'ഗോഡ്‌സെ ഗാന്ധിയെ വെടിവെച്ചില്ലായിരുന്നെങ്കിൽ ഹിന്ദുക്കളെല്ലാവരും ഇപ്പോൾ മക്കയിൽ പോയി നിസ്‌കരിക്കേണ്ടി വന്നേനെ'; വിദ്വേഷ പ്രസംഗങ്ങളുമായി ഹിന്ദുത്വ സമ്മേളനം

മുംബ്രയിലെ മുസ്‌ലിം ഖബർസ്ഥാനുകൾ നശിപ്പിക്കണമെന്നും വനംവകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ലെങ്കിൽ, കർസേവകർ ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും ഒരു പ്രഭാഷകൻ ഭീഷണിപ്പെടുത്തി.

Update: 2023-05-01 16:10 GMT
Advertising

താനെ: മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രസം​ഗങ്ങളുമായി ഹിന്ദുത്വ സംഘടനാ സമ്മേളനം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ദൈഘർഗാവിൽ സകാൽ ഹിന്ദു സമാജ് എന്ന ഹിന്ദുത്വ സംഘടന സംഘടിപ്പിച്ച ഹിന്ദു ജൻജാഗരൺ ധർമസഭയിലാണ് മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗവുമായി വിവിധ സന്യാസിമാരും നേതാക്കളും രം​ഗത്തെത്തിയത്.

മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെയെ രാജ്യത്ത് ഇപ്പോഴും ഹിന്ദുക്കൾ ആധിപത്യം പുലർത്തുന്നതിന്റെ ഏക കാരണമായി ചൂണ്ടിക്കാട്ടിയ പ്രസം​ഗകരിൽ ഒരാളായ മുനി നിലേഷ് ചന്ദ്ര മഹാരാജ്, ​ഗോഡ്‌സെ ഗാന്ധിയുടെ നെഞ്ചിൽ വെടിവച്ചില്ലായിരുന്നെങ്കിൽ ഹിന്ദു സമൂഹം മുഴുവൻ ഇപ്പോൾ മക്കയിലും മദീനയിലും പോയി നിസ്‌കരിക്കേണ്ടി വരുമായിരുന്നു എന്നും പറഞ്ഞു.

മുസ്‌ലിം ലീ​ഗിന്റെയുൾപ്പെടെ പതാകയിൽ കാണുന്ന ചന്ദ്രക്കലയേയും നക്ഷത്രത്തേയും മുൻനിർത്തി, നക്ഷത്രങ്ങളോടും ചന്ദ്രനോടും മാത്രമായിരുന്നു ഗാന്ധിജിക്ക് താൽപര്യമെന്നും മുനി നിലേഷ് ചന്ദ്ര പറഞ്ഞു. ​ഗാന്ധിയെ വധിച്ചില്ലായിരുന്നെങ്കിൽ അദ്ദേഹത്തിലൂടെ ഹിന്ദുക്കളെല്ലാവരും മുസ്‌ലിംകളായേനെ എന്നാണ് മുനി നിലേഷ് ചന്ദ്ര മഹാരാജിന്റെ പരാമർശത്തിന്റെ ഉദ്ദേശം.

ഭരതാനന്ദ് സരസ്വതി മഹാരാജിനെപ്പോലുള്ള മറ്റ് പ്രഭാഷകർ, മുസ്‌ലിം പുരുഷന്മാരിൽ നിന്ന് സ്വയം സംരക്ഷിക്കാൻ ഹിന്ദു സ്ത്രീകൾ ആയുധം കൈവശം വയ്ക്കണമെന്നും പറഞ്ഞു. മുസ്‌ലിംകളാണ് കോവിഡ് പരത്തിയതെന്ന് ആരോപിച്ച ഇയാൾ, മുംബ്രയിലെ മുസ്‌ലിം ശ്മശാനങ്ങൾ നശിപ്പിക്കണമെന്നും വനംവകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ലെങ്കിൽ കർസേവകർ ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.

മുസ്‌ലിംകൾക്കും കേരളത്തിനുമെതിരെ വർ​ഗീയ-വിദ്വേഷ ഉള്ളടക്കങ്ങളോടെയും ലൗജിഹാദിലൂടെ 32000 ഹിന്ദു പെൺകുട്ടികളെ മതംമാറ്റി ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തു എന്നുള്ള വ്യാജ പ്രചരണവുമായും രം​ഗത്തെത്തുന്ന ഹിന്ദി സിനിമയായ 'ദി കേരള സ്റ്റോറി' കാണാനും ഇയാൾ സദസിനോട് ആഹ്വാനം ചെയ്തു. അതേസമയം, വിദ്വേഷ പ്രസം​ഗങ്ങളിൽ കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News