‘രക്ഷിതാക്കൾ എനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ രണ്ട് ദിവസം ഭക്ഷണം കഴിക്കരുത്’; സ്കൂൾ കുട്ടികളോട് മഹാരാഷ്ട്ര എം.എൽ.എ
‘ഭക്ഷണം കഴിക്കാത്തതിനെ മാതാപിതാക്കൾ ചോദ്യം ചെയ്താൽ, സന്തോഷ് ബംഗാറിന് വോട്ട് ചെയ്യൂ, അപ്പോൾ മാത്രമേ ഞങ്ങൾ ഭക്ഷണം കഴിക്കൂ എന്ന് മറുപടി നൽകണം’
രക്ഷിതാക്കൾ തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ രണ്ട് ദിവസത്തേക്ക് കുട്ടികളോട് ഭക്ഷണം കഴിക്കരുതെന്ന് ആവശ്യപ്പെട്ട മഹാരാഷ്ട്ര എം.എൽ.എ വിവാദത്തിൽ. ശിവസേന ഏക്നാഥ് ഷിൻഡെ പക്ഷം എം.എൽ.എ സന്തോഷ് ബംഗാറാണ് വിവാദ പരാമർശം നടത്തിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കുട്ടികളെ ഉപയോഗിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം പുറപ്പെടുവിച്ച് ഒരാഴ്ച തികയും മുമ്പാണ് കലംനൂരിയിൽനിന്നുള്ള എം.എൽ.എയുടെ പരാമർശം വിവാദത്തിന് തിരികൊളുത്തിയത്.
ഹിംഗോലി ജില്ലയിലെ ജില്ലാ പരിഷത് സ്‌കൂൾ സന്ദർശന വേളയിലാണ് ബംഗാറിന്റെ പരാമർശം. ഏകദേശം 10 വയസ്സിന് താഴെയുള്ള കുട്ടികളുമായിട്ടാണ് ഇദ്ദേഹം സംവദിച്ചത്. ‘അടുത്ത തെരഞ്ഞെടുപ്പിൽ നിങ്ങളുടെ മാതാപിതാക്കൾ എനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ, രണ്ട് ദിവസത്തേക്ക് ഭക്ഷണം കഴിക്കരുത്’ -ബംഗാർ സ്കൂൾ കുട്ടികളോട് പറയുന്നത് വീഡിയോയിൽ കാണാം.
ഭക്ഷണം കഴിക്കാത്തതിനെ മാതാപിതാക്കൾ ചോദ്യം ചെയ്താൽ, സന്തോഷ് ബംഗാറിന് വോട്ട് ചെയ്യൂ, അപ്പോൾ മാത്രമേ ഞങ്ങൾ ഭക്ഷണം കഴിക്കൂ എന്ന് മറുപടി നൽകണമെന്നും എം.എൽ.എ പറയുന്നുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്നത് സംബന്ധിച്ച് രക്ഷിതാക്കളുടെ മുന്നിൽ ആവർത്തിച്ച് പറയണമെന്നും എം.എൽ.എ കുട്ടികളോട് ആവശ്യപ്പെട്ടു.
ബംഗാറിന്റെ പരാമർശത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നു. സ്കൂൾ കുട്ടികളോട് ബംഗാർ പറഞ്ഞത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തിന് വിരുദ്ധമാണെന്ന് എൻ.സി.പി ശരത് പവാർ വിഭാഗം വക്താവ് ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു. ഇദ്ദേഹത്തിനെതിരെ കർശന നടപടി സ്വീകരിക്കണം. നിരന്തരമായി ഇത്തരം തെറ്റുകൾ ചെയ്യുന്ന ഇദ്ദേഹം ബി.ജെ.പിയുടെ സഖ്യകക്ഷിയായതിനാൽ രക്ഷപ്പെടുകയാണ്. കമ്മീഷൻ മുൻവിധികളില്ലാതെ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും ക്രാസ്റ്റോ വ്യക്തമാക്കി.
കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാറും ബംഗാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനോട് നടപടി ആവശ്യപ്പെട്ടു. തന്റെ പാർട്ടിയിലെ ഒരു എം.എൽ.എ സ്കൂൾ കുട്ടികളോട് ഇത്തരം പരാമർശങ്ങൾ നടത്തുമ്പോൾ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഉറങ്ങുകയാണോ എന്നും അദ്ദേഹം ചോദിച്ചു.
മുമ്പും ഏറെ വിവാദ പ്രസ്താവനകൾക്കും പ്രവൃത്തികൾക്കും കുപ്രസിദ്ധി നേടിയ ആളാണ് സന്തോഷ് ബംഗാർ. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്ന് കഴിഞ്ഞ മാസം ബാംഗാർ പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഉത്സവ റാലിക്കിടെ വാൾ വീശിയതിന് കളംനൂരി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 2022ൽ, തൊഴിലാളികൾക്കുള്ള ഉച്ചഭക്ഷണ പരിപാടിക്കിടെ കാറ്ററിങ് മാനേജറെ ഇയാൾ തല്ലുന്നതിന്റെ വീഡിയോ പുറത്തുവന്നതും വലിയ ചർച്ചയായിരുന്നു.