രാജ്യത്ത് പൊലീസിനിടയിൽ ഇസ്‍ലാമോഫോബിയ വർധിക്കുന്നു, നിയമവാഴ്ചയോട് അവഗണന: റിപ്പോർട്ട്
മനുഷ്യാവകാശങ്ങൾ, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ചോദ്യം ചെയ്യൽ രീതികൾ, പീഡനം തടയൽ എന്നിവയിൽ കൂടുതൽ പരിശീലനം ആവശ്യമാണെന്ന് സർവേയിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും അഭിപ്രായപ്പെട്ടു


ന്യൂഡൽഹി: രാജ്യത്തെ പൊലീസുകാർക്കിടയിൽ ഇസ്‍ലാമോഫോബിയയും നിയമവാഴ്ചയോടുള്ള അവഗണനയും വർധിക്കുന്നതായി റിപ്പോർട്ട്. Status of Policing in India Report 2025: Police Torture and (Un)Accountability (ഇന്ത്യയിലെ പൊലീസിങ്ങിന്റെ സ്ഥിതി റിപ്പോർട്ട് 2025: പൊലീസ് പീഡനവും ഉത്തരവാദിത്തമില്ലാത്തതും) എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കോമൺ കോസും ലോക്‌നീതി-സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസും (സിഎസ്ഡിഎസ്) ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 17 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശത്തിലെയും 8276 പൊലീസ് ഉദ്യോഗസ്ഥരുടെ സർവേയും ജഡ്ജിമാർ, അഭിഭാഷകർ, ഡോക്ടർമാർ എന്നിവരുമായുള്ള അഭിമുഖങ്ങളും അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്.
പൊലീസിലെ പ്രധാന വിഭാഗം നിയമവാഴ്ചയെ അവഗണിക്കുന്നതായി റിപ്പോർട്ട് എടുത്തുകാണിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥരിൽ മൂന്നിലൊന്ന് പേരും (28 %) ക്രിമിനൽ നീതിന്യായ വ്യവസ്ഥ വളരെ ദുർബലവും മന്ദഗതിയിലുള്ളതുമാണെന്ന് വിശ്വസിക്കുന്നു. കൂടാതെ നടപടിക്രമങ്ങളെക്കാൾ നിയമവിരുദ്ധ നടപടികൾക്കാണ് അവർ മുൻഗണന നൽകുന്നത്. അഞ്ചിൽ രണ്ട് പേർ (38%) ചെറിയ കുറ്റകൃത്യങ്ങൾക്ക് പൊലീസ് നിയമപരമായ നടപടി സ്വീകരിക്കുന്നതിന് പകരം ചെറിയ ശിക്ഷകൾ നൽകണമെന്ന് കരുതുന്നു.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ സംശയിക്കപ്പെടുന്നവരോട്, സമൂഹത്തിന്റെ നന്മയ്ക്കായി പൊലീസ് അക്രമാസക്തമായി പെരുമാറുന്നതിൽ തെറ്റില്ലെന്ന് 22 ശതമാനം പൊലീസ് ഉദ്യോഗസ്ഥരും പൂർണമായും സമ്മതിക്കുന്നു, കൂടാതെ 41 ശതമാനം പേർ ഇതിനോട് പരിധിവരെ യോജിക്കുന്നുണ്ട്. ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നവർക്കെതിരെ മൂന്നാം മുറ ഉപയോഗിക്കുന്നതിനെ 30 ശതമാനം പൊലീസ് ഉദ്യോഗസ്ഥരും ന്യായീകരിക്കുന്നു. ‘നീതി’ നേരിട്ട് നടപ്പാക്കുന്നതിലെ വിശ്വാസത്തിൽനിന്നും അക്രമാസക്തമായ നിയമപാലനം പൊതുജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്ന ധാരണയിൽ നിന്നുമാണ് പലപ്പോഴും ഈ ന്യായീകരണം ഉടലെടുക്കുന്നത്.
റിപ്പോർട്ട് ചെയ്യാത്ത കസ്റ്റഡി മരണങ്ങൾ
കസ്റ്റഡി മരണങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക ഡാറ്റയിൽ കാര്യമായ പൊരുത്തക്കേടുകളുണ്ടെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 2020ൽ മാത്രം, നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) 76 കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ (NHRC) 90 എണ്ണം രേഖപ്പെടുത്തി. എന്നാൽ, സിവിൽ സൊസൈറ്റി സംഘടനയായ നാഷണൽ കാമ്പെയ്ൻ എഗൈൻസ്റ്റ് ടോർച്ചർ (NCAT) 111 കേസുകളാണ് രേഖപ്പെടുത്തിയത്. 2020ൽ കസ്റ്റഡി മരണങ്ങളിൽ പകുതിയോളം (46%) പീഡനം മൂലമാണെന്ന് NCAT ഡാറ്റ സൂചിപ്പിക്കുന്നുണ്ടെങ്കിലും, അതേവർഷം ശാരീരിക ആക്രമണം മൂലം പൊലീസ് കസ്റ്റഡിയിലുണ്ടായ പരിക്കുകൾ കാരണം ഒരു മരണം മാത്രമാണ് NCRB രേഖപ്പെടുത്തിയത് എന്നത് ശ്രദ്ധേയമാണ്. കസ്റ്റഡി മരണങ്ങളെക്കുറിച്ച് വിശ്വസനീയമായ ഔദ്യോഗിക വിവരങ്ങളുടെ അഭാവത്തെയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.
