കല്യാണത്തിന് മീനില്ല; പന്തലിൽ അടി, വിവാഹം വേണ്ടെന്ന് വരന്റെ കുടുംബം
സുഷ്മ-അഭിഷേക് ശർമ വിവാഹത്തിൽ വരണമാല്യം അണിയുന്ന ചടങ്ങ് വരെ കാര്യങ്ങൾ വളരെ ഭംഗിയായിരുന്നു
ലഖ്‌നൗ: പനീർ 65, വെജിറ്റബിൾ പുലാവ്, ഇല നിറയുന്നത്ര കറികൾ... ഒരു വിവാഹം കേമമാക്കാൻ ഇതൊക്കെ പോരെ...
പക്ഷേ യുപിയിലൊരു കല്യാണത്തിൽ വരന്റെ കൂട്ടർക്ക് ഈ സദ്യ അത്ര പിടിച്ചില്ല. കാരണം, അവർ പ്രതീക്ഷിച്ച രണ്ട് കാര്യങ്ങൾ ആ സദ്യയിലുണ്ടായിരുന്നില്ല- മീനും ഇറച്ചിയും. മീനില്ലാഞ്ഞതിനാൽ വെറുതേ മുഖം വീർപ്പിച്ച് ഇവർ കല്യാണം നടത്തി പോയി എന്ന് കരുതേണ്ട. വധുവിന്റെ ബന്ധുക്കളെ തലങ്ങും വിലങ്ങും തല്ലി, കല്യാണം വേണ്ടെന്ന് വെച്ചാണ് വരന്റെ കൂട്ടർ മടങ്ങിയത്. തുടർന്ന് വധുവിന്റെ ബന്ധുക്കൾ പൊലീസിൽ പരാതിയും നൽകി.
യുപിയിലെ ദിയോറിയ ജില്ലയിലെ ആനന്ദ് നഗറിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. സുഷ്മ-അഭിഷേക് ശർമ വിവാഹത്തിൽ വരണമാല്യം അണിയുന്ന ചടങ്ങ് വരെ കാര്യങ്ങൾ വളരെ ഭംഗിയായിരുന്നു. സുപ്രധാനമായ ഈ ചടങ്ങിന് ശേഷം സദ്യ വെജിറ്റേറിയൻ ആണെന്ന് ആരോ അഭിഷേകിനെ അറിയിച്ചു. ഉടനെ തുടങ്ങിയില്ലേ പൂരം...
വിവാഹസ്റ്റേജിൽ തുടങ്ങിയ മുറുമുറുപ്പ് കൂട്ടത്തല്ലിലാണ് കലാശിച്ചത്. അഭിഷേകും പിതാവ് സുരേന്ദ്രയുമായിരുന്നു തല്ലുണ്ടാക്കാൻ മുന്നിൽ. സദ്യക്ക് നോൺ വെജ് വിഭവങ്ങൾ ഇല്ലെന്നറിഞ്ഞ വരനും പിതാവും അസഭ്യം പറയാൻ തുടങ്ങിയപ്പോൾ താൻ ചോദ്യം ചെയ്‌തെന്നും ഇത് ഇഷ്ടപ്പെടാഞ്ഞ വരന്റെ കൂട്ടർ വടിയും മറ്റുമായി തല്ലിയെന്നും വധുവിന്റെ പിതാവ് പറയുന്നു. കല്യാണത്തിന് വരന്റെ കൂട്ടർ സ്ത്രീധനമായി അഞ്ച് ലക്ഷം വാങ്ങി എന്നാണ് വധുവിന്റെ കുടുംബം ആരോപിക്കുന്നത്. 4.5 ലക്ഷം രൂപ കാർ വാങ്ങാനും 20000 രൂപ സ്വർണാഭരണങ്ങൾ എടുക്കാനും നൽകിയിട്ടുണ്ടെന്ന് വധുവിന്റെ പിതാവ് ദിനേശ് ശർമ വ്യക്തമാക്കുന്നുമുണ്ട്.
എന്തായാലും അണിഞ്ഞൊരുങ്ങിയെത്തിയ അതിഥികൾ കമ്പും വടിയുമായി തലങ്ങും വിലങ്ങും പായുന്നതും മേശയും കസേരയുമെല്ലാം പറക്കുന്നതുമൊക്കെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.