മൻമോഹൻ സിങ്ങിന് അന്ത്യാഞ്ജലിയർപ്പിച്ച് രാജ്യം; സംസ്‌കാരം നാളെ

ഇന്ന് എഐസിസി ആസ്ഥാനത്ത് പൊതുദർശനം നടക്കും

Update: 2024-12-27 04:11 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിച്ച വിപ്ലവാത്മക പരിഷ്‌കാരങ്ങളിലൂടെയും സാധാരണക്കാരന്റെ ജീവനെ തൊടുന്ന സുപ്രധാന ഭരണതീരുമാനങ്ങളിലൂടെയും ചരിത്രത്തിന്റെ ഭാഗമായ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് അന്ത്യാഞ്ജലിയർപ്പിച്ച് രാജ്യം. രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് എഐസിസി ആസ്ഥാനത്ത് പൊതുദർശനം നടക്കും. ഔദ്യോഗിക ബഹുമതികളോടെ നാളെയാണു സംസ്‌കാരം.

ഡൽഹി എയിംസിൽ ഇന്നലെ രാത്രിയായിരുന്നു മൻമോഹൻ സിങ്ങിന്റെ അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്ന അദ്ദേഹത്തെ ആരോഗ്യനില വഷളായതോടെ രാത്രി എട്ട് മണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി 9.51ന് മരണം സ്ഥിരീകരിച്ചു. വിദഗ്ധ ഡോക്ടർമാരുടെ സംഘം അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആരോഗ്യപ്രശ്നങ്ങൾ മൂലം ദീർഘകാലമായി സജീവ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.

രാജ്യത്തിന്റെ മഹാനായ പുത്രനെന്നാണ് മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചിച്ചത്. ഇന്ത്യയുടെ പുരോഗതിക്കായി പ്രവർത്തിച്ച നേതാവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. ദീർഘദർശിയായ ഭരണാധികാരിയെയാണ് നഷ്ടമായതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വഴികാട്ടിയെ നഷ്ടമായെന്ന് രാഹുൽ ഗാന്ധിയും സിങ്ങിന്റെ സത്യസന്ധത എപ്പോഴും പ്രചോദനമാണെന്ന് പ്രിയങ്ക ഗാന്ധിയും മരണത്തിൽ പ്രതികരിച്ചു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പുനർനിർമിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയെന്ന് രാജ്‌നാഥ് സിങ്ങും രാജ്യത്തിന് നികത്താനാകാത്ത നഷ്ടമെന്ന് അരവിന്ദ് കെജ്‌രിവാളും പറഞ്ഞു. മതേതരത്വത്തിന്റെ മൂല്യം കാത്തുസൂക്ഷിച്ച നേതാവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ വളർച്ചയിൽ നിർണായക പങ്കാണ് മൻമോഹൻ സിങ് വഹിച്ചതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു. രാജ്യത്തിന് വലിയ സംഭാവനകൾ നൽകിയ വ്യക്തിയെന്ന് രമേശ് ചെന്നിത്തലയും ആധുനിക ഇന്ത്യയ്ക്ക് പുതുമുഖം നൽകിയ നേതാവെന്ന് സാദിഖലി തങ്ങളും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സാമ്പത്തിക വിദഗ്ധനായ സിങ് ഇന്ത്യൻ സാമ്പത്തിക രംഗത്തെ ദിശ മാറ്റിയ സാമ്പത്തിക ഉദാരീകരണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു. മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണു രാഷ്ട്രീയത്തിലെത്തുന്നത്. 1991ൽ രാജ്യസഭാ അംഗമായി. ഇതേ വർഷം തന്നെ നരസിംഹ റാവു സർക്കാരിൽ ധനമന്ത്രിയുമായി. 1998 മുതൽ 2004 വരെ രാജ്യസഭാ പ്രതിപക്ഷ നേതാവായിരുന്നു.

2004ലാണ് ആദ്യ യുപിഎ സർക്കാരിൽ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. 2009ൽ യുപിഎയുടെ രണ്ടാം ഊഴത്തിലും പ്രധാനമന്ത്രിയായി. നീണ്ട 33 വർഷത്തെ പാർലമെന്റ് ജീവിതത്തിനുശേഷം 2024 ഏപ്രിലിലാണ് രാജ്യസഭയിൽനിന്ന് വിരമിക്കുന്നത്.

1932 സെപ്റ്റംബർ 26ന് അവിഭക്ത ഇന്ത്യയിലെ പഞ്ചാബിലെ ഗാഹിലാണ് മൻമോഹൻ സിങ്ങിന്റെ ജനനം. 1947ലെ ഇന്ത്യാ വിഭജനത്തിനുശേഷം കുടുംബം അമൃത്സറിലേക്ക് കുടിയേറി. ഇവിടെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പഞ്ചാബ് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദം സ്വന്തമാക്കി. കേംബ്രിഡ്ജ് സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡിയും പൂർത്തിയാക്കി.

കേന്ദ്ര ധനവകുപ്പിൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും റിസർവ് ബാങ്ക് ഡയറക്ടറുമായിരുന്ന അദ്ദേഹം 1982ൽ റിസർവ് ബാങ്ക് ഗവർണറുമായി. കേന്ദ്ര ആസൂത്രണ കമ്മിഷൻ ഡെപ്യൂട്ടി ചെയർമാൻ, ജനീവയിലെ സൗത്ത് കമ്മിഷൻ സെക്രട്ടറി ജനറൽ, പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ സാമ്പത്തിക ഉപദേഷ്ടാവ്, യുജിസി ചെയർമാൻ എന്നീ പദവികളും വഹിച്ചു.

Summary: Former PM Dr Manmohan Singh Demise| LIVE Updates

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News