ഇസ്‍ലാമോഫോബിയയും പൊലീസും
പൊലീസിനുള്ളിലെ ഇസ്‍ലാമോഫോബിയയുടെ സൂചനകളും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. പൊലീസ് ഉദ്യോഗസ്ഥരിൽ ഗണ്യമായ വിഭാഗം മുസ്‍ലിംകൾക്കെതിരെ പക്ഷപാതപരമായ ധാരണകൾ പുലർത്തുന്നുണ്ടെന്നും മുസ്‍ലിംകൾ ‘സ്വാഭാവികമായും കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുള്ളവരാണ്’ എന്ന് വിശ്വസിക്കുന്നവരാണെന്നും റിപ്പോർട്ട് എടുത്തുകാണിക്കുന്നു.
പൊലീസ് സർവേ പ്രകാരം, മുസ്‍ലിംകൾ ‘സ്വാഭാവികമായും കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുള്ളവരാണ്’ എന്ന് ഹിന്ദു പൊലീസ് ഉദ്യോഗസ്ഥർ വിശ്വസിക്കാൻ സാധ്യതയുണ്ട്, അതേസമയം സിഖ് പൊലീസ് ഉദ്യോഗസ്ഥർ ഈ വീക്ഷണം പുലർത്താൻ സാധ്യത കുറവാണ്. ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർക്കിടയിലാണ് ഈ വിശ്വാസം കൂടുതലായി കാണപ്പെടുന്നത്. ഡൽഹിയിൽ, മുസ്‍ലിംകൾ സ്വാഭാവികമായും കുറ്റകൃത്യങ്ങൾ ചെയ്യാൻ ‘വലിയ അളവിൽ’ സാധ്യതയുള്ളവരാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ വിശ്വസിക്കാൻ സാധ്യതയുണ്ട്.
പീഡനത്തിന് ഇരയാകുന്ന പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ ഒന്നായി മുസ്‍ലിംകളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്ന മുസ്‍ലിം പുരുഷന്മാർക്കെതിരെ പൊലീസ് പ്രയോഗിക്കുന്ന പീഡന മുറകൾ വഴി മുഴുവൻ സമുദായത്തെയും അപമാനിക്കുകയാണ്. അവരുടെ മതപരമായ സ്വത്വത്തെയും പുരുഷത്വത്തെയും മനഃപൂർവ്വം ലക്ഷ്യമിട്ടാണ് നടപടികളെന്നും റിപ്പോർട്ടിൽ ഉദ്ധരിച്ചിരിക്കുന്ന അക്കാദമിക് വിദഗ്ധർ സൂചിപ്പിക്കുന്നു. ഗുജറാത്ത്, ഒഡീഷ, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ കർശനമായ ഗോവധ നിയമങ്ങൾ നിലവിലുള്ള സംസ്ഥാനങ്ങളിലെ പൊലീസ്, ഇത്തരം കേസുകളിൽ ആൾക്കൂട്ട മർദനത്തിന് വലിയ പിന്തുണയാണ് നൽകുന്നത്.
ജയിൽ സ്ഥിതിവിവരക്കണക്കുകളുടെ സ്വതന്ത്ര വിശകലനം അമിത മുസ്‍ലിം തടവുകാരുടെ നിരക്കിനെയാണ് സൂചിപ്പിക്കുന്നത്. ഇത് ക്രിമിനൽ നീതിന്യായ വ്യവസ്ഥയ്ക്കുള്ളിലെ പക്ഷപാത സാധ്യതകളിലേക്ക് വിരൽചൂണ്ടുന്നു.
വേണം പരിശീലനം
പൊലീസ് സേനയ്ക്കുള്ളിൽ സ്ഥാപനപരമായ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും നിയമവാഴ്ചയോടുള്ള കൂടുതൽ പ്രതിബദ്ധത വളർത്തിയെടുക്കാനുമുള്ള ശക്തമായ ആഹ്വാനത്തോടെയാണ് റിപ്പോർട്ട് അവസാനിക്കുന്നത്. ജുഡീഷ്യൽ മജിസ്‌ട്രേറ്റുമാരും അറസ്റ്റിലായ വ്യക്തികളും തമ്മിൽ കൂടുതൽ സജീവമായ ഇടപെടലും ആശയവിനിമയവും നടത്തണമെന്നും കസ്റ്റഡിയിൽ വൈദ്യപരിശോധനകൾ ഉറപ്പാക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
പൊലീസ് പീഡനത്തെയും കസ്റ്റഡി മർദനങ്ങളെയും കുറിച്ചുള്ള കൂടുതൽ സമഗ്രവും സ്ഥിരവുമായ വിവരശേഖരണം അടിയന്തിരമായി ആവശ്യമാണെന്നും പ്രശ്നം നന്നായി മനസ്സിലാക്കാനും നയപരമായ ഇടപെടലുകൾ നടത്താനും റിപ്പോർട്ട് അടിവരയിടുന്നു. മനുഷ്യാവകാശങ്ങൾ, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ചോദ്യം ചെയ്യൽ രീതികൾ, പീഡനം തടയൽ എന്നിവയിൽ കൂടുതൽ പരിശീലനം ആവശ്യമാണെന്ന് സർവേയിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും അഭിപ്രായപ്പെട്ടു.