പെട്രോളിന്റെയും ഡീസലിന്റെയും നികുതി; കേന്ദ്ര സര്‍ക്കാരിനുണ്ടായ വരുമാന വര്‍ധന 88 ശതമാനം

2021-22 സാമ്പത്തിക വര്‍ഷം പെട്രോള്‍ വില 39 തവണയും ഡീസല്‍ വില 36 തവണയും കൂട്ടിയതായി മന്ത്രി പറഞ്ഞു. പെട്രോള്‍ വില കുറച്ചത് ഒരു തവണയാണ്. ഡീസല്‍ വില രണ്ടു തവണ കുറച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു

Update: 2021-07-19 12:11 GMT
Editor : ubaid
Advertising

പെട്രോളിന്റെയും ഡീസലിന്റെയും നികുതി പിരിവിലൂടെ ഈ വര്‍ഷം കേന്ദ്ര സര്‍ക്കാരിനുണ്ടായ വരുമാന വര്‍ധന 88 ശതമാനം. ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഓട്ടോ ഇന്ധന നികുതിയായി കേന്ദ്രം പിരിച്ചെടുത്തത് 3.35 ലക്ഷം കോടി രൂപയാണ്. പെട്രോളിന്റെ തീരുവ 19.98 രൂപയില്‍നിന്ന് 32.9 രൂപയും ഡീസലിന്റെ നികുതി 15.83 രൂപയില്‍നിന്ന് 31.8 രൂപയുമാണ് കഴിഞ്ഞ വര്‍ഷം കൂട്ടിയത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കൂത്തനെ ഇടിഞ്ഞപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ നികുതി ഉയര്‍ത്തിയത്. ഇതിലൂടെ വിലയിടിവിന്റെ ആനുകൂല്യം ജനങ്ങള്‍ക്കു നല്‍കാതെ അധിക വരുമാനം കണ്ടെത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്.

കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 3.35 ലക്ഷം കോടി രൂപയാണ് ഇന്ധന നികുതിയായി കേന്ദ്രത്തിനു ലഭിച്ചത്. തൊട്ടു മുന്‍ വര്‍ഷം ഇത് 1.78 ലക്ഷം കോടി ആയിരുന്നെന്ന് പെട്രോളിയം സഹമന്ത്രി രാമേശ്വര്‍ തേലി ലോക്‌സഭയെ അറിയിച്ചു. നികുതി കൂടുതല്‍ ലഭിച്ചെങ്കിലും പോയ വര്‍ഷം കോവിഡ് വ്യാപനവും തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണും കാരണ രാജ്യത്ത് ഇന്ധന വില്‍പ്പന കുറവായിരുന്നു.  2021-22 സാമ്പത്തിക വര്‍ഷം പെട്രോള്‍ വില 39 തവണയും ഡീസല്‍ വില 36 തവണയും കൂട്ടിയതായി മന്ത്രി പറഞ്ഞു. പെട്രോള്‍ വില കുറച്ചത് ഒരു തവണയാണ്. ഡീസല്‍ വില രണ്ടു തവണ കുറച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

നേരത്തെ പെട്രോളിന്റെ കേന്ദ്ര എക്‌സൈസ് തീരുവ ഇരട്ടിയോളവും ഡീസലിന്റേത് ഇരട്ടിയിലധികവുമായി ആറ് വര്‍ഷംകൊണ്ട് വര്‍ധിപ്പിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍  കെ.പി.സി.സി അധ്യക്ഷനും എംപിയുമായ കെ.സുധാകരന്‍ ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കിയിരുന്നു. സെസ്സടക്കം ബ്രാന്‍ഡഡ് പെട്രോളിന് ലിറ്ററിന് സെന്‍ട്രല്‍ എക്‌സൈസ് ഡ്യൂട്ടി 34.10 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ ഈടാക്കുന്നത്. ബ്രാന്‍ഡഡ് അല്ലാത്ത പെട്രോളിന് ലിറ്ററിന് 32.90 രൂപയും ഈടാക്കുന്നു.

2015-ല്‍ ബ്രാന്‍ഡഡ് പെട്രോളിന് 18.64 രൂപയും ബ്രാന്‍ഡഡ് അല്ലാത്ത പെട്രോളിന് ലിറ്ററിന് 17.46 രൂപയുമാണ് കേന്ദ്ര എക്‌സൈസ് തീരുവയായി ഈടാക്കിയിരുന്നത്. ഡീസലിന് നിലവില്‍ ബ്രാന്‍ഡിന് 34.20 രൂപയും ബ്രാന്‍ഡ് അല്ലാത്തതിന് 31.80 രൂപയുമാണ് ലിറ്ററിന് എക്‌സൈസ് തീരുവ. ഇത് യഥാക്രമം 2015-ല്‍ 12.62 രൂപയും 10.26 രൂപയുമായിരുന്നു നികുതി. 'ബിജെപിയെ രണ്ടു തവണ തിരഞ്ഞെടുത്തു. അവര്‍ നിങ്ങളുടെ നികുതി ഇരട്ടിയാക്കി'യെന്ന് കെ.സുധാകരന്‍ ഇത് സംബന്ധിച്ച് ട്വിറ്ററില്‍ പ്രതികരിച്ചു. 

Tags:    

Editor - ubaid

contributor

Similar News