ചരിത്രത്തിൽ ആദ്യം; കര, നാവിക സേനാ മേധാവിമാരായി സഹപാഠികൾ

സ്‌കൂളിലെ ആദ്യ നാളുകൾ മുതൽ ഇരുവരും തമ്മിൽ ദൃഢബന്ധമായിരുന്നു. പിന്നീട് വ്യത്യസ്ത സേനകളിൽ ആയിരുന്നെങ്കിലും എല്ലായ്‌പ്പോഴും ബന്ധം തുടർന്നു.

Update: 2024-06-30 06:07 GMT
Advertising

ന്യൂഡൽഹി: ഒരേ ക്ലാസിൽ പഠിച്ചവർ പതിറ്റാണ്ടുകൾക്ക് ശേഷം പലയിടത്തും ഒരുമിച്ച് ജോലി ചെയ്യാറുണ്ട്. സ്വകാര്യമേഖലയിൽ അതൊരു പുതുമയുള്ള കാര്യമല്ലെങ്കിലും പൊതുമേഖലയിലും സർക്കാർ സംവിധാനങ്ങളിലുമൊക്കെ അത്തരം ഒരുമിക്കലുകൾ വാർത്തയാവാറുണ്ട് താനും. പക്ഷേ, അത്തരമൊരു കൂടിച്ചേരൽ ചരിത്രപരമായ ഒന്നാവുന്നത് വിരളമാണ്. എന്നാൽ, അങ്ങനൊന്നാണ് ഇപ്പോൾ ഇന്ത്യൻ സൈന്യത്തിൽ സംഭവിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ കരസേനയുടെയും നാവിക സേനയുടേയും മേധാവിമാരായി സഹപാഠികൾ എത്തിയിരിക്കുന്നു. കരസേനാ മേധാവി ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് ത്രിപാഠി എന്നിവർ ഒരേ ക്ലാസിൽ പഠിച്ചവരാണ്. സേനയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരുമിച്ച് ഒരേ ക്ലാസിൽ പഠിച്ചവർ ഒരേ സമയം രണ്ട് വിഭാ​ഗത്തിന്റെ തലപ്പത്തെത്തുന്നത്.

മധ്യപ്രദേശിലെ രേവയിലെ സൈനിക സ്കൂളിലാണ് അഞ്ചാം ക്ലാസ് മുതൽ ഇരുവരും ഒരുമിച്ച് പഠിച്ചത്. 1970കളിലായിരുന്നു ഇത്. അടുത്തടുത്ത റോൾ നമ്പറുകളായിരുന്നു ഇരുവരുടേതും. ലഫ്. ജനറൽ ദ്വിവേദിയുടേത് 931ഉം അഡ്മിറൽ ത്രിപാഠിയുടേത് 938ഉം. സ്‌കൂളിലെ ആദ്യ നാളുകൾ മുതൽ ഇരുവരും തമ്മിൽ ദൃഢബന്ധമായിരുന്നു. പിന്നീട് വ്യത്യസ്ത സേനകളിൽ ആയിരുന്നെങ്കിലും എല്ലായ്‌പ്പോഴും ബന്ധം തുടർന്നു.

ഇരു സൈനിക മേധാവിമാരും തമ്മിലുള്ള ശക്തമായ സൗഹൃദം സേനകൾ തമ്മിലുള്ള പ്രവർത്തന ബന്ധം ശക്തിപ്പെടുത്താൻ വളരെയധികം സഹായിക്കുമെന്ന് ഇരുവരെയും അറിയാവുന്ന ഒരു പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് മാസത്തെ ഇടവേളയിലാണ് രണ്ട് സഹപാഠികളുടേയും സ്ഥാനാരോഹണം. അഡ്മിറൽ ത്രിപാഠി ഇന്ത്യൻ നാവികസേനാ കമാൻഡറായി മെയ് ഒന്നിന് ചുമതലയേറ്റെങ്കിൽ, ലഫ്. ജനറൽ ദ്വിവേദി ജൂൺ 30നാണ് സ്ഥാനമേൽക്കുന്നത്.

മനോജ് സി. പാണ്ഡെ ചുമതല ഒഴിയുന്ന സാഹചര്യത്തിലാണ് കരസേനാ ഉപമേധാവിയായ ദ്വിവേദിയുടെ നിയമനം. രാജ്യത്തിന്റെ 30ാമത്തെ കരസേനാ മേധാവിയായാണ് ഉപേന്ദ്ര ദ്വിവേദി ചുമതലയേൽക്കുക. 1964 ജൂലൈ ഒന്നിന് ജനിച്ച ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി 1984 ഡിസംബർ 15നാണ് ഇന്ത്യൻ ആർമിയുടെ ജമ്മു കശ്മീർ റൈഫിൾസിൽ സേവനമാരംഭിച്ചത്.

40 വർഷത്തെ സേവനത്തിനിടയിൽ ഇന്ത്യൻ സൈന്യത്തിൽ കമാൻഡ് ഓഫ് റെജിമെന്റ് (18 ജമ്മു കശ്മീർ റൈഫിൾസ്), ബ്രിഗേഡ് (26 സെക്ടർ അസം റൈഫിൾസ്), ഡി.ഐ.ജി, അസം റൈഫിൾസ് (ഈസ്റ്റ്), 9-കോർപ്സ് എന്നിങ്ങനെ വിവിധ മേഖലകളിൽ സേവനം ചെയ്തിട്ടുണ്ട്. കരസേനാ ഉപമേധാവിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് 2022 മുതൽ 2024 വരെ നോർത്തേൺ കമാൻഡിന്റെ ഡയറക്ടർ ജനറൽ ഇൻഫൻട്രി, ജനറൽ ഓഫീസർ കമാൻഡിങ് ഇൻ ചീഫ് എന്നിവയുൾപ്പെടെ പ്രധാനപ്പെട്ട പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ​​

അതേസമയം, ഏപ്രിൽ 30ന് വിരമിച്ച അഡ്മിറൽ ആർ. ഹരികുമാറിന്റെ പിൻ​ഗാമിയായിട്ടാണ് അഡ്മിറൽ ത്രിപാഠി കരസേനാ മേധാവിയായി നിയമിതനായത്. 1964 മേയ് 15ന് ജനിച്ച ത്രിപാഠി, 1985 ജൂലൈയിലാണ് നാവികസേനയുടെ എക്സിക്യുട്ടീവ് ബ്രാഞ്ചിൽ ചേർന്നത്. കമ്യൂണിക്കേഷൻ ആൻഡ് ഇലക്‌ട്രോണിക് വാർഫെയർ വിദഗ്‌ധനാണ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News