പൈപ്പ് വെള്ളത്തെച്ചൊല്ലി തര്‍ക്കം; പരസ്പരം വെടിയുതിര്‍ത്ത് കേന്ദ്രമന്ത്രിയുടെ അനന്തരവൻമാര്‍, ഒരാൾ കൊല്ലപ്പെട്ടു

മന്ത്രിയുടെ സഹോദരിക്കും വെടിയേറ്റു

Update: 2025-03-20 10:31 GMT
Editor : Jaisy Thomas | By : Web Desk
nephew shot dead
AddThis Website Tools
Advertising

ഭഗൽപൂർ: കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുടെ അനന്തരവൻ സഹോദരന്‍റെ വെടിയേറ്റ് മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഭഗൽപൂരിലെ നവ്ഗച്ചിയയിലെ ജഗത്പൂർ ഗ്രാമത്തിലെ വീട്ടിൽ പൈപ്പ് വെള്ളത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും പരസ്പരം വെടിയുതിര്‍ത്തു. മന്ത്രിയുടെ സഹോദരിക്കും വെടിയേറ്റു.

വിശ്വജിത് യാദവാണ് മരിച്ചത്. പരിക്കേറ്റ സഹോദരൻ ജയജിത്തിനെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 7.30 ഓടെയാണ് രണ്ടു സഹോദരൻമാർ പരസ്പരം വെടിയുതിർത്തതായ വിവരം ലഭിച്ചത്. കുടിവെള്ള ടാപ്പിനെ ചൊല്ലിയുണ്ടായ തർക്കം മൂർച്ഛിച്ച് പരസ്പരം വെടിയുതിർക്കുന്നതിൽ കലാശിച്ചുവെന്നാണ് പ്രാഥമിക നി​ഗമനം. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംഭവസ്ഥലത്ത് നിന്ന് ഒരു ഷെൽ കേസിംഗും ഒരു ലൈവ് കാട്രിഡ്ജും കണ്ടെടുത്തതായി നവ്ഗച്ചിയ പൊലീസ് സൂപ്രണ്ട് പ്രേരണ കുമാരി പറഞ്ഞു.

വ്യാഴാഴ്ച പുലർച്ചെ വിശ്വജിത്തിന്‍റെയും ജയജിത്തിന്‍റെയും ഭാര്യമാർ തമ്മിൽ ടാപ്പിൽ നിന്ന് വെള്ളം നിറയ്ക്കുന്നതിനെച്ചൊല്ലി തർക്കമുണ്ടായതായി പർബട്ട എസ്എച്ച്ഒ ശംഭു പാസ്വാൻ പറഞ്ഞു. വെള്ളം കോരാൻ ശ്രമിക്കുന്നതിനിടെ ജയജിത്ത് വിശ്വജിത്തിനെ എതിർത്തു, ടാപ്പ് തന്റേതാണെന്ന് വാദിച്ചു. ഇത് പരസ്പരം കയ്യേറ്റത്തിലേക്ക് നയിച്ചു. ഇതിനിടയിൽ വിശ്വജിത് ജയജിത്തിന് നേരെ വെടിയുതിര്‍ത്തു. തൊട്ടടുത്ത നിമിഷം ജയജിത്ത് തോക്ക് കൈക്കലാക്കി വിശ്വജിത്തിന് നേരെ വെടിവച്ചു. വഴക്കിൽ ഇടപെട്ട ഇരുവരുടെയും മാതാവ് ഹിന ദേവിക്കും അക്രമത്തിൽ വെടിയേറ്റു. ഉടൻ തന്നെ മൂവരെയും ഭഗൽപൂരിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിലേക്ക് കൊണ്ടുപോയി, അവിടെ എത്തിയപ്പോഴേക്കും വിശ്വജിത് മരിച്ചിരുന്നു. ജയജിത്തിന്‍റെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. തെളിവുകൾ ശേഖരിക്കാൻ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള ഒരു സംഘത്തെ വിളിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News