'കോൺഗ്രസിനെ ഇൻഡ്യയിൽനിന്ന് പുറത്താക്കണം'; നിലപാട് കടുപ്പിച്ച് എഎപി, ഡൽഹിയിൽ നടക്കുന്നതെന്ത്?
മാക്കന്റെ വിവാദ പരാമര്‍ശത്തിനും യൂത്ത് കോൺഗ്രസ് പരാതിക്കും പിന്നാലെ കോൺഗ്രസിനോട് മയം വേണ്ടെന്ന നിലപാടെടുത്തിരിക്കുകയാണ് ആം ആദ്മി പാർട്ടി
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്കു പോകുമ്പോൾ ഇൻഡ്യ മുന്നണിയിൽ പ്രതിസന്ധി സൃഷ്ടിച്ച് കോൺഗ്രസ്-എഎപി പരസ്യപ്പോര്. കോൺഗ്രസ് നേതാവ് അജയ് മാക്കൻ അരവിന്ദ് കെജ്‌രിവാളിനെതിരെ നടത്തിയ 'രാജ്യദ്രോഹി' പരാമർശം അതീവ ഗൗരവത്തോടെയാണ് എഎപി എടുത്തിരിക്കുന്നത്. മാക്കനെതിരെ 24 മണിക്കൂറിനകം നടപടിയില്ലെങ്കിൽ കോൺഗ്രസിനെ ഇൻഡ്യ സഖ്യത്തിൽനിന്ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ടു ഘടകകക്ഷികളുമായി ചർച്ച നടത്തുമെന്നു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് എഎപി നേതാക്കൾ.
അതിനിടെ, ഇല്ലാത്ത ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് പൊതുജനങ്ങളെ കബളിപ്പിച്ചെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് അരവിന്ദ് കെജ്‌രിവാളിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതും എഎപിയുടെ കടുത്ത നിലപാടിനിടയാക്കിയിട്ടുണ്ട്. പരാതി നൽകിയ യൂത്ത് കോൺഗ്രസ് കമ്മിറ്റിക്കെതിരെയും നടപടി സ്വീകരിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്കു നീങ്ങുമെന്നാണ് എഎപി മുന്നറിയിപ്പ് നൽകിയത്.
നേരത്തെ, അരവിന്ദ് കെജ്‌രിവാൾ തന്നെ കോൺഗ്രസ് സമീപനത്തിൽ അതൃപ്തി പരസ്യമാക്കിയിരുന്നു. ഇൻഡ്യ സഖ്യത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഉടനുണ്ടാകുമെന്നും അക്കാര്യം പാർട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ് പ്രഖ്യാപിക്കുമെന്നുമാണ് അദ്ദേഹം ഇന്നു മാധ്യമങ്ങളോട് സൂചിപ്പിച്ചത്. ഇതിനു പിന്നാലെ ഡൽഹി മുഖ്യമന്ത്രി അതിഷിയും സഞ്ജയ് സിങ്ങും മാധ്യമങ്ങൾക്കു മുന്നിലെത്തി.
അരവിന്ദ് കെജ്‌രിവാളിനെ രാജ്യദ്രോഹിയെന്നു വിളിച്ചതിലൂടെ എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണ് മാക്കനെന്ന് സഞ്ജയ് സിങ് പറഞ്ഞു. ഒരു ബിജെപി നേതാവിനെയും അദ്ദേഹം ഇങ്ങനെ വിളിച്ചിട്ടില്ല. പരാമർശത്തിൽ മാക്കനെതിരെ കോൺഗ്രസ് നടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ ഇൻഡ്യയിലെ മറ്റു കക്ഷികളെ സമീപിച്ച് കോൺഗ്രസിനെ സഖ്യത്തിൽനിന്നു പുറത്താക്കാൻ ആവശ്യപ്പെടുമെന്നാണ് സഞ്ജയ് സിങ് വ്യക്തമാക്കിയത്.
കോൺഗ്രസ് തങ്ങളെ രാജ്യദ്രോഹികളായാണു കണക്കാക്കുന്നതെങ്കിൽ എന്തിനാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തങ്ങൾക്കൊപ്പം സഖ്യം ചേർന്നതെന്നാണ് അതിഷി ചോദിച്ചത്. കെജ്‌രിവാളിനെ തങ്ങളുടെ പ്രചാരണത്തിനായി എന്തിന് ഉപയോഗിച്ചെന്നും അവർ ചോദിച്ചു. ബിജെപി കോൺഗ്രസ് സ്ഥാനാർഥികൾക്ക് ഫണ്ട് നൽകുന്നുണ്ടെന്ന് ഔദ്യോഗികവൃത്തങ്ങളിൽനിന്നു വിവരം ലഭിച്ചെന്ന വെളിപ്പെടുത്തലും അതിഷി നടത്തി. കോൺഗ്രസ് സ്ഥാനാർഥികളായ സന്ദീപ് ദീക്ഷിത്, ഫർഹാദ് സൂരി എന്നിവരുടെ പേരുകൾ പ്രത്യേകം എടുത്തുപറഞ്ഞ്, ഇവർക്ക് ബിജെപിയിൽനിന്ന് കോടികൾ ലഭിക്കുന്നുവെന്നും ആരോപിച്ചു. എഎപിയെ തോൽപിക്കാനും ബിജെപിയെ വിജയിപ്പിക്കാനുമായി കോൺഗ്രസ് ഗൂഢാലോചന നടത്തിയിട്ടുണ്ട്. മാക്കനും എഎപി നേതാക്കൾക്കെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസിനുമെതിരെ 24 മണിക്കൂറിനകം അച്ചടക്ക നടപടി സ്വീകരിക്കണമെന്നും അതിഷി ആവശ്യപ്പെട്ടിരിക്കുകയാണ്.
ഡൽഹി-കേന്ദ്ര സർക്കാരുകളുടെ ഭരണപരാജയവും വാഗ്ദാന ലംഘനവും ചൂണ്ടിക്കാട്ടി ഡൽഹി കോൺഗ്രസ് പുറത്തിറക്കിയ ധവളപത്രത്തിന്റെ പ്രകാശനചടങ്ങിലായിരുന്നു അജയ് മാക്കന്റെ വിമർശനം. രാജ്യത്തെ തട്ടിപ്പുകാരുടെ രാജാവും രാജ്യദ്രോഹിയുമാണ് കെജ്‌രിവാളെന്നായിരുന്നു മാക്കൻ ആരോപിച്ചത്. ഡൽഹിയിലെ കോൺഗ്രസിന്റെ ഇപ്പോഴത്തെ സ്ഥിതിക്കു കാരണം 2013ൽ എഎപിക്കു നൽകിയ പിന്തുണയാണ്. അതാണ് പാർട്ടിയെ ദുർബലപ്പെടുത്തിയത്. വീണ്ടും ഇതേ തെറ്റ് ആവർത്തിക്കപ്പെട്ടു. ജനലോക്പാൽ ഉയർത്തിയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ, അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാൻ രൂപീകരിക്കാൻ അവർക്കായില്ലെന്നും കോൺഗ്രസിന് പണ്ടു സംഭവിച്ച പിഴവ് തിരുത്തേണ്ടതുണ്ടെന്നും അജയ് മാക്കൻ പറഞ്ഞു.
മാക്കന്റെ പ്രസ്താവനയ്ക്കും യൂത്ത് കോൺഗ്രസ് പരാതിക്കും പിന്നാലെ കോൺഗ്രസിനോട് മയം വേണ്ടെന്ന നിലപാടെടുത്തിരിക്കുകയാണ് ആം ആദ്മി പാർട്ടി. ഇതിന്റെ ഭാഗമായാണ് ഡൽഹി മുഖ്യമന്ത്രി അതിഷി തന്നെ നേരിട്ട് മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഇൻഡ്യയുടെ താരപ്രചാരകനായിരുന്ന കെജ്‌രിവാളിന്റെ അതൃപ്തിയും നിലപാടും സഞ്ജയ് സിങ്ങിലൂടെയും പുറത്തുവന്നു.
അതേസമയം, ഡൽഹി തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കാനില്ലെന്ന് എഎപി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, രണ്ടായി മത്സരിച്ചാലും ഹരിയാനയിലെ സമീപനം ഡൽഹിയിലും തുടരുമെന്നായിരുന്നു നേരത്തെ സൂചനയുണ്ടായിരുന്നത്. ഹരിയാനയിൽ ഇരു കക്ഷികളും ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും കടുത്ത ഏറ്റുമുട്ടലിലേക്കോ രാഷ്ട്രീയ വിവാദങ്ങളിലേക്കോ പോയിരുന്നില്ല. എന്നാൽ, ഡൽഹിയിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുംമുൻപ് തന്നെ കോൺഗ്രസും എഎപിയും പരസ്യപ്പോരിനു തുടക്കമിട്ടിരിക്കുകയാണ്. ഇത് ദേശീയതലത്തിൽ ഇൻഡ്യ സഖ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിലേക്കാണു നീങ്ങുന്നത്.
Summary: 'We will ask our allies to remove Congress out of INDIA' - Delhi fight leads to split in alliance, AAP toughens its stance