാങ്കുകളിലേയും തൊഴിലാളികളുമായി രാഹുൽ ഗാന്ധി സംവദിക്കും. വൈകിട്ട് തൃശൂർ ജില്ലയിൽ പ്രവേശിക്കുന്ന യാത്ര ചാലക്കുടിയിലാണ് സമാപിക്കുന്നത്.