കെ-റെയിൽ ഡിപിആറിൽ കാര്യമായ പിഴവുണ്ടെന്ന് റെയിൽവേ മുൻ എഞ്ചിനീയർ അലോക് വർമ
''റെയിൽവേ പാളവുമായി യോജിച്ച് പോകാവുന്ന പദ്ധതിയാണ് ഉചിതം. ചെലവ് വളരെയധികം കുറയും. സ്ഥലമേറ്റെടുപ്പ് പകുതിയായി കുറയും''
ന്യൂഡല്‍ഹി: കെ-റെയിൽ സമർപ്പിച്ച വിശദമായ പദ്ധതി രേഖയിൽ കാര്യമായ പിഴവ് ഉണ്ടെന്ന് റെയിൽവേ മുൻ എൻജിനിയർ അലോക് വർമ്മ. കാതലായ മാറ്റം വരുത്തി പിഴവ് തിരുത്തിയാൽ പദ്ധതി പ്രാവർത്തികമാകുമെന്നും അലോക് വർമ്മ മീഡിയവണിനോട് പറഞ്ഞു
Watch Video Report
'റെയിൽവേ പാളവുമായി യോജിച്ച് പോകാവുന്ന പദ്ധതിയാണ് ഉചിതം. ചെലവ് വളരെയധികം കുറയും. സ്ഥലമേറ്റെടുപ്പ് പകുതിയായി കുറയും. ദീർഘദൂര യാത്രയ്ക്ക് ഉപകരിക്കും. മികച്ചത് ബ്രോഡ്ഗേജ് തന്നെയാണ്. പ്രളയസാധ്യതയുള്ള സ്ഥലങ്ങളിൽ അടക്കം പഠനം നടത്തണം. ചെലവ് പകുതിയാകും എന്ന് മാത്രമല്ല, യാത്രക്കാരുടെ എണ്ണം ഇരട്ടിയാകും. സ്റ്റാൻഡേഡ് ഗേജ് ചെറിയപാതയാണ്, ചെലവ് കൂടുതലും'- അലോക് വര്‍മ്മ പറഞ്ഞു.
''2022ൽ റെയിൽവേ മന്ത്രിക്ക് എഴുതിയ കത്തിൽ ബ്രോഡ്ഗേജ് ആക്കുന്ന വിവരം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭൂമിശാസ്ത്രമായ ഒരു പഠനവും നേരത്തെ ഡിപിആറിൽ നൽകിയില്ല. കെട്ടിച്ചമച്ചതും അസംബന്ധം നിറഞ്ഞതുമായ റിപ്പോര്‍ട്ട് ആണ് നേരത്തെ സമർപ്പിച്ചത്. യാത്രക്കാരുടെ എണ്ണം പെരുപ്പിച്ച് കാട്ടിയതാണ്. ഡിപിആര്‍ തിരുത്താൻ പറഞ്ഞത് പുതിയ തുടക്കമാണ്. ഡിപിആർ നേരത്തെ സമർപ്പിച്ച ഏജൻസിക്ക് ചെയ്യാനാവില്ല''- അലോക് വര്‍മ്മ പറഞ്ഞു.
''ബ്രോഡ്ഗേജിലേക്ക് മാറിയാൽ 80-90 ശതമാനം തുക കേന്ദ്രം ചെലവഴിക്കും. കേരളത്തിന് അതാണ് നല്ലത്. നേരത്തെ സമരം ചെയ്ത ജനങ്ങളെ അഭിനന്ദിക്കുന്നു''- അലോക് വര്‍മ്മ പറഞ്ഞു.