ഡല്‍ഹി മദ്യനയക്കേസ്; കവിതയുടെ ചാർട്ടേഡ് അക്കൗണ്ടന്‍റിനെ ഇന്ന് ചോദ്യം ചെയ്യും
നേരത്തെ ബുച്ചി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് കവിതയെ ഇ.ഡി ചോദ്യം ചെയ്തത്
ഡല്‍ഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി.ആർ.എസ് നേതാവ് കെ.കവിതയുടെ ചാർട്ടേഡ് അക്കൗണ്ടന്‍റ് ബുച്ചി ബാബുവിനെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കേസിൽ കവിതയെ നാളെ വീണ്ടും ചോദ്യം ചെയ്യാനിരിക്കേ ആണ് ബുച്ചി ബാബുവിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ബുച്ചി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് കവിതയെ ഇ.ഡി ചോദ്യം ചെയ്തത്.
ആം ആദ്മി പാർട്ടിക്കും ദക്ഷിണേന്ത്യൻ സംഘത്തിനും ഇടയിലെ പ്രധാന കണ്ണി എന്നാണ് കവിതയുടെ ഓഡിറ്ററായ ബുച്ചി ബാബുവിനെ ഇ.ഡിയും സി.ബി.ഐയും വിശേഷിപ്പിക്കുന്നത്. ലാഭ വിഹിതത്തിൻ്റെ വീത് വെയ്പ്പിലും കമ്പനികളുമായി ചർച്ച നടത്തിയതിലും ഇയാൾക്ക് പ്രധാന പങ്കുണ്ട് എന്നാണ് അന്വേഷണ ഏജൻസികൾ ആരോപിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആർഎസ് നേതാവുമായ കവിതയുടെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും ഇന്ന് നടക്കുന്ന ചോദ്യം ചെയ്യലിൽ ബുച്ചി ബാബുവിൽ നിന്ന് ഇ.ഡി ശേഖരിക്കും.
നാളെയാണ് കവിതയോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് മുന്നോടിയായി നിർണായക വിവരങ്ങൾ ബുച്ചി ബാബുവിൽ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ. ഡൽഹി മദ്യനയ കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എതിരെ ആം ആദ്മി പാർട്ടിക്ക് ഒപ്പം ബി.ആർ.എസും പ്രതിഷേധം ശക്തമാകുന്നതിനിടയിൽ ആണ് ബുച്ചി ബാബുവിനെയും തൊട്ടു പിറകെ കവിതയെയും ഇഡി ചോദ്യം ചെയ്യുന്നത്. ആദ്യ തവണ കവിതയെ ചോദ്യം ചെയ്തപ്പോൾ വലിയ പ്രതിഷേധമാണ് ബി.ആർ.എസ് പ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.