ഡിഎൻഎ ടെസ്റ്റിന് നിർബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ ലംഘനം: സുപ്രീംകോടതി

ബന്ധം തെളിയിക്കാൻ മറ്റു തെളിവുകളുണ്ടെങ്കിൽ ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടേണ്ടതില്ലെന്ന് കോടതി

Update: 2021-10-02 05:50 GMT
Advertising

ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറല്ലാത്തവരെ നിർബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്‍റെയും സ്വകാര്യതയ്ക്കുമുള്ള അവകാശത്തിന്‍റെയും ലംഘനമാണെന്ന് സുപ്രീംകോടതി. ബന്ധം തെളിയിക്കാൻ മറ്റു തെളിവുകളുണ്ടെങ്കിൽ ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടേണ്ടതില്ലെന്നും ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡിയുടെയും ഋഷികേശ് റോയിയുടെയും ബെഞ്ച് നിരീക്ഷിച്ചു.

ഹരിയാന സ്വദേശികളായ അന്തരിച്ച ത്രിലോക് ചന്ദ് ഗുപ്തയുടെയും സോനാ ദേവിയുടെയും മകനാണെന്ന് അവകാശപ്പെട്ട് സ്വത്തിൽ അവകാശവാദവുമായി അശോക് കുമാർ എന്നയാള്‍ ഹരജി നല്‍കിയതിനെ തുടര്‍ന്നാണ് ഈ സംഭവവികാസങ്ങള്‍. ദമ്പതിമാരുടെ പെൺമക്കളാണ് കേസിലെ എതിർകക്ഷികൾ. ബന്ധം തെളിയിക്കാൻ അശോക് കുമാറിനെ ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പെൺമക്കൾ ആവശ്യപ്പെട്ടു. അവകാശവാദം തെളിയിക്കാൻ ആവശ്യത്തിന് രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അശോക് കുമാർ എതിർത്തു. പരിശോധനയ്ക്ക് നിർബന്ധിക്കാനാവില്ലെന്ന് വിചാരണക്കോടതി വിധിച്ചു. വിചാരണക്കോടതി വിധി തള്ളി ഹൈക്കോടതി ഡി.എൻ.എ പരിശോധന നടത്താൻ ഉത്തരവിട്ടു. ഈ കോടതി വിധിക്കെതിരെയുള്ള ഹരജിയാണ് സുപ്രീംകോടതിയിലെത്തിയത്.

സ്വത്തുതര്‍ക്കത്തില്‍ ഒരാളെ അയാളുടെ താത്പര്യത്തിന് വിരുദ്ധമായി ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കാമോ, സമ്മതമില്ലാത്ത വ്യക്തിയെ പരിശോധനയ്ക്ക് നിർബന്ധിക്കാമോ തുടങ്ങിയ കാര്യങ്ങളാണ് കോടതി പരിശോധിച്ചത്. വ്യക്തികളെ തിരിച്ചറിയാനും ബന്ധങ്ങള്‍ തെളിയിക്കാനും ഡിഎന്‍എ പരിശോധന നടത്താം. പക്ഷേ വസ്തുത പുറത്തുവരേണ്ടതിന്റെ ആവശ്യകത, സാമൂഹ്യ പ്രത്യാഘാതങ്ങൾ എന്നിവയെല്ലാം പരിഗണിച്ചുവേണം ഇതുപോലുള്ള കേസിൽ തീരുമാനമെടുക്കാനെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News