കുവൈത്ത് യാത്രാനുമതി നിഷേധിച്ച കേന്ദ്ര നടപടി അങ്ങേയറ്റം നിർഭാഗ്യകരം; മന്ത്രി വീണാ ജോർജ്
കേന്ദ്രം അനുമതി നിഷേധിച്ചതിന് പിന്നാലെ മന്ത്രി കുവൈത്ത് യാത്ര ഉപേക്ഷിച്ചിരുന്നു.
കൊച്ചി: തീപിടിത്ത ദുരന്തമുണ്ടായി 23 മലയാളികൾ മരിച്ച കുവൈത്തിലേക്ക് പോവാനുള്ള യാത്രയ്ക്ക് അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്ത്. കേന്ദ്ര തീരുമാനം അങ്ങേയറ്റം നിർഭാഗ്യകരമെന്ന് മന്ത്രി നെടുമ്പാശേരിയിൽ പറഞ്ഞു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം പൊളിറ്റിക്കൽ ക്ലിയറൻസ് നൽകേണ്ടതായിരുന്നു. എന്നാൽ ആ അനുമതി കേന്ദ്രം നൽകിയില്ല. ഈ ദുരന്തത്തിനും ദുഃഖത്തിനും കണ്ണീരിനും മുന്നിൽ കേരളത്തോട് ഇത്തരമൊരു സമീപനം സ്വീകരിച്ചത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്രം അനുമതി നിഷേധിച്ചതിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കുവൈത്ത് യാത്ര ഉപേക്ഷിച്ചിരുന്നു. ഒമ്പത് മണിയുടെ വിമാനത്തിൽ കുവൈത്തിലേക്ക് പോവാനാണ് മന്ത്രി കൊച്ചിയിൽ എത്തിയത്. എന്നാൽ അനുമതി ലഭിക്കാതായതോടെ മടങ്ങുകയായിരുന്നു.
അതേസമയം, കുവൈത്ത് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും. നാളെ രാവിലെ എട്ടരയോടെയാണ് മൃതദേഹങ്ങൾ എത്തിക്കുക.