യുപി മീററ്റിൽ സ്വകാര്യ സർവകലാശാലയുടെ മൈതാനത്ത് നിസ്‌കരിച്ച വിദ്യാർഥി അറസ്റ്റിൽ
മതവികാരം വ്രണപ്പെടുത്തി എന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ തുറന്ന സ്ഥലത്ത് നിസ്‌കരിച്ച വിദ്യാർഥി അറസ്റ്റിൽ. പ്രദേശത്തെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് ഖാലിദ് പ്രധാൻ എന്ന വിദ്യാർഥിയെ അറസ്റ്റ് ചെയ്ത്. സ്വകാര്യ സർവകലാശാലയായ ഐഐഎംടിയുടെ മൈതാനത്ത് ഹോളി ദിനത്തിൽ വിദ്യാർഥി നിസ്‌കരിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥിയെയും മൂന്ന് സുരക്ഷാ ജീവനക്കാരെയും നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.
കാർത്തിക് ഹിന്ദു എന്ന വ്യക്തിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഗംഗാ നഗർ എസ്എച്ച്ഒ അനൂപ് സിങ് പറഞ്ഞു. ഭാരതീയ ന്യായ സംഹിത സെക്ഷൻ 299 (ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെയോ വിശ്വാസത്തെയോ അപമാനിക്കാനും മതവികാരത്തെ വ്രണപ്പെടുത്താനും ഉദ്ദേശിച്ച് മനപ്പൂർവമുള്ള പ്രവൃത്തി), ഐടി ആക്ടിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തത്.
സാമുദായിക സൗഹാർദം തകർക്കാൻ ലക്ഷ്യമിട്ടാണ് പൊതുസ്ഥലത്ത് നിസ്‌കരിക്കുകയും അതിന്റെ വീഡിയോ അപ്‌ലോഡ് ചെയ്യുകയും ചെയ്തതെന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നതായി സർവകലാശാല വക്താവ് പറഞ്ഞു.