'വിജയ്‌യെ വിമർശിക്കരുത്'; ടിവികെയുമായി അടുക്കാനൊരുങ്ങി അണ്ണാ ഡിഎംകെ

അണ്ണാ ഡിഎംകെയെ വിജയ് വിമർശിക്കാത്തതിന് കാരണം പാർട്ടിയുടെ പ്രവർത്തനം മികച്ചതായതിനാലാണ് എന്നായിരുന്നു പളനിസ്വാമിയുടെ പ്രതികരണം

Update: 2024-11-03 05:24 GMT
Editor : rishad | By : Web Desk
Advertising

ചെന്നൈ: ലക്ഷങ്ങളെ അണിനിരത്തി പാർട്ടി സമ്മേളനം നടത്തിയതിന് പിന്നാലെ നടന്‍ വിജയ്‌യുമായി അടുക്കാൻ എഐഎഡിഎംകെ. വിജയ്‌യെയോ അദ്ദേഹത്തിന്റെ പാർട്ടിയായ ടിവികെയെയോ(തമിഴക വെട്രി കഴകം) വിമർശിക്കരുതെന്ന് കാണിച്ച് പാർട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള നേതാക്കൾക്കും വക്താക്കൾക്കും അണ്ണാഡിഎംകെ നിർദേശം നൽകിയതയാണ് റിപ്പോർട്ട്.

അണ്ണാ ഡിഎംകെയെ വിജയ് വിമര്‍ശിക്കാത്തതിനാല്‍ 'ആ മര്യാദ' തിരിച്ചും കാണിക്കണമെന്നാണ് വക്താക്കൾക്ക് നല്‍കിയ പ്രത്യേക നിര്‍ദേശം. പാർട്ടിയിലെ ഒരു മുതിർന്ന നേതാവിനെ ഉദ്ധരിച്ച്  ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.  വിജയ്‌യുടെ പാര്‍ട്ടി സമ്മേളനത്തിന് പിന്നാലെ ടിവി ചാനലുകളിലും മറ്റും ചര്‍ച്ചകള്‍ സജീവമായിരുന്നു. ഭരണപക്ഷമായ ഡിഎംകെ ഉള്‍പ്പെടെ വിജയ്‌യുടെ പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ എഐഎഡിഎംകെ നേതാക്കളെയാരും വിമർശന വേദിയില്‍ കണ്ടിരുന്നില്ല.

ഉടനില്ലെങ്കിലും സഖ്യസാധ്യതകള്‍ സജീവമാക്കാനാണ് അണ്ണാ ഡിഎംകെ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, നേതൃത്വവും താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി യോഗം വിളിച്ചിട്ടുണ്ട്. നവംബര്‍ ആറിന് പാർട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറിമാര്‍ പങ്കെടുക്കും. വിജയ്‌യുമായി സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചും  യോഗത്തില്‍ ചര്‍ച്ച വന്നേക്കും. ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിൽ ഡിഎംകെയെ കടന്നാക്രമിച്ച വിജയ്, അണ്ണാ ഡിഎംകെക്കെതിരേ ഒരു പരാമർശവും നടത്തിയിരുന്നില്ല. പകരം എംജിആറിനെ പുകഴ്ത്തുകയും ചെയ്തു. 

ഇതോടെയാണ് അണ്ണാ ഡിഎംകെ -ടിവികെ സഖ്യസാധ്യത സംബന്ധിച്ച ചർച്ചകൾ ഉയർന്നത്. അണ്ണാ ഡിഎംകെയെ വിജയ് വിമർശിക്കാത്തതിന് കാരണം പാർട്ടിയുടെ പ്രവർത്തനം മികച്ചതായതിനാലാണ് എന്നായിരുന്നു പളനിസ്വാമിയുടെ പ്രതികരണം. ജയലളിതയുടെ വിയോഗത്തിന് പിന്നാലെ തുടര്‍ച്ചയായ പരാജയങ്ങളാണ് പാര്‍ട്ടിക്കേല്‍ക്കുന്നത്.  സംഘടനാ തലത്തിലും തെരഞ്ഞടുപ്പ് തലത്തിലും ക്ഷീണത്തിലായ പാര്‍ട്ടിയെ ഉണര്‍ത്താനാണ് നേതൃത്വം ശ്രമിക്കുന്നത്. അതിനുള്ളൊരു വഴിയായാണ് വിജയ്‌യെ, പാര്‍ട്ടി കാണുന്നത്.

അഴിമതി, കുടുംബവാഴ്ച തുടങ്ങിയവയില്‍ ടിവികെയുടെ ആദര്‍ശങ്ങള്‍ എഐഎഡിഎംകെയുടേതിന് സമാനമാണെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. പവൻ കല്യാണിന്റെ ജനസേനയുമായി ടിഡിപി സഖ്യമുണ്ടാക്കിയത് പോലെ തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെ, വിജയ്‌യുടെ പാർട്ടിയുമായി സഖ്യമുണ്ടാക്കുമോയെന്ന ചോദ്യത്തിന് സമയമായിട്ടില്ലെന്നായിരുന്നു പളനിസ്വാമിയുടെ മറുപടി. ചന്ദ്രബാബു നായിഡു നയിക്കുന്ന ആന്ധ്രാപ്രദേശ്‌ സര്‍ക്കാറില്‍ പവന്‍ കല്യാണ്‍ ഉപമുഖ്യമന്ത്രിയാണ്. എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയല്ല വിജയ് ഇറങ്ങിയിരിക്കുന്നത്.

ഒറ്റക്ക് ഭരണത്തിലേറി മുഖ്യമന്ത്രിക്കസേരയ്ക്കാണ് വിജയ് ലക്ഷ്യമിടുന്നത്. അതിൽ കുറഞ്ഞതൊന്നും വിജയ് ആഗ്രഹിക്കുന്നില്ലെന്നാണ് വിവരം. സഖ്യത്തെ സംബന്ധിച്ചൊന്നും വിജയ് മനസ്തുറന്നിട്ടില്ല. അതേസമയം പളനിസ്വാമിയും മുഖ്യമന്ത്രിക്കസേര ലക്ഷ്യമിടുന്നതിനാൽ ഇരുവരും ഒന്നാകുമോ എന്ന കാര്യവും സംശയമാണ്. എന്നാല്‍ വിജയ്ക്ക് പിന്തുണയേറുന്നതും അദ്ദേഹത്തിന്റെ പാർട്ടിക്ക് ആളുകൂടുന്നതും ചങ്കിടിപ്പോടെയാണ് ഡിഎംകെ നോക്കിക്കാണുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News