‘200 രൂപ പോലും കിട്ടുന്നില്ല’ അയോധ്യയിൽ ബി.ജെ.പി തോറ്റതിന്റെ കാരണം തുറന്ന് പറഞ്ഞ് ഇ-റിക്ഷാ ഡ്രൈവർമാർ
‘മന്ത്രിമാർ ഇടക്കിടക്ക് വരും, വൻ റാലികൾ നടത്തും പോകും എന്നാൽ പ്രദേശത്തെ ജനങ്ങളുടെ പ്രശ്നങ്ങളെ കേൾക്കാനോ അവ പരിഹരിക്കാനോ ആരും തയാറാകുന്നില്ല’
അയോധ്യ:രാമക്ഷേത്രം ഉയർത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് കനത്തതിരിച്ചടിയായിരുന്നു അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിലെ തോൽവി.എന്തുകൊണ്ട് ബി.ജെ.പിക്കെതിരെ യു.പി അടക്കമുള്ള സംസ്ഥാനങ്ങളിലെ ജനങ്ങൾ വിധിയെഴുതിയെന്ന് പറയുകയാണ് രാമക്ഷേത്ര നഗരിയിലെ ഇ റിക്ഷാ ഡ്രൈവർമാർ. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ലല്ലു സിംഗിനെ സമാജ്‌വാദി പാർട്ടിയുടെ അവദേശ് പ്രസാദ് സിങ് മികച്ച ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത് യോഗിയും മോദിയുമൊക്കെ സർക്കാർ നേട്ടമായാണ് അവതരിപ്പിച്ചിരുന്നത്. എന്നാൽ ക്ഷേത്രപരിസരത്ത് താമസിക്കുന്നവരും ജോലിചെയ്യുന്നവരും പറയുന്നത് ഒരു ദിവസം 200 രൂപ പോലും സമ്പാദിക്കനാകുന്നില്ലെന്നാണ്.കാര്യമായ വരുമാനമില്ലാത്തത് ജീവിത പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും അവർ മാധ്യമങ്ങളോട് പറയുന്നു.ഉദ്ഘാടനം നടന്ന ആദ്യ ആഴ്ചകളിൽ തീർത്ഥാടകരും വിനോദസഞ്ചാരികളും ധാരാളമായെത്തിയിരുന്നു.എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ.പ്രദേശത്തോടുള്ള സർക്കാരിന്റെ അവഗണന ഞങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചു.
റോഡ് അടക്കം അടിസ്ഥാന വികസനങ്ങളിലെല്ലാം സർക്കാർ പിന്നോട്ടാണെന്ന് ഡ്രൈവർമാർ പറയുന്നു. ഈ സ്ഥിതി തുടർന്നാൽ മറ്റിടങ്ങളിലും ഫൈസാബാദിന് സമാനമായ അവസ്ഥയുണ്ടാകുമെന്നും ഡ്രൈവർമാർ പറയുന്നു. സർക്കാരിൻ്റെ അവഗണനയിൽ അയോധ്യ വികസനത്തിൽ പിന്നോട്ടാണ്. കഴിഞ്ഞ 10 വർഷമായി ഇവിടെ ഞങ്ങൾ റിക്ഷ ഓടിക്കുന്നു. അയോധ്യ നിർമ്മിക്കുന്നതും വികസിപ്പിക്കുന്നതും ഞങ്ങൾ കണ്ടു.എന്നാലും ബി.ജെ.പി സർക്കാർ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നില്ല. ബി.ജെ.പി സ്ഥാനാർഥി ഞങ്ങളുടെ പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടില്ല.
ഒരാൾ പോലും ഞങ്ങളെ കേൾക്കാൻ തയാറായിട്ടില്ല. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ ഇടക്കിടക്ക് വരും, വൻ റാലികൾ നടത്തും പോകും.മാധ്യമങ്ങളിലും സൈബർ ഇടങ്ങളിലും വലിയ വാർത്തയാകും. എന്നാൽ പ്രദേശത്തെ ജനങ്ങളുടെ പ്രശ്നങ്ങളെ കേൾക്കാനോ അവ പരിഹരിക്കാനോ ആരും തയാറാകുന്നില്ലെന്ന് ഡ്രൈവർമാർ പറയുന്നു. ഇത് തുടർന്നാൽ അയോധ്യയിലെ വിധിയാകും മറ്റിടങ്ങളിലും ബി.ജെ.പിയെ കാത്തിരിക്കുക.
ഞങ്ങളുടെ വരുമാനം ഗണ്യമായി കുറഞ്ഞു. 500 മുതൽ 800 രൂപ വരെ സമ്പാദിച്ചിരുന്നിടത്ത് ഇപ്പോൾ 250 രൂപ പോലും കിട്ടാത്ത ദിവസങ്ങളുണ്ടെന്ന് റിക്ഷാതൊഴിലാളികൾ പറയുന്നു. തെരഞ്ഞെടുപ്പ് ഫലം കൂടി തിരിച്ചടിയായതോടെ ജൂൺ നാലിന് ശേഷം അവസ്ഥ കൂടുതൽ മോശമായി. തീർത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തിൽ വലിയ കുറവുണ്ടായെന്നും ഡ്രൈവർമാർ പറയുന്നു.