'കസ്റ്റഡിയിലിരിക്കെ ചാനലുകളിൽ ബിഷ്‌ണോയിയുടെ അഭിമുഖം'; പൊലീസ് മേധാവിയെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട് പഞ്ചാബ് സർക്കാര്‍
പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിലും പ്രതിയാണ് ലോറൻസ് ബിഷ്‌ണോയ്
ചണ്ഡിഗഢ്: പൊലീസ് കസ്റ്റഡിയിലിരിക്കെ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയ് സ്വകാര്യ ചാനലിന് അഭിമുഖം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ പഞ്ചാബ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. പഞ്ചാബ് സർക്കാരിന്റേതാണു നടപടി. ഡിഎസ്പി ഗുർഷേർ സിങ്ങ് സന്ധുവിനെയാണ് അഭ്യന്തര മന്ത്രാലയം പിരിച്ചുവിടാൻ ഉത്തരവിട്ടത്.
ആഭ്യന്തര വകുപ്പ് സെക്രട്ടറി ഗുർകീറത് കിർപാൽ സിങ് ആണ് ഉത്തരവിറക്കിയത്. 2023 മാർച്ചിൽ കസ്റ്റഡിയിലിരിക്കെ രണ്ട് സ്വകാര്യ ചാനലുകൾ ബിഷ്‌ണോയിയുടെ അഭിമുഖം നൽകിയിരുന്നു. പഞ്ചാബിലെ ഖറാറിൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി(സിഐഎ)യുടെ കസ്റ്റഡിയിലായിരുന്നു ഈ സമയത്ത് ബിഷ്‌ണോയി. സംഭവം ഏറെ വിവാദമായതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി) കുറ്റപത്രം സമർപ്പിച്ചതോടെയാണിപ്പോൾ ഗുർഷേർ സിങ് സന്ധുവിനെതിരെ നടപടി സ്വീകരിച്ചത്. ഉത്തരവിന് പഞ്ചാബ് പബ്ലിക് സർവീസ് കമ്മീഷൻ അംഗീകാരം നൽകിയിട്ടുണ്ട്.
കുറ്റകൃത്യങ്ങളും ക്രിമിനലുകളെയും മഹത്വവൽക്കരിക്കുന്ന തരത്തിലായിരുന്നു ബിഷ്‌ണോയിയുടെ അഭിമുഖം. അഭിമുഖത്തിന് പൊലീസ് ഉദ്യോഗസ്ഥൻ സൗകര്യം ചെയ്‌തെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഏഴ് പൊലീസുകാരെ കഴിഞ്ഞ ഒക്ടോബറിൽ സസ്‌പെൻഡ് ചെയ്തിരുന്നു.
2022 മെയ് 29ന് പഞ്ചാബി ഗായകൻ സിദ്ധു മൂസെവാല കൊല്ലപ്പെട്ട കേസിലും പ്രതിയാണ് ലോറൻസ് ബിഷ്‌ണോയ്.
Summary: Lawrence Bishnoi interview case: Punjab government dismisses DSP Gursher Singh Sandhu