സ്വാതന്ത്ര്യദിനം; ഫിദായീൻ ആക്രമണത്തിന് സാധ്യത; തലസ്ഥാനം കനത്ത ജാഗ്രതയിൽ
ഡൽഹിയിലോ പഞ്ചാബിലോ ആക്രമണത്തിന് ശ്രമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാജ്യ തലസ്ഥാനം കനത്ത ജാഗ്രതയിൽ. ജമ്മു കശ്മീർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ ഫിദായീൻ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇൻ്റലിജൻസ് വൃത്തങ്ങൾക്ക് വിവരം ലഭിച്ചു. ഡൽഹിയിലോ പഞ്ചാബിലോ ഫിദായീൻ ആക്രമണത്തിന് ശ്രമിച്ചേക്കുമെന്നാണ് വിവരം.
കനത്ത സുരക്ഷാ സാന്നിദ്ധ്യം കാരണം ആഗസ്ത് 15ന് ആക്രമണമുണ്ടായേക്കില്ല, പക്ഷേ ഒന്നോ രണ്ടോ ദിവസത്തിന് ശേഷ ഇതുണ്ടായേക്കാമെന്ന് വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ജമ്മുവിലെ കത്വ അതിർത്തി ഗ്രാമത്തിൽ ആയുധങ്ങളുമായി രണ്ട് അജ്ഞാതരുടെ നീക്കം അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. അവർ അടുത്തുള്ള നഗരമായ പത്താൻകോട്ടിലേക്ക് പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ജൂൺ ഒന്നിന് സ്‌ഫോടകവസ്തുക്കളുടെ ശേഖരം ജമ്മുവിലെ ഉൾപ്രദേശത്ത് എത്തിയതായും വരും ദിവസങ്ങളിൽ സുരക്ഷാ സ്ഥാപനങ്ങൾ, ക്യാമ്പുകൾ, വാഹനങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഈ സ്ഫോടകവസ്തുക്കൾ ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.
ചാരസംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയോടെ വിഘടനവാദികളും ഭീകരരും പഞ്ചാബ്, ജമ്മു കശ്മീരിന് സമീപമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സജീവമാണെന്ന് ഇൻ്റലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സ്വാതന്ത്ര്യദിനാഘോഷം, അമർനാഥ് യാത്ര എന്നിവ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഇവർ മുതിർന്നേക്കുമെന്നാണ് റിപ്പോർട്ട്.