ബി.ജെ.പിക്ക് 400 സീറ്റുകൾ നേടാനായില്ല; ടി.വി നിലത്തിട്ട് പൊട്ടിച്ച് രാഷ്ട്രീയ ഹിന്ദു പരിഷത്ത് നേതാവ്
400 സീറ്റ് എന്ന മോദിയുടെ അവകാശവാദത്തിന് അടുത്ത് പോലും എത്തിയില്ലെന്ന് മാത്രമല്ല ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചതുമില്ല
ആഗ്ര: 400 സീറ്റ് നേടാനാവാത്തതിന്റെ വിഷമത്തിൽ ടെലിവിഷൻ നിലത്തിട്ട് പൊട്ടിച്ച് രാഷ്ട്രീയ ഹിന്ദു പരിഷത്ത് പ്രസിഡന്റ് ഗോവിന്ദ് പരാശർ. ഉത്തർപ്രദേശിലെ ആഗ്രയിലെ ഓഫീസിലെ ടി.വിയാണ് തലിപ്പൊളിച്ചത്. തെരഞ്ഞെടുപ്പ് ഫലം കാണുന്നതിനിടൊണ് ഇയാൾ ടി.വി എടുത്ത് നിലത്തിടുന്നത്. എന്നിട്ടും ദേഷ്യം തീരാത്തതിന് ടിവിയിൽ കയറി ചവിട്ടുന്നുമുണ്ട്. ആ സമയം എൻ.ഡി.എക്ക് 296ഉം ഇൻഡ്യ സഖ്യത്തിന് 229 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. രണ്ട് പ്രവർത്തകർ വന്ന് അദ്ദേഹത്തെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
എക്‌സിറ്റ് പോൾ പ്രവചനങ്ങളെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രകടനം. 400 സീറ്റ് എന്ന മോദിയുടെ അവകാശവാദത്തിന് അടുത്ത് പോലും എത്തിയില്ലെന്ന് മാത്രമല്ല ഒറ്റ്ക്ക് ഭൂരിപക്ഷം ലഭിച്ചതുമില്ല. ഏറ്റവും ഒടുവിലെ കണക്കുപ്രകാരം 240 ഇടങ്ങളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. എൻ.ഡി.എ ആകട്ടെ 291 സീറ്റുകളിലും. 234 സീറ്റുകളിലാണ് ഇൻഡ്യ സഖ്യം ലീഡ് ചെയ്യുന്നത്.
ബി.ജെ.പി ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ഉത്തർപ്രദേശിൽ അടിതെറ്റി. 2019ലെ വമ്പൻ നേട്ടം ആവർത്തിക്കാൻ ബി.ജെ.പിക്ക് ആയില്ല. ഇൻഡ്യ സഖ്യമാണ് ഉത്തർപ്രദേശിൽ നേട്ടമുണ്ടാക്കിയത്. 41 ഇടത്താണ് സംഖ്യം ലീഡ് ചെയ്യുന്നത്. ഇതിൽ 37 ഇടത്ത് ലീഡ് ചെയ്യുന്നത് സമാജ്‌വാദി പാർട്ടിയും ആറ് ഇടത്ത് മുന്നിട്ട് നിൽക്കുന്നത് കോൺഗ്രസുമാണ്. 33 സീറ്റിലേക്ക് ബി.ജെ.പി ഒതുങ്ങി. അമേഠിയിൽ വിജയിക്കുമെന്ന എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിച്ച സ്മൃതി ഇറാനി അടപടലം വീണപ്പോൾ സാക്ഷാൽ മോദിയുടെ ഭൂരിപക്ഷം വരെ കുറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് പോകും മുമ്പെ, 400 സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്ന് മോദിയും ബി.ജെ.പിയും അവകാശപ്പെട്ടിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങൾ പിന്നിട്ടപ്പോൾ തന്നെ മോദിയും ബി.ജെ.പിയും 400ലെ അവകാശവാദത്തിൽ നിന്ന് പിന്നോട്ട് പോയിരുന്നു. പിന്നെയാണ് വിദ്വേഷ പരാമര്‍ശങ്ങളിലേക്ക് എത്തുന്നത്.
Watch Video