ജമ്മുവിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു
പരിശോധനയ്ക്കിടെ ഭീകരർ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു
ബഡ്ഗാം: ജമ്മുവിലെ ബഡ്ഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം.
ഇന്ന് രാവിലെയാണ് ബഡ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം സ്ഥലത്ത് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഭീകരർ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ലത്തീഫ് റാത്തർ എന്ന ഭീകരനുൾപ്പെടെയുള്ള മൂന്നംഗ സംഘമാണ് സൈന്യത്തിനു നേരെ വെടിവെച്ചത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ രാഹുൽ ഭട്ടിനെയും കാശ്മീരി ടി.വി അവതാരകൻ അമീർ ഭട്ടിനെയും കൊലപ്പെടുത്തിയ കേസിൽ സുപ്രധാന കണ്ണിയാണ് ലത്തീഫ് റാത്തർ.
ഒരു ഭീകരനെ കൂടി കീഴ്‌പ്പെടുത്താനുണ്ടെന്നാണ് സുരക്ഷാ സേന വ്യക്തമാക്കുന്നത്. ഇയാളെ കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാശ്മീരിന്റെ വിവിധ പ്രദേശങ്ങളിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യമുണ്ട്. നേരത്തെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു.