ഹെർണിയ ശസ്ത്രക്രിയക്കെത്തിയ യുവാവിന്റെ വയറ്റിൽ ഗർഭാശയവും അണ്ഡവും...!
രണ്ടുകുട്ടികളുടെ പിതാവായ 46 കാരനാണ് ശസ്ത്രക്രിയക്ക് വിധേയനായത്
ഗോരഖ്പൂർ: ഹെർണിയ ശസ്ത്രക്രിയക്കെത്തിയ യുവാവിന്റെ വയറ്റിൽ സ്ത്രീ പ്രത്യുത്പാദന അവയവങ്ങൾ കണ്ടെത്തി. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് ഡോക്ടർമാരെ ഞെട്ടിച്ച സംഭവമുണ്ടായത്. ഗര്‍ഭാശയവും അണ്ഡാശയവും ഡോക്ടര്‍മാര്‍ നീക്കം ചെയ്തു.
കടുത്ത വയറുവേദനയെത്തുടർന്നാണ് 46 കാരനായ രാജ്ഗിർ മിസ്ത്രി ആശുപത്രിയിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഹെർണിയയാണ് വയറുവേദനയുടെ കാരണമെന്ന് മനസിലായ ഡോക്ടർമാർ ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു.രണ്ട് കുട്ടികളുടെ പിതാവായ മിസ്ത്രിക്ക് കുറച്ച് നാളായി വയറ്റിൽ ശക്തമായ വേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അൾട്രാസൗണ്ട് പരിശോധനയിൽ അടിവയറ്റിലെ മാംസകഷ്ണം മറ്റ് ആന്തരാവയവങ്ങളുമായി സമ്പർക്കം പുലർത്തുന്നതായും അതുമൂലം ഹെർണിയ ഉണ്ടായതായും ഡോക്ടർമാർ കണ്ടെത്തി.
തുടർ ചികിത്സക്കായി ഗോരഖ്പൂർ ബിആർഡി മെഡിക്കൽ കോളജിലെത്തുകയായിരുന്നു. ബിആർഡി മെഡിക്കൽ കോളജിലെ പ്രൊഫസർ ഡോ.നരേന്ദ്ര ദേവിന്റെ നേതൃത്വത്തിലാണ് മിസ്ത്രിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. അപ്പോഴാണ് മിസ്ത്രിയുടെ വയറ്റിലെ മാംസക്കഷ്ണം ഗർഭപാത്രമാണെന്നും അതിനോട് ചേർന്ന് ഒരു അണ്ഡാശയമാണെന്നും കണ്ടെത്തിയത്. ഇവയും പിന്നീട് നീക്കം ചെയ്തു.
ശസ്ത്രക്രിയക്ക് ശേഷം രാജ്ഗിർ മിസ്ത്രി പൂർണ ആരോഗ്യവാനാണെന്നും ഡോക്ടർമാർ അറിയിച്ചു. ജന്മനാ ശരീരത്തിലുണ്ടായ ജനിതകവൈകല്യമാണെന്നും പ്രത്യുൽപാദന അവയവങ്ങൾ ഉണ്ടായിരുന്നെങ്കിലും സ്ത്രീകളുടേതിന് സമാനമായ യാതൊരുവിധ സവിശേഷതകളും അദ്ദേഹം കാണിച്ചില്ലെന്നും ഡോ. ദേവ് പറഞ്ഞു.