ഒഡിഷയിൽ വൻ സ്വര്‍ണ നിക്ഷേപം; 18 ഇടങ്ങളിൽ സ്വര്‍ണക്കൂമ്പാരം, ഖനന നടപടികൾ ഉടൻ
കിയോഞ്ജർ, മയൂർഭഞ്ച്, സുന്ദർഗഡ്, കോരാപുട്ട്, മൽക്കൻഗിരി, നബരംഗ്പൂർ, ബൗധ്, അംഗുൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു


ഭുവനേശ്വര്‍: ഒഡിഷയിൽ വൻ സ്വര്‍ണ ശേഖരം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 18 ഇടങ്ങളില്‍ വന്‍ തോതിൽ സ്വര്‍ണ നിക്ഷേപം ഉണ്ടെന്ന് ജിയോളജിക്കൽ സര്‍വെയിലാണ് കണ്ടെത്തിയത്.സംസ്ഥാനത്തെ ഒന്നിലധികം ജില്ലകളില്‍ സ്വർണ നിക്ഷേപം ഉണ്ടെന്ന് ഒഡീഷ ഖനി വകുപ്പ് മന്ത്രി ബിഭൂതി ഭൂഷൺ ജെന കഴിഞ്ഞ ദിവസം നിയമസഭയില്‍ അറിയിച്ചു. അവയിൽ പലതും ആദിവാസികൾ കൂടുതലുള്ളതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ മേഖലയാണ്. കിയോഞ്ജർ, മയൂർഭഞ്ച്, സുന്ദർഗഡ്, കോരാപുട്ട്, മൽക്കൻഗിരി, നബരംഗ്പൂർ, ബൗധ്, അംഗുൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ), സംസ്ഥാന ജിയോളജിക്കൽ വകുപ്പുമായി സഹകരിച്ച് പഠനം നടത്തിയിരുന്നു. ധാതു സമ്പന്നമായ കിയോഞ്ജർ ജില്ലയിൽ ഉയർന്ന നിലവാരമുള്ള പ്ലാറ്റിനം നിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കിയോഞ്ജർ ജില്ലയിലെ അരാദംഗി, ദിമിർമുഡ, തെൽകോയി, ഗോപുര, ഗജൈപൂർ, സലീക്കാന, സിംഗ്പൂർ, കുസകല എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ സ്വർണ നിക്ഷേപം കണ്ടെത്തിയത്. കൂടാതെ, മയൂർഭഞ്ച് ജില്ലയിലെ സുലൈപത്, സുരുഡ, ജാഷിപൂർ, സുരിയഗുഡ പ്രദേശങ്ങളിലും ഗണ്യമായ സ്വർണ ശേഖരം കണ്ടെത്തിയിട്ടുണ്ട്.
ജിഎസ്‌ഐ മുമ്പ് കോപ്പറിനായി (ചെമ്പ്) നടത്തിയ ജി-2 ലെവൽ പര്യവേക്ഷണത്തിനിടെ ദിയോഗഡിലെ അഡാസ- രാംപള്ളി മേഖലയിൽ സ്വർണ്ണശേഖരം കണ്ടെത്തിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം കിയോഞ്ജർ ജില്ലയിലെ ഗോപൂർ- ഗാസിപൂർ, മങ്കാഡ്ചുവാൻ, സലേക്കാന, ദിമിരിമുണ്ട മേഖലകളിൽ സ്വർണ പര്യവേക്ഷണം പുരോഗമിക്കുകയാണ്.
ദിയോഗഢിലെ ആദ്യത്തെ സ്വർണ്ണ ഖനന ബ്ലോക്ക് ലേലം ചെയ്യാൻ ഒഡീഷ തയ്യാറെടുക്കുന്നുവെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. സംസ്ഥാനത്തിന്റെ ധാതു മേഖലയ്ക്ക് ഇത് ഒരു സുപ്രധാന നാഴികക്കല്ലായാണ് വിലയിരുത്തുന്നത്. കിയോഞ്ജറിലെ മങ്കാഡ്ചുവാൻ, സലേക്കാന, ദിമിരിമുണ്ട എന്നിവിടങ്ങളിൽ സ്വർണ ഖനന സാധ്യതകൾ വിലയിരുത്തുന്നതിനായി ജിഎസ്‌ഐയും ഒഡീഷ മൈനിംഗ് കോർപ്പറേഷനും കൂടുതൽ അന്വേഷണങ്ങൾ നടത്തി വരികയാണ്.
സാങ്കേതിക സമിതികളുടെ അന്തിമ പര്യവേക്ഷണ റിപ്പോർട്ടുകൾ അവലോകനം ചെയ്ത ശേഷം വാണിജ്യവൽക്കരണ ശ്രമങ്ങൾ ആരംഭി്ക്കാനാണു തീരുമാനം. ദിയോഗഢിലെ ജലദിഹി മേഖലയിലെ ചെമ്പ്, സ്വർണ നിക്ഷേപങ്ങൾ ജിഎസ്‌ഐ പര്യവേക്ഷണം ചെയ്തുവരികയാണ്. ഇവിടത്തെ ഫലങ്ങൾ ഉടൻ പ്രതീക്ഷിക്കുന്നുണ്ട്. കിയോഞ്ജർ മേഖലയിലെ ഗോപൂർ- ഗാസിപൂർ നിക്ഷേപങ്ങൾ ലേലം ചെയ്യുന്നതിനു മുമ്പ് അളവ് വിലയിരുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഒഡിഷയിസെ സ്വര്‍ണശേഖരം കണ്ടെത്തുന്നതിനായുള്ള ആദ്യ ഏരിയൽ സര്‍വെ 2007ലാണ് ആരംഭിച്ചത്. ഈ ധാതു വിഭവങ്ങൾ പര്യവേക്ഷണം ചെയ്യാനും വേർതിരിച്ചെടുക്കാനും അനുമതി തേടി 18 സ്വകാര്യ കമ്പനികൾ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, സ്വകാര്യ സംരംഭങ്ങളിൽ നിന്ന് താൽപര്യം ഉണ്ടായിരുന്നിട്ടും ഖനന പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ഇതുവരെ ഔദ്യോഗിക അനുമതി നൽകിയിട്ടില്ല.അതേസമയം, ഒഡിഷയിലെ വജ്ര ശേഖരത്തിനായുള്ള തിരച്ചിലും പ്രതീക്ഷ നൽകുന്നുണ്ട്. സംസ്ഥാനത്തെ വജ്ര നിക്ഷേപത്തിനുള്ള സാധ്യതകൾ വിലയിരുത്തുന്നതിനായി ലോകത്തിലെ മുൻനിര വജ്ര ഉത്പാദകരായ ഡി ബിയേഴ്സ് 2010 ജനുവരിയിൽ ഒരു സർവേ നടത്തിയിരുന്നു